‘നിശബ്ദം ഗുരുസാഗരം’; പ്രൊഫ. എം കെ സാനുവിന് വിടചൊല്ലി മലയാളം

പ്രൊഫ. എം.കെ. സാനുവിന് വിട നൽകി കേരളം. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ കൊച്ചി രവിപുരം ശ്മശാനത്തിൽ നടന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും എറണാകുളം ടൗൺഹാളിൽ എത്തി പൊതുദർശനത്തിൽ അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പുഷ്പചക്രം അർപ്പിച്ചു. പ്രിയപ്പെട്ട ഗുരുനാഥന് പ്രണാമമർപ്പിക്കാനായി എത്തിയത് ആയിരങ്ങളാണ്. നിരവധി തലമുറകളുടെ ജീവിതവഴികളില്‍ അക്ഷരത്തിന്റെയും അറിവിന്റെയും വെളിച്ചം വിതറിയ മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ നിരൂപകരില്‍ ഒരാളാണ് വിടവാങ്ങിയത്.
ഇന്നലെ വൈകിട്ട് 5.35 നായിരുന്നു എം കെ സാനുവിന്റെ അന്ത്യം. വീണുപരുക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു എം കെ സാനു. ഇതിനിടയിൽ ന്യൂമോണിയ ബാധിച്ചതും ആരോഗ്യപ്രശ്നം ഗുരുതരമാക്കിയിരുന്നു.
എട്ടാം കേരള നിയമസഭയിൽ എറണാകുളം മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ അദ്ദേഹം സംഭാവനകൾ നല്‍കിയിട്ടുണ്ട്. മഹാരാജാസ് കോളേജ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വിവിധ കോളജുകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകൾ നേടിയിട്ടുണ്ട്. വാര്‍ധക്യത്തിലും സാഹിത്യ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സാനു മാഷ്. പ്രായവും അവശതയും ശരീരത്തിന് മാത്രമാണെന്നും അത് നിലപാടുകളേയും ഇടപെടലുകളേയും ബാധിക്കില്ലെന്നും അവസാന നാളുകളിലും അദ്ദേഹം തെളിയിച്ചുകൊണ്ടിരുന്നു.
1926 ഒക്ടോബര്‍ 27ന് പഴയ തിരുവിതാംകൂര്‍ രാജ്യത്തിലെ തുമ്പോളിയിലാണ് സാനുമാഷ് ജനിച്ചത്. നാലു വര്‍ഷത്തോളം സ്‌കൂള്‍ അധ്യാപകനായിരുന്നു. 1958ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു.വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കര്‍ത്താവാണ് എം.കെ. സാനു. കര്‍മഗതി എന്നാണ് ആത്മകഥയുടെ പേര്.
Story Highlights : Prof. M. K. Sanu cremation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here