നാല് കുഞ്ഞുങ്ങളെ സുരക്ഷിത കരങ്ങളിലെത്തിച്ച് ഗര്‍ഭിണിയായ അമ്മ അഗ്നിക്കിരയായി

നാല് കുഞ്ഞുങ്ങളെ സുരക്ഷിത കരങ്ങളിലെത്തിച്ച് ഗര്‍ഭിണിയായ യുവതി അഗ്നിക്കിരയായി. ഗാസിയാബാദിലാണ് സംഭവം. 27 കാരിയായ ഫാത്തിമയാണ് എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീ പടര്‍ന്നതിനെത്തുടര്‍ന്ന് മരിച്ചത്. എട്ട് മാസം ഗര്‍ഭിണിയായിരുന്ന ഫാത്തിമയും നാല് കുട്ടികളും കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ കുടുങ്ങുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം നടന്നത്. സംഭവം നടക്കുമ്പോള്‍ ഫാത്തിമയുടെ ഭര്‍ത്താവും സഹോദരന്മാരും താഴത്തെ നിലയിലായിരുന്നു. തീ വളരെ വേഗം മുകളിലേക്ക് പടര്‍ന്നുപിടിച്ചു. സമീപവാസികള്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയെങ്കിലും മുകളിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഇതിനിടെ ഓരോ കുട്ടികളേയും ബാല്‍ക്കണിയിലൂടെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഫാത്തിമ. രക്ഷാപ്രവര്‍ത്തകരുടെ കൈകളിലേക്ക് നാല് കുട്ടികളേയും എത്തിച്ചതിന് തൊട്ടുപിന്നാലെ തീ പടര്‍ന്നു കയറി. തൊട്ടുപിന്നാലെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയും ചെയ്തു.
ഒന്‍പതും ഏഴും വയസ് പ്രായമുള്ള കുട്ടികളെയാണ് ഫാത്തിമ ആദ്യം പുറത്തെത്തിച്ചത്. തുടര്‍ന്ന് ചെറിയ രണ്ട് പെണ്‍കുട്ടികളെ രക്ഷാപ്രവര്‍ത്തകരുടെ കൈകളിലെത്തിച്ചു. ഇവര്‍ക്ക് നിസാര പരിക്കുകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here