Advertisement

സീഫര്‍ട്ട് ഞെട്ടി; 0.099 സെക്കന്‍ഡില്‍ മിന്നല്‍ സ്റ്റമ്പിങുമായി വീണ്ടും ധോണി മാജിക്

February 10, 2019
3 minutes Read

ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി20യിലും മിന്നല്‍ സ്റ്റമ്പിങുമായി ധോണിയുടെ മാജിക്. ടിം സീഫര്‍ട്ടായിരുന്നു ഇത്തവണ ധോണിയുടെ ഇര. ഏഴാം ഓവറിലെ മൂന്നാംപന്തില്‍ 0.009 സെക്കന്‍ഡിലായിരുന്നു മിന്നല്‍ ആക്രമണം. കുല്‍ദീപ് യാദവിന്റെ പന്തിനെ പ്രതിരോധിക്കാനുള്ള സീഫര്‍ട്ടിന്റെ ശ്രമം പാളിയതോടെ പന്ത് നേരെ പിറകില്‍ ധോണിയുടെ കൈകളിലേക്ക്. എന്താണ് സംഭവിച്ചതെന്ന് സീഫര്‍ട്ട് ചിന്തിച്ചുതീരും മുമ്പേ ബെയ്ല്‍ തെറിച്ചു കഴിഞ്ഞിരുന്നു.

വിക്കറ്റിനായുള്ള അപ്പീല്‍ ഉയര്‍ന്നപ്പോഴും സീഫര്‍ട്ട് പോലും ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ല. പന്ത് പ്രതിരോധിക്കുന്നതിനായി മുന്നോട്ടെടുത്ത കാല്‍ തിരികെ ലൈനിനകത്ത് എത്തിയോ ഇല്ലയോ എന്ന് തേര്‍ഡ് അമ്പയര്‍ക്കു പോലും ആശങ്ക. ഒടുവില്‍ ഏറെ നേരത്തെ പരിശോധനകള്‍ക്കു ശേഷം അവര്‍ കണ്ടെത്തി. 0.099 സെക്കന്‍ഡില്‍ ആ മായാജാലം നടന്നിരിക്കുന്നു. ഗ്രൗണ്ടിനുപുറത്തെ കൂറ്റന്‍ സ്‌ക്രീനില്‍ ഔട്ട് തെളിഞ്ഞ് പവലിയനിലേക്ക് മടങ്ങുമ്പോള്‍ സീഫര്‍ട്ടിന് പോലും വിശ്വാസമായില്ല ഇതെങ്ങനെ സംഭവിച്ചുവെന്ന്.

Read More: ഇന്ത്യ പൊരുതി വീണു; കിവീസിന് പരമ്പര

ധോണി പുറകിലുള്ളപ്പോള്‍ ക്രീസ് വിട്ടിറങ്ങരുതെന്ന് ഇന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി.) ഉപദേശരൂപത്തില്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് അതിവേഗ സ്റ്റമ്പിങുമായി വീണ്ടും ധോണി തിളങ്ങിയത്. ട്വന്റി20 യില്‍ 300 ാമത്തെ മത്സരമെന്ന നേട്ടവും ഹാമില്‍ട്ടനില്‍ ധോണി സ്വന്തമാക്കി. ഐ.പി.എല്‍. ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ നിന്നായി 300 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് മഹേന്ദ്രസിംഗ് ധോണി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top