സാവകാശ ഹര്‍ജിക്ക് പ്രസക്തിയില്ല; കടകംപള്ളിക്ക് പിന്നാലെ പത്മകുമാറിനെ തള്ളി കോടിയേരി ബാലകൃഷ്ണനും

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സാവകാശ ഹര്‍ജിയില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത്. സാവകാശ ഹര്‍ജിയില്‍ പ്രസക്തിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ദേവസ്വം ബോര്‍ഡ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായി വ്യക്തമാക്കിയിരുന്നു. പത്മകുമാറിന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ദേവസ്വം ബോര്‍ഡില്‍ നിലവില്‍ പ്രശ്‌നങ്ങളില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തില്‍ സാവകാശ ഹര്‍ജിക്ക് പ്രസക്തി നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം മന്ത്രി രംഗത്തെത്തിയതിന് പിന്നാലെ സാവകാശ ഹര്‍ജിക്കാണ് പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കി പത്മകുമാര്‍ രംഗത്തെത്തിയിരുന്നു. താനും മന്ത്രിയുമായി പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ന്നു. തനിക്ക് വ്യക്തിപരമായ നിലപാടുകളുണ്ട്. തലപോയാലും അതില്‍ ഉറച്ചു നില്‍ക്കും. നവംബര്‍ വരെ പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും രാജിവെയ്ക്കില്ലെന്നും പത്മകുമാര്‍ വ്യക്തമാക്കുന്നു.
ശബരിമല കേസില്‍ സാവകാശത്തിന് പ്രസക്തിയില്ലെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവും നിലാപാടെടുത്തിരുന്നു. കോടതിയില്‍ അറിയിച്ചത് യുവതിപ്രവേശനം ബന്ധപ്പെട്ട ദേവസ്വംബോര്‍ഡിന്റെ നിലപാടാണ്. കോടിയേരിയെ കണ്ടതില്‍ അസ്വാഭാവികതയില്ല. കോടിയേരിയെ കണ്ടത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വ്യത്യസ്ത അഭിപ്രായത്തെക്കുറിച്ച് പറയാനാണ്. ബോര്‍ഡ് പ്രസിഡന്റ് രാഷ്ട്രീയ നിയമനം ആയതുകൊണ്ടാണ് കോടിയേരിയെ കണ്ടതെന്നും എന്‍ വാസു നേരത്തേ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here