തീവണ്ടി യാത്രക്കിടെ കേൾവിസഹായി നഷ്ടമായ നിയമോൾക്ക് മന്ത്രി നേരിട്ടെത്തി മറ്റൊരു കേൾവിയുപകരണം നൽകി

തീവണ്ടി യാത്രക്കിടെ കേൾവിസഹായി നഷ്ടമായ കണ്ണൂരിലെ നിയമോൾക്ക് സഹായ ഹസ്തവുമായി സാമൂഹ്യ നീതി വകുപ്പ്. മന്ത്രി കെ കെ ശൈലജ നേരിട്ടെത്തി മറ്റൊരു കേൾവിയുപകരണം കുട്ടിക്ക് നൽകി. നിയ മോളുടെ ശ്രവണ സഹായി മോഷണം പോയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്.
കുറച്ച് കാലമായി കേട്ടിരുന്ന നിയമോളേ എന്ന അമ്മയുടെ വിളി വെറും ചുണ്ടനക്കം മാത്രമായതതോടെ അവൾ പൊട്ടിക്കരയുകയായിരുന്നു. ട്രെയിൻ യാത്രക്കിടെ ഒരു മോഷ്ടാവിന് ഈ കുഞ്ഞിന്റെ കേൾവി അപഹരിക്കാൻ കഴിയില്ലെന്ന് ഒരു നാട് ഒന്നടങ്കം പറഞ്ഞു. അവൾ അറിയാതെ തന്നെ അവൾക്കൊപ്പം നിന്നു. ഒടുവിൽ മന്ത്രിയെത്തി കാതിൽ പുതിയ കേൾവി സഹായി ഘടിപ്പിച്ചു. അങ്ങനെ നിയ അമ്മയുടെ വിളി കേട്ടു.
മകൾക്ക് വീണ്ടും കേൾവി ശേഷി തിരിച്ചുകിട്ടിയ സന്തോഷത്തിൽ വർക്ക്ഷോപ്പ് ജീവനക്കാരനായ രാജേഷിനേറെയും ഭാര്യയുടെയും കണ്ണുകൾ നിറഞ്ഞു.
കോഴിക്കോട്ടേക്കുള്ള ട്രെയിൻ യാത്രക്കിടെ ഉപകരണമടങ്ങിയ പെട്ടി അടക്കമാണ് മോഷണം പോയത്. ഇനി നിയമോൾ സംസാരിക്കും, മന്ത്രി ശൈലജയുടെ ഊർജം നിറഞ്ഞ വാക്കുകൾ ഈ കുടുംബത്തിനും ആത്മവിശ്വാസമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here