Advertisement

വൃക്കരോഗിയായ ആ കുഞ്ഞ് മോഹന്‍ലാല്‍ ആരാധകന്റെ ഓപ്പറേഷന്‍ കഴിഞ്ഞു

February 12, 2019
Google News 0 minutes Read

അഭിജിത്തിനെ സോഷ്യല്‍ മീഡിയയ്ക്ക് നല്ല പരിചയമാണ്. ഇരുവൃക്കകളും തകരാറിലായ അഭിജിത്ത് മോഹന്‍ലാലിനെ കാണണം എന്ന് പറഞ്ഞ് ഇട്ട വീഡിയോ സോഷ്യല്‍ മീഡിയ മുഴുവനും ഒറ്റക്കെട്ടായാണ് ഏറ്റെടുത്തത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ മോഹന്‍ലാല്‍ അഭിജിത്തിനെ കണ്ടിരുന്നു.

അഭിജിത്തിന് വൃക്ക നല്‍കാന്‍ പിതാവ് വിജയകുമാരന്‍ പിള്ള തയ്യാറാണെങ്കിലും പണം വിലങ്ങ് തടിയായി. എന്നാല്‍ ജനപക്ഷവും ആസ്റ്റര്‍മെഡിസിറ്റിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷം രൂപയ്ക്കാണ് അഭിജിത്തിന്റെ കിഡ്നി മാറ്റിവച്ചത്. മേജര്‍ രവിയാണ് അഭിജിത്തിന്റെ കിഡ്നിമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചത്. കഴിഞ്ഞ ആഴ്ചയായിരുന്നു ഓപ്പറേഷന്‍. ഓപ്പറേഷന്‍ വിജയകരമായിരുന്നുവെന്നും മേജര്‍ രവി വ്യക്തമാക്കി.

രോഗത്തിന്റെ ഭീകരതയൊന്നും അറിയാത്ത അഭിജിത്തിന്റെ നിഷ്കളങ്കമായ ആഗ്രഹം വീഡിയോ കണ്ട എല്ലാവരുടേയും നോവായി.  വീഡിയോ വൈറലായതിനെ തുടര്‍ന്ന്  തിരുവനന്തപുരത്ത് ലൂസിഫറിന്റെ സെറ്റില്‍ വച്ച് അഭിജിത്ത് മോഹന്‍ലാലിനെ കാണുകയും ചെയ്തു. കഴിഞ്ഞ ആഗസ്റ്റ് മാസത്തിലായിരുന്നു കൂടിക്കാഴ്ച.  ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ്‌ അസോസിയേഷനാണ് കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങള്‍ ഫെയ്സ് ബുക്കിലൂടെ വ്യക്തമാക്കിയത്. ലാലേട്ടന്‍ എന്റെ ജീവനാണെന്നും ലാലേട്ടന് ഒപ്പം ഫോട്ടോ എടുക്കണമെന്നുമാണ് അഭിജിത്ത് വീഡിയോയില്‍ പറഞ്ഞത്.

ഹോട്ടല്‍ തൊഴിലാളിയായ അഭിജിത്തിന്റെ പിതാവ് മകന്റെ രോഗം തിരിച്ചറിഞ്ഞതിന് ശേഷം ജോലിയ്ക്ക് പോയിട്ടില്ല. അഭിജിത്തിന്റെ വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പായി മൂത്ര സഞ്ചിയ്ക്കും ഒരു ഓപ്പറേഷന്‍ വേണ്ടി വന്നിരുന്നു. ഇതിനെല്ലാം തുകയില്ലാതെ വലഞ്ഞ സമയത്ത് തന്നെയാണ് വീഡിയോ വൈറലായത്. നിരവധി സുമനസുകള്‍ സഹായവുമായി എത്തുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here