എന്‍ഡോസള്‍ഫാന്‍ സമരം ഒത്തുതീര്‍പ്പായി; അര്‍ഹരായ എല്ലാവര്‍ക്കും നഷ്ടപരിഹാരം

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വിജയം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി നടത്തിവന്നിരുന്ന സമരം അവസാനിപ്പിക്കാന്‍ സമരക്കാര്‍ തീരുമാനിച്ചു. അര്‍ഹരായ 1905 പേര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കി. ദുരിത ബാധിത പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തും. നഷ്ടപരിഹാരത്തിന് അതിരുകള്‍ പ്രശ്‌നമാകില്ലെന്നും സര്‍ക്കാര്‍ സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ മാധ്യമങ്ങളോടാണ് ഇക്കാര്യം അറിയിച്ചത്.
എം വി ജയരാജന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു ചര്‍ച്ച നടന്നത്. തുടക്കത്തില്‍ മുഖ്യമന്ത്രി ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല. ചര്‍ച്ച അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് മുഖ്യമന്ത്രിയെത്തിയത്. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. സര്‍ക്കാരില്‍ നിന്നും രേഖാമൂലം അറിയിപ്പ് ലഭിച്ചതായി സമരസമിതി അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി അംഗീകരിച്ചുവെന്നും അദ്ദേഹത്തിന് നന്ദി അറിയിക്കുന്നുവെന്നും സമരസമിതി അറിയിച്ചു. സമരത്തെ തെറ്റായി വ്യാഖ്യാനിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജയോട് പരിഭവമില്ലെന്നും പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും സാമൂഹിക പ്രവര്‍ത്തക ദയാബായി മാധ്യമങ്ങളോട് പറഞ്ഞു.
സെക്രട്ടറിയേറ്റിന് മുന്നില്‍ കഴിഞ്ഞ അഞ്ച് ദിവസമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സമരം ചെയ്ത് വരികയായിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂലപ്രതികരണമുണ്ടാകാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ദുരിതബാധിതര്‍ സങ്കട യാത്ര നടത്തിയിരുന്നു. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് വി എം സുധീരന്‍ ഉള്‍പ്പെടെ സങ്കടയാത്രയില്‍ സമരക്കാരെ അനുഗമിച്ചു. എട്ടു കുട്ടികളും അവരുടെ രക്ഷാകര്‍ത്താക്കളും അടക്കം മുപ്പതംഗ സംഘമാണ് സങ്കട യാത്ര നടത്തിയത്. ഇതിന് പിന്നാലെ സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പും സര്‍ക്കാര്‍ നല്‍കി. തുടര്‍ന്ന് ഉച്ചയോടെ ചര്‍ച്ച ആരംഭിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here