പിണറായി വിജയന്റെ ആരാധകനായ വിജയ് സേതുപതി; നിലപാടുള്ള മക്കള്‍ സെല്‍വന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത ആരാധകനാണ് താനെന്ന് മക്കള്‍ സെല്‍സന്‍ വിജയ് സേതുപതി. ശബരിമല വിഷയത്തില്‍ അദ്ദേഹം കൈകാര്യം ചെയ്ത രീതി തന്നെ ആകര്‍ഷിച്ചുവെന്നും സേതുപതി പറഞ്ഞു. പിണറായി വിജയന്റെ എളിമയെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും അദ്ദേഹം മനസ് തുറന്നു. ശബരിമല വിഷയത്തില്‍ തന്റെ നിലപാടും സേതുപതി വിശദീകരിക്കുന്നു. ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് സേതുപതി മനസ് തുറന്നത്.
ഒരു ചാനലിന്റെ പരിപാടിയില്‍ വിജയ് സേതുപതിക്കൊപ്പം വേദിപങ്കിട്ടതിനെക്കുറിച്ചും സേതുപതി പറയുന്നു. പിണറായി വിജയന്‍ കടന്നു വന്നപ്പോള്‍ ഒരു ഹെഡ്മാസ്റ്റര്‍ കടന്നുവന്നതായാണ് തോന്നിയത്. എല്ലാ ബഹളവും അദ്ദേഹം കടന്നുവന്നപ്പോള്‍ നിലച്ചു. സംസാരിക്കുന്നതിനിടെ തനിക്ക് പോകാനുള്ള വിമാനം പത്ത് മണിക്കാണെന്ന് പറഞ്ഞുവെന്നും എങ്കില്‍ താങ്കള്‍ ആദ്യം സംസാരിക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നും സേതുപതി പറയുന്നു. അത് തന്നെ അദ്ഭുതപ്പെടുത്തി. വളരെ ലളിതമായായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. അതൊരു എംഎല്‍എയോ എംപിയോ ആയിരുന്നുവെങ്കില്‍ അത്തരത്തില്‍ സഹകരിക്കുമോ എന്ന് സേതുപതി ചോദിക്കുന്നു. മുഖ്യമന്ത്രി എപ്പോഴും കൂളാണ്. ഏതു പ്രശ്‌നവും പക്വതയോടെ കൈകാര്യം ചെയ്യും. കേരളത്തിലെ പ്രളയത്തിന് പിന്നാലെയാണ് തമിഴ്‌നാട്ടില്‍ ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. പത്ത് കോടി രൂപയാണ് പിണറായി വിജയന്‍ സാര്‍ നല്‍കിയത്. ആ നന്ദി തനിക്ക് എപ്പോഴുമുണ്ടെന്ന് സേതുപതി പറയുന്നു.
ശബരിമല വിഷയത്തില്‍ എന്തിനാണിത്ര ബഹളങ്ങളെന്ന് സേതുപതി ചോദിക്കുന്നുണ്ട്. ആണായിരിക്കാന്‍ എളുപ്പമാണെന്നും എന്നാല്‍ ഒരു സ്ത്രീക്ക് അങ്ങനെയല്ലെന്ന് സേതുപതി പറയുന്നു. എല്ലാ മാസവും സ്ത്രീക്ക് ഒരു വേദന സഹിക്കേണ്ടി വരുന്നുണ്ട്. എല്ലാവര്‍ക്കുമറിയാം അതെന്തിനുള്ള വേദനയാണെന്ന്. പരിശുദ്ധമാണത്. സ്ത്രീകള്‍ക്കത്തരം ഗുണവിശേഷങ്ങളില്ലെങ്കില്‍ നമ്മളാരും ഇവിടെയുണ്ടാകില്ല. സ്ത്രീയാണ് ദൈവം. അവരെങ്ങനെ അശുദ്ധരാകും. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ശരിയാണെന്നും സേതുപതി പറയുന്നു.
ജാതി എന്നത് ഇപ്പോഴുമുള്ള സമ്പ്രദായമാണ്. ഇമോഷണല്‍ കറപഌനാണ് കാസ്റ്റ്. അതിന് കൃത്യമായ ശ്രേണി ഉണ്ടാക്കിവെച്ചിരിക്കുന്നു. എന്തിനാണിപ്പോഴും തീണ്ടായ്മ. ഇതെല്ലാം ഒരു കാലത്ത് വിദ്യാഭ്യാസത്തിലൂടെ മാറും. പിന്നെ പ്രണയത്തിലൂടെയും. പ്രണയവിവാഹത്തിലൂടെ ജാതിയെ തുടച്ചെറിയാന്‍ കഴിയുന്ന പുതുതലമുറയെ വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നുവെന്നും വിജയ് സേതുപതി പറയുന്നു.
ലൈംഗികചൂഷണം എല്ലാമേഖലയിലുമുണ്ട്. പക്ഷേ അതൊന്നും പുറത്തുവരുന്നില്ലെന്നു മാത്രം. സിനിമ കൂടുതല്‍ തിളക്കമേറിയ സ്ഥലമായതിനാല്‍ ചിലതെല്ലാം പുറത്തറിയുന്നു. ചൂഷണം എവിടെ നടന്നാലും തെറ്റാണ്. ഇരകള്‍ക്ക് നീതി ലഭിച്ചേമതിയാകൂ. സ്ത്രീകള്‍ക്കെതിരായ ലൈംഗികചൂഷണണത്തേക്കാള്‍ ഭീകരമാണ് ആണ്‍കുട്ടികള്‍ക്കെതിരെയുള്ള ഇത്തരം അതിക്രമം. ഏറെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണിതെന്ന് തോന്നിയിട്ടുണ്ട്. അറിയാത്ത വയസ്സില്‍ നടന്നാലും ഓര്‍മവരുന്ന കാലത്ത് പരാതി നല്‍കണമെന്നാണ് തന്റെ പക്ഷം. പക്ഷേ, പരാതി ന്യായമുള്ളതായിരിക്കണം. ഡബ്ല്യുസിസിപോലുള്ള സ്ത്രീപക്ഷ സംഘടനകള്‍ തമിഴകത്തും രൂപംകൊള്ളണമെന്നും സേതുപതി പറയുന്നു.
വളരെയധികം പരിശ്രമിച്ചുതന്നെയാണ് തനിക്കൊരു ചാന്‍സ് കിട്ടിയത്. ഓരോന്നും പഠിച്ച് പഠിച്ചാണ് വളരുന്നത്. പഠനങ്ങള്‍ ഇപ്പോള്‍ എനിക്ക് ഒരുതരം അഡിക്ഷനായി, ശ്വാസംപോലെയായി. കഴിഞ്ഞദിവസം സെറ്റില്‍ വന്ന ഒരു പയ്യന്‍ ചോദിച്ചത്, അണ്ണാ സിനിമ പഠിക്കാന്‍ എന്ത് ചെയ്യണം എന്നാണ്. അത് എവിടെനിന്നെങ്കിലും പഠിച്ച് വരാന്‍ പറ്റില്ല. ഇവിടെത്തന്നെനിന്ന് പഠിക്കണം. നമ്മള്‍ അന്വേഷിക്കണം. കഴിവ് ഉള്ളിലുണ്ടെങ്കില്‍ നടക്കുമെന്നും സേതുപതി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here