ബജറ്റിലെ മുഖച്ചിത്രത്തില്‍ അയ്യങ്കാളിയ്ക്കും പഞ്ചമിയ്ക്കും ജീവന്‍ കൊടുത്ത ചിത്രകാരി പറയുന്നു

– രതി വി.കെ
ധനമന്ത്രി തോമസ് ഐസക് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചതിന് പിന്നാലെ 2019-20 കേരള ബഡ്ജറ്റിന്റെ കവര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. അയ്യങ്കാളിക്കൊപ്പം പഞ്ചമിയും നില്‍ക്കുന്ന ചിത്രം വളരെ വേഗത്തിലാണ് സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഏറ്റെടുത്തത്. ചിത്രത്തിന്റെ ചരിത്രം തേടി പോയപ്പോള്‍ ചിത്രകാരി ജലജ പി എസിന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ അന്വേഷണം എത്തിനിന്നു. നിരവധി പേര്‍ ജലജയ്ക്ക് ചിത്രം ടാഗ് ചെയ്തിരിക്കുന്നു. അഭിനന്ദനങ്ങള്‍ നിറഞ്ഞ ടൈംലൈന്‍. യുവതികള്‍ക്കെതിരായ ആര്‍ത്തവ അയിത്തത്തിനെതിരെ നടത്തിയ ആര്‍പ്പോ ആര്‍ത്തവ പരിപാടിയിലേക്ക് തെരഞ്ഞെടുത്ത ചിത്രം പിന്നീട് കേരള ബഡ്ജറ്റിന്റെ കവര്‍ ചിത്രമായി എത്തി നില്‍ക്കുന്നു. അക്രമങ്ങളും സ്ത്രീകള്‍ക്കെതിരെ അയിത്തവും നിലനില്‍ക്കുന്ന ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തില്‍ ഒരു സ്ത്രീയെന്ന നിലയില്‍ തനിക്ക് ലഭിച്ച അംഗീകാരമായി ഇതിനെ കാണുന്നുവെന്ന് ജലജ പറയുന്നു. അയ്യങ്കാളിയേയും പഞ്ചമിയേയും വരച്ചതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും ജലജ വിശദീകരിച്ചു.
ആര്‍പ്പോ ആര്‍ത്തവത്തിലേക്ക് അയ്യങ്കാളിയും പഞ്ചമിയും എങ്ങനെ എത്തി
2018 മുതല്‍ തുടങ്ങിയിട്ടുള്ള സീരിസ് വര്‍ക്കിന്റെ നാലാമത്തെ ഭാഗമായിട്ടാണ് അയ്യങ്കാളിയേയും പഞ്ചമിയേയും വരച്ചത്. അയ്യങ്കാളിക്കൊപ്പം പഞ്ചമി സ്‌കൂളിലേക്ക് പോകുന്നതാണ് പശ്ചാത്തലം. സ്ത്രീകളുടെ വിദ്യാഭ്യാസം, സ്വാതന്ത്ര്യം, തുല്യത തുടങ്ങിയ കാര്യങ്ങളെല്ലാം അയ്യങ്കാളി ചിന്തിച്ചിരുന്നു എന്നാണ് മനസിലാക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് അദ്ദേഹത്തിന് ദീര്‍ഘ വീഷണമുണ്ടായിരുന്നു. അതുകൊണ്ടാണ് അയ്യങ്കാളിയുടെ കൈയില്‍ പിടിച്ചുള്ള പഞ്ചമിയെ വരച്ചത്. അത് പിന്നീട് ആര്‍പ്പോ ആര്‍ത്തവത്തിന്റെ പോസ്റ്ററായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
കറുത്ത തൊലിയും വെളുത്ത തലപ്പാവും ചന്ദനക്കുറി ഇല്ലാത്തതുമായ അയ്യങ്കാളി
കസവു തലപ്പാവും വെളുത്ത ചന്ദനക്കുറിയുമുള്ള അയ്യങ്കാളിയാണ് പൊതുവെ എല്ലാവരുടേയും മനസിലുള്ളത്. ചിത്രം വരയ്ക്കുന്നതിന് മുന്‍പ് ഗൂഗിള്‍ സെര്‍ച്ച് ചെയ്തപ്പോള്‍ അത്തരത്തിലുള്ള ചിത്രമാണ് കണ്ടത്. ആര്‍പ്പോ ആര്‍ത്തവത്തിന്റെ സംഘാടകരില്‍ ചിലര്‍ ഇത് പിന്നീട് സണ്ണി കപിക്കാടിനെ കാണിക്കുകയുണ്ടായി. അദ്ദേഹം അതില്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു. കസവ് തലപ്പാലും ചന്ദനക്കുറിയുമുള്ള അയ്യങ്കാളിയെ ചരിത്രത്തില്‍ കാണാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ചിത്രകാരന്റെ ഭാവനയായിരിക്കാം അതെന്നും സണ്ണിച്ചേട്ടന്‍ പറഞ്ഞു. അതിന് ശേഷമാണ് മാറി ചിന്തിച്ചത്. വെളുപ്പ് കുറച്ച് കൂട്ടി വരച്ച അയ്യങ്കാളിയെ സണ്ണിച്ചേട്ടന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കറുത്ത തൊലി നല്‍കി വരച്ചു. ചന്ദനക്കുറിയും മായ്ച്ചു. വരുന്ന തലമുറ ഗൂഗിള്‍ ചെയ്യുമ്പോള്‍ വെളുത്ത തലപ്പാവും കറുത്ത തൊലിയും ചന്ദനക്കുറിയില്ലാത്തതുമായ ഒരു അയ്യങ്കാളിയെ കാണട്ടെ. അവര്‍ മനസിലാക്കേണ്ടതുണ്ട്.
ആര്‍പ്പോ ആര്‍ത്തവം ചടങ്ങില്‍ ശ്രദ്ധനേടിയില്ല, ഇപ്പോള്‍ അഭിനനന്ദന പ്രവാഹം
നമ്മള്‍ നവോത്ഥാനത്തെ കുറിച്ചും അയ്യങ്കാളിയേയും കുറിച്ചും പറയാന്‍ തുടങ്ങിയത് എപ്പോള്‍ മുതലാണ്. അത് കൃത്യമായും ശബരിമല വിഷയത്തിന് ശേഷമാണ്. ദാക്ഷായണി വേലായുധനേയും അംബേദ്കറിനേയും കുറിച്ച് വരെ നമ്മള്‍ സംസാരിച്ച് തുടങ്ങിയത് കേരളത്തില്‍ ശബരിമല വിഷയം വന്നതിന് ശേഷമാണ്. കേരളത്തില്‍ സ്ത്രീകളും, മനുഷ്യരും ഭിന്നലിംഗക്കാരുമടങ്ങുന്ന സമൂഹം ആക്രമിക്കപ്പെട്ട് തുങ്ങിയപ്പോഴാണ് നമ്മള്‍ നവോത്ഥാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. ജനാധിപത്യ സമൂഹത്തില്‍ ദളിതരടക്കമുള്ള സമൂഹത്തിനെതിരെ അക്രമങ്ങള്‍ വാര്‍ത്തയാപ്പോഴാണ് നമ്മള്‍ അയ്യങ്കാളിയെ കുറിച്ച് സംസാരിച്ച് തുടങ്ങിയത്. കേരളത്തിലെ ഇപ്പോഴത്തെ സാമൂഹിക അന്തരീക്ഷമാണ് നവോത്ഥാനത്തിലേക്ക് കേരളത്തെ കൊണ്ട് പോകുന്നതും.
മുഖച്ചിത്രവുമായി ബന്ധപ്പെട്ട് അത് ഡിസൈന്‍ ചെയ്ത ഡിസൈനറാണ് ആദ്യം വിളിക്കുന്നത്. ഇത്തവണത്തെ ബജറ്റിന്റെ മുഖചത്രം സ്ത്രീ ആര്‍ട്ടിസ്റ്റുകളുടെ വര്‍ക്കാണെന്ന് അറിയിക്കുകയും എന്റെ ചിത്രം അയക്കാന്‍ പറയുകയും ചെയ്തു. രണ്ട് ചിത്രങ്ങളാണ് ഞാന്‍ അയച്ച് കൊടുത്തത്. അതിലൊന്നായിരുന്നു പഞ്ചമിയുടേയും അയ്യങ്കാളിയുടേതും. ഇത് തെരഞ്ഞെടുത്തതായി എന്നെ ഡിസൈനര്‍ വിളിച്ച് അറിയക്കുകയും ചെയ്തു.
മുഖ്യമന്ത്രി പങ്കെടുക്കാതെ പിന്‍വാങ്ങിയ ഒരു പരിപാടിയിലെ ചിത്രം അതേ ഗവണ്‍മെന്റ് അവതരിപ്പിക്കുന്ന ബജറ്റിന്റെ മുഖച്ചിത്രമായി വരുന്നു
മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കാത്തത് സംബന്ധിച്ച് വാര്‍ത്തകളില്‍ വന്ന അറിവ് മാത്രമേ എനിക്ക് ഉള്ളൂ. എന്റെ ഒരു കലാസൃഷ്ടി ആ പരിപാടിയില്‍ ഉപയോഗിച്ചു. ഞാന്‍ അടക്കമുള്ള സ്ത്രീകളായിരുന്നു ആര്‍പ്പോ ആര്‍ത്തവത്തിന്റെ സംഘാടകര്‍. എനിക്കൊപ്പമുള്ളവരുടെ ആവശ്യപ്രകാരമാണ് ആ പരിപാടിയില്‍ മെയിന്‍ പോസ്റ്ററായി ആ ചിത്രം അവതരിപ്പിക്കപ്പെട്ടത്. ആര്‍പ്പോ ആര്‍ത്തവത്തില്‍ വന്നത് കൊണ്ടാണ് ആ ചിത്രം ബജറ്റിന്റെ ഭാഗമായത് എന്ന് അഭിപ്രായം എനിക്കില്ല. നവോത്ഥാന നായകനായ അയ്യങ്കാളി ഒരു പെണ്‍കുട്ടിയുടെ കൈപിടിച്ച് സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി മുന്നോട്ട് പോകുന്നു ആ ഒരു മെസേജ് ഉള്‍ക്കൊണ്ടത് കൊണ്ടാണ് സര്‍ക്കാര്‍ ഇത് മുഖച്ചിത്രമായി എടുത്തതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here