തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാനായി യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാനായി യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഈ മാസം 25 ന് മുമ്പ് സ്ഥാനാർത്ഥിപട്ടികയ്ക്ക് രൂപം നൽകാനുളള തയ്യാറെടുപ്പിലാണ് മുന്നണി നേതൃത്വം. യുഡിഎഫ് പ്രവേശനം ആഗ്രഹിച്ച് മുന്നണിയെ സമീപിച്ച കക്ഷികളുമായി ബെന്നിബഹനാന്റെ നേതൃത്വത്തിലുളള ഉപസമിതി നടത്തിയ ചർച്ചയുടെ റിപ്പോർട്ടും യോഗത്തിൽ സമർപ്പിക്കും.
ഇന്നത്തെ യോഗത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകാനാണ് യു ഡി എഫിലെ ആലോചന. കോൺഗ്രസ്സ് തെരഞ്ഞെടുപ്പ് പ്രചാരണ സമിതികളെ ഹൈക്കമാന്റ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതോടെ കോൺഗ്രസ്സും പ്രവർത്തനങ്ങൾ സജീവമാക്കും. ഘടകകക്ഷികളുമായുളള ഉഭയകക്ഷി ചർച്ചകൾ വരും ദിവസങ്ങളിൽ ആരംഭിക്കും. ഈ മാസം 25 ഓടെ സ്ഥാനാർത്ഥി പട്ടികക്ക് രൂപം നൽകണമെന്നുളള ആലോചനയിലാണ് മുന്നണിനേതൃത്വം. അധികസീറ്റുകൾ ആവശ്യപ്പെട്ട് ഘടകകക്ഷികൾ രംഗത്തുണ്ടെങ്കിലും വരും ദിവസങ്ങളിലെ ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാകുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ഇതുമായി ബന്ധപ്പെട്ട പരസ്യചർച്ചകൾ അവസാനിച്ചതും നേതൃത്വത്തിന് പ്രതീക്ഷ നൽകുന്നു.
9 കക്ഷികൾ മുന്നണി പ്രവേശനം ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വത്തെ സമീപിച്ചിരുന്നു. ഇവരുമായി കൺവീനർ ബെന്നി ബഹനാന്റെ നേതൃത്വത്തിലുളള ഉപസമിതി കഴിഞ്ഞദിവസങ്ങളിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടും ഇന്നത്തെ യോഗം പരിഗണിക്കും. ജെഎസ്എസ് രാജൻബാബു, ജനതാദൾ ജോൺ ജോൺ വിഭാഗങ്ങളുടെ മുന്നണിപ്രവേശം സംബന്ധിച്ച് ഇന്നത്തെ യോഗം തീരുമാനമെടുത്തേക്കും. പലഗ്രൂപ്പുകളായി നിൽക്കുന്ന മറ്റുകക്ഷികളോട് ലയിച്ച് വരാൻ ഉപസമിതി നിർദേശം നൽകിയതായാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here