Advertisement

മറയൂരില്‍ 1.8 കോടി രൂപ ചെലവില്‍ ആനമതില്‍

February 8, 2019
1 minute Read

ആനശല്യത്തില്‍ നിന്നും കൃഷി സംരക്ഷിക്കുവാന്‍ വേണ്ടി മറയൂരില്‍ ആനമതില്‍ നിര്‍മ്മിക്കുന്നു. മറയൂര്‍ പഞ്ചായത്തില്‍ അടുത്തകാലത്തായി വര്‍ദ്ധിച്ച കാട്ടാന ശല്യം പ്രതിരോധിക്കുന്നതിന് വനാതിര്‍ത്തികളില്‍ 1.8 കോടി രൂപ ചെലവില്‍ ആനമതില്‍ നിര്‍മിക്കും. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ റേഞ്ചില്‍ നിര്‍മിച്ച ആനമതിലിന്റെ മോഡലില്‍ (ഊരാളുങ്കന്‍ മാതൃക) ആയിരിക്കും പാറക്കല്ലുകള്‍ കൊണ്ട് മതില്‍ നിര്‍മിക്കുക.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഐ.ഡി.ഡബ്‌ളു.എച്ച്. ഫണ്ടില്‍ നിന്നാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഒന്നാംഘട്ടത്തില്‍ 1.44 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 36 ലക്ഷം രൂപ രണ്ടാം ഘട്ടത്തില്‍ അനുവദിക്കും. കേരളത്തിലെ വിവിധ റേഞ്ചുകളില്‍ ആനമതില്‍ നിര്‍മിക്കുന്നതിന് 10.86 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

നിലമ്പൂര്‍ നോര്‍ത്ത് റേഞ്ചിലാണ് കൂടുതല്‍ തുക അനുവദിച്ചിരിക്കുന്നത്. 3.27 കോടി രൂപയാണ് ഇവിടെ അനുവദിച്ചിരിക്കുന്നത്. മറയൂരില്‍ 1.8 കോടി രൂപയും. മറയൂരില്‍ ചിന്നാര്‍ വനാതിര്‍ത്തിയിലെ കരിമുട്ടി മുതല്‍ പാമ്പാര്‍വരെയുള്ള മേഖലയിലാണ് ആനമതില്‍ നിര്‍മിക്കുക.

കൊട്ടിയൂര്‍ റേഞ്ചില്‍ ചെയ്തത് പോലെ ഐഐടി ഡിസൈനിലാണ് ആനമതില്‍ നിര്‍മിക്കുന്നത്. 2.10 മീറ്റര്‍ ഉയരത്തിലും താഴെ 1.20 മീറ്റര്‍ വീതിയിലും മുകളില്‍ 60 സെന്റിമീറ്റര്‍ വീതിയിലുമാണ് മതില്‍ നിര്‍മിക്കുന്നത്. ഓരോ അഞ്ച് മീറ്റര്‍ ഇടവിട്ട് കോണ്‍ക്രീറ്റ് പില്ലറും മുകളില്‍ കോണ്‍ക്രീറ്റ് ബെല്‍റ്റും നിര്‍മിച്ച് മതില്‍ ശക്തമാക്കും. ആനമതില്‍ നിര്‍മാണത്തിന് ആവശ്യമായ പാറക്കല്ലുകള്‍ പകുതി വനത്തില്‍ നിന്നും ബാക്കി പുറത്ത് നിന്നും ശേഖരിക്കുവാനാണ് ലക്ഷ്യമിടുന്നത്.

Read More:പാലക്കാട് പെരുവെമ്പിൽ ജലക്ഷാമത്തെ തുടർന്ന് ഏക്കറു കണക്കിന് നെൽകൃഷി ഉണങ്ങി നശിച്ചു

കേന്ദ്രഫണ്ട് തുക അനുവദിച്ച് 2019 ഫെബ്രുവരി മൂന്നിന് ഇറക്കിയ ഉത്തരവില്‍ മാര്‍ച്ച് 31നകം ആനമതിലിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കില്‍ മാത്രമേ ഒന്നാംഘട്ടത്തില്‍ അനുവദിച്ച തുക നല്കുകയുള്ളൂവെന്ന നിര്‍ദേശവുമുണ്ട്. ഇത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ശ്രദ്ധയില്‍പ്പെടുത്തി പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ശ്രമവും ആരംഭിച്ചു. ഇതിനായി എസ്റ്റിമേറ്റ് എടുത്തുകഴിഞ്ഞു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തികരിച്ച് എഗ്രിമെന്റ് വയ്ക്കുന്നതിന് മുമ്പ് സാങ്കേതികമായ തടസ്സം നീക്കി കിട്ടുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top