Advertisement

എം എ ബേബി CPIM ജനറൽ സെക്രട്ടറിയാവുമോ? കെ കെ ഷൈലജ പി ബിയില്‍ എത്തിയേക്കും

April 2, 2025
2 minutes Read
shailaja (1)

ഇ എം എസിനു ശേഷം സി പി ഐ എം ജനറല്‍ സെക്രട്ടറിയായി ഒരു മലയാളി എത്തുമോ ? മധുര പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയുര്‍ന്നതോടെ സി പി ഐ എം കേന്ദ്രങ്ങളില്‍ ചൂടേറിയ ചര്‍ച്ചാവിഷയമാണ് പാര്‍ട്ടിയെ ആരു നയിക്കുമെന്ന്. സി പി ഐ എമ്മിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജനറൽ സെക്രട്ടറിയില്ലാതെ പാര്‍ട്ടി കോണ്‍ഗ്രസ് നടത്തേണ്ടിവരുന്നത്.

എം എ ബേബി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തും എന്നാണ് ലഭിക്കുന്ന വിവരം. 71 കാരനായ എം എ ബേബി പാര്‍ട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തണമെന്നാണ് കേരള ഘടകത്തിന്റെ ശക്തമായ നിലപാട്. ഈ നിലപാട് ഘടകം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുമെന്നുമാണ് സി പി ഐ എം കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്. ബേബി വരുന്നതിനോട് പാര്‍ട്ടി ബംഗാള്‍ ഘടകത്തിനും വിയോജിപ്പുകളില്ല. ഇ എം എസിന് പാലക്കാട് കുടുംബവേരുള്ള പ്രകാശ് കാരാട്ട്, പാര്‍ട്ടി ജനറൽ സെക്രട്ടറിയായിരുന്നുവെങ്കിലും കാരാട്ടിനെ മലയാളി പരിഗണന ഉണ്ടായിരുന്നില്ല. കേരളത്തിലെ പാര്‍ട്ടി ഘടകത്തില്‍ പ്രവര്‍ത്തിക്കുകയോ, കേരളത്തിലെ പാര്‍ട്ടി മേല്‍വിലാസത്തില്‍ പാര്‍ട്ടിയുടെ തലപ്പത്തേക്ക് വന്ന നേതാവായിരുന്നില്ല പ്രകാശ് കാരാട്ട്.

2012 മുതല്‍ പി ബിയില്‍ തുടരുന്ന സീനിയര്‍ നേതാവാണ് എം എ ബേബി.ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന നേതാവാണ് എം എ ബേബി. പാര്‍ട്ടിയുടെ ബുദ്ധിജീവി മുഖങ്ങളില്‍ പ്രമുഖനാണ് ബേബി. ഇതെല്ലാം ബേബിയുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. പാര്‍ട്ടി അംഗങ്ങളുടെ കണക്കുകള്‍ പരിഗണിച്ചാല്‍ സി പി ഐ എമ്മിന്റെ ഏറ്റവും ശക്തമായ ഘടനം കേരളമാണ്. ഇതും ബേബിയെ പരിഗണിക്കാന്‍ കാരണമാവും. സീതാറാം യെച്ചൂരിയും എം എ ബേബിയും ഡല്‍ഹി കേന്ദ്രീകരിച്ച് ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നതാണ്. യച്ചൂരിയ്ക്ക് ശേഷം ആരെന്ന ചോദ്യത്തിന് നേരത്തെതന്നെ ബേബിയുടെ പേര് ഉയര്‍ന്നിരുന്നു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ ആകസ്മികമായ മരണത്തിന് ശേഷം പാര്‍ട്ടി സെക്രട്ടറി സ്ഥാനം മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയായിരുന്നു. പുതിയ സെക്രട്ടറിയെ നിയോഗിക്കണമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും പാര്‍ട്ടികോണ്‍ഗ്രസ് അടുത്തിരിക്കെ സെക്രട്ടറിയുടെ ചുമതല ആര്‍ക്കും നല്‍കാതിരിക്കുകയായിരുന്നു. പുതിയ സെക്രട്ടറിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസില്‍ അന്തിമ തീരുമാനം എന്ന നിലപാടിലേക്ക് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം കൈക്കൊണ്ടു. നിലവില്‍ മുന്‍ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടാണ് പാര്‍ട്ടിയെ ഏകോപിപ്പിക്കുന്നത്.

Read Also: ‘KSRTC ഡിപ്പോകളിലെ റിസർവേഷൻ കൗണ്ടറുകൾ പൂർണ്ണമായും ഒഴിവാക്കും; സെക്യൂരിറ്റിക്ക് പകരം CCTV’; മന്ത്രി കെബി ​ഗണേഷ് കുമാർ

പ്രായപരിധി കര്‍ശനമായി നടപ്പായാല്‍ ഇത്തവണ പി ബിയില്‍ നിന്നും കാരാട്ട് അടക്കം എട്ടുപേര്‍ വിരമിക്കേണ്ടിവരും. പി ബിയിലെ പ്രമുഖ വനിതാ നേതാക്കളായ വൃന്ദ കാരാട്ടും, സുഭാഷിണി അലിയും പി ബിയില്‍ നിന്നും വിരമിക്കുന്നവരുടെ പട്ടികയിലുണ്ട്. പ്രായപരിധി കര്‍ശനമായി നടപ്പായാല്‍ മൂന്നിലൊന്ന് നേതാക്കള്‍ പി ബിയില്‍നിന്നും ഈ പാര്‍ട്ടി കോണ്‍ഗ്രസോടെ ഒഴിവാക്കപ്പെടും. ഇത് ആദ്യമായാണ് ഇത്രയും നേതാക്കള്‍ ഒരുമിച്ച് പി ബിയില്‍ നിന്നും ഒഴിവാകുന്നത്. സി പി ഐ എമ്മിന് ഭരണമുള്ള ഏകസംസ്ഥാനമെന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയനു മാത്രം ഇളവു നല്‍കുന്നതിനുള്ള ആലോചനയാണ് പാര്‍ട്ടിയില്‍ നടന്നിട്ടുള്ളത്. മുഖ്യമന്ത്രിയെന്ന നിലയില്‍ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പിണറായി വിജയന് ഇളവു നല്‍കിയിരുന്നു. ഇളവുകള്‍ വേണ്ടെന്ന നിലപാടിലാണ് പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും. പാര്‍ട്ടിയില്‍ വനിതാ ജനറൽ സെക്രട്ടറി വരില്ലെന്നും, രണ്ട് വനിതാ പി ബി അംഗങ്ങളും ചുമതല ഒഴിയുമെന്നാണ് വൃന്ദാ കാരാട്ടും വ്യക്തമാക്കിയിട്ടുള്ളത്.

പ്രകാശ് കാരാട്ട്, വൃന്ദകാരാട്ട്, മണിക് സര്‍ക്കാര്‍, സൂര്യകാന്ത് മിശ്ര, സുഭാഷിണി അലി, ജി രാമകൃഷ്ണന്‍ എന്നിവര്‍ ഒഴിവാക്കപ്പെടുമെന്ന് ഏറെക്കുറേ ഉറപ്പാണ്. ഈ ഒഴിവുകളിലേക്ക് പുതുമുഖങ്ങള്‍ എത്തും. മുന്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഒഴിവും നികത്താനുണ്ട്.

കേരളത്തില്‍ നിന്നും നിലവില്‍ പി ബിയില്‍ ഒഴിവുകളില്ല. എന്നാല്‍ അംഗങ്ങള്‍ കൂട്ടത്തോടെ വിരമിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ളവരെ ഈ ഒഴിവുകളിലേക്ക് പരിഗണിക്കാനുള്ള സാധ്യതയുമുണ്ട്.

കേരളത്തില്‍ നിന്നും കെ കെ ഷൈലജ പി ബിയില്‍ എത്താനുള്ള സാധ്യത ഏറിയിരിക്കുകയാണ്. കൊല്ലം സമ്മേളനത്തിലാണ് കെ കെ ഷൈലജ സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. വൃന്ദാ കാരാട്ടും സുഭാഷിണി അലിയും പിബിയില്‍ നിന്നും ഒഴിവാകുന്ന സാഹചര്യത്തില്‍ പി ബിയിലെ വനിതാ പ്രാതിനിധ്യം ഉറപ്പിക്കേണ്ടതുണ്ട്. പ്രായപരിധി മുന്‍നിര്‍ത്തി പി കെ ശ്രീമതി കേന്ദ്രകമ്മിറ്റിയില്‍ നിന്നും ഇത്തവണ ഒഴിവാക്കപ്പെടും. നിലവില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ അധ്യക്ഷയാണ് പി കെ ശ്രീമതിയെങ്കിലും പ്രായപരിധികാരണം പി ബിയിലേക്ക് പരിഗണിക്കപ്പെടില്ല.

ഇതോടെയാണ് പി ബിയിലേക്ക് കെ കെ ഷൈലജയുടെ സാധ്യക വര്‍ധിച്ചത്. കേരളത്തില്‍ നിന്നും ഒരു വനിതാ നേതാവ് പി ബിയില്‍ എത്തുന്നുവെന്നതും ഏറെ ശ്രദ്ധേയമാണ്. സി പി ഐ എം സ്ഥാപക നേതാക്കളില്‍ ഒരാളായ സുശീലാഗോപാലനു കിട്ടാത്ത പരിഗണനയാണ് കെ കെ ഷൈലജയ്ക്ക് പാര്‍ട്ടിയില്‍ ലഭിക്കുന്നത്. വടകരയില്‍ നിന്നും പരാജയപ്പെട്ടതോടെ പാര്‍ട്ടി നേതൃത്വം കെ കെ ഷൈലജയെ പൂര്‍ണമാവും മാറ്റി നിര്‍ത്തിയേക്കുമെന്ന ചർച്ച ഉയർന്നിരുന്നു. കെ കെ ഷൈലജയെ പാര്‍ട്ടി നേതൃത്വം തഴയുന്നുവെന്ന ആരോപണത്തിനും ഇതോടെ അന്ത്യമാവും.

ഒന്നാം പിണറായി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചിരുന്ന കെ കെ ഷൈലജ മട്ടന്നൂരില്‍ നിന്നും വന്‍ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എല്‍ ഡി എഫ് സര്‍ക്കാരില്‍ പ്രമുഖസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് കരുതിയിരുന്നുവെങ്കിലും അതുണ്ടായില്ല.

രണ്ടുതവണ തുടര്‍ച്ചയായി എം എല്‍ എയായ കെ കെ ഷൈലജ അടുത്ത തവണ മത്സരിക്കാനുള്ള സാധ്യത കുറവാണെങ്കിലും ഭരണ തുടര്‍ച്ചയ്ക്ക് കെ കെ ഷൈലജയെ മുന്‍നിര്‍ത്തിയുള്ള പ്രചാരണവും സി പി ഐ എമ്മിന്റെ പരിഗണനയിലുണ്ട്.

കെ ആര്‍ ഗൗരിയമ്മയും സുശീല ഗോപാലനും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട പ്രമുഖ വനിതാ നേതാക്കളായിരുന്നുവെങ്കിലും ഇതുവരെ കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. പൊളിറ്റ് ബ്യൂറോയില്‍ കെ കെ ഷൈലജ എത്തിയാല്‍ അത് പുതുചരിത്രമാവും.

Story Highlights : KK Shailaja may join PB

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top