റായുഡുവും പാണ്ഡ്യയും രക്ഷകരായി; ന്യൂസിലന്‍ഡിന് 253 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ന്യൂസീലന്‍ഡിന് 253 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 49.5 ഓവറില്‍ 252 റണ്‍സെടുത്തു. 113 പന്തില്‍ 90 റണ്‍സെടുത്ത അംബാട്ടി റായുഡുവും അവസാന പന്തുകളില്‍ ആഞ്ഞടിച്ച ഹാര്‍ദിക് പാണ്ഡ്യ (22 പന്തില്‍ 45)യുമാണ് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. വിജയ് ശങ്കര്‍ 64 പന്തില്‍ 45 റണ്‍സെടുത്തു. രോഹിത് ശര്‍മ (16 പന്തില്‍ 2), ശിഖര്‍ ധവാന്‍ (13 പന്തില്‍ 6), ശുഭ്മാന്‍ ഗില്‍ (11 പന്തില്‍ 7), ധോണി (6 പന്തില്‍ 1), കേദാര്‍ ജാദവ് (45 പന്തില്‍ 34), ഭുവനേശ്വര്‍ കുമാര്‍ (8 പന്തില്‍ 6), മുഹമ്മദ് ഷമി (1 പന്തില്‍ 1) എന്നിങ്ങനെയാണു പുറത്തായ മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് തുടക്കം തകര്‍ച്ചയോടെയായിരുന്നു. എട്ട് റണ്‍സില്‍ നില്‍ക്കെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പുറത്തായി. 12ല്‍ ധവാനും. യുവതാരം ശുഭ്മാന്‍ ഗില്ലിന് തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും തിളങ്ങാനായില്ല. മാറ്റ് ഹെന്റിയുടെ പന്തില്‍ സാന്റ്‌നര്‍ക്കു ക്യാച്ച് നല്‍കിയാണു യുവതാരം പുറത്തായത്. ധോണി ഒരു റണ്‍സ് മാത്രം നേടി പുറത്തായതും ഇന്ത്യയ്ക്കു തിരിച്ചടിയായി.
തുടര്‍ന്ന് അംബാട്ടി റായുഡുവും വിജയ് ശങ്കറും നടത്തിയ രക്ഷാപ്രവര്‍ത്തനം ഇന്ത്യയ്ക്കു തുണയായി. പതുക്കെയാണെങ്കിലും 29 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നു. 116-ാം റണ്‍സില്‍ ഈ കൂട്ടുകെട്ട് ന്യൂസിലന്‍ഡ് തകര്‍ത്തു. അര്‍ധ സെഞ്ചുറിയിലേക്കടുത്ത വിജയ് ശങ്കര്‍ റണ്ണൗട്ടാകുകയായിരുന്നു. ഹെന്റിയുടെ പന്തില്‍ മണ്‍റോയ്ക്കു ക്യാച്ച് സമ്മാനിച്ച് അംബാട്ടി റായുഡുവും പുറത്തായി. കേദാര്‍ ജാദവും ഹെന്റിയുടെ പന്തില്‍ പുറത്തായി.
Read More:ഹാമില്‍ട്ടന്‍ ഏകദിനം; ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി
വമ്പന്‍ അടികളുമായി ഹാര്‍ദിക് പാണ്ഡ്യ കളം നിറഞ്ഞതോടെ ഇന്ത്യന്‍ സ്‌കോര്‍ അതിവേഗം ഉയര്‍ന്നു. അഞ്ച് സിക്‌സുകളും രണ്ട് ഫോറും പായിച്ച പാണ്ഡ്യ 45 റണ്‍സെടുത്തു പുറത്താകുകയായിരുന്നു. ഭുവനേശ്വര്‍ കുമാറിനും മുഹമ്മദ് ഷമിക്കും കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. യുസ്‌വേന്ദ്ര ചാഹല്‍ പുറത്താകാതെ നിന്നു. ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്റി നാല് വിക്കറ്റ് വീഴ്ത്തി, ട്രെന്റ് ബോള്‍ട്ട് മൂന്നും ജെയിംസ് നീഷാം ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ മൂന്ന് ഏകദിനങ്ങളും വിജയിച്ച ഇന്ത്യ പരമ്പര നേരത്തേ സ്വന്തമാക്കിയിരുന്നു. നാലാം മല്‍സരം ജയിച്ച ന്യൂസിലന്‍ഡ് അവസാന പോരാട്ടം കൂടി ജയിച്ചു നാണക്കേടൊഴിവാക്കാനാണു ശ്രമിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here