ജയരാജനെതിരായ സിബിഐ കുറ്റപത്രം; രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് വി എസ് അച്യുതാനന്ദൻ

ഷുക്കൂർ വധക്കേസിൽ സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് മുതിർന്ന സിപിഐഎം നേതാവും ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാനുമായ വി എസ് അച്യുതാനന്ദൻ. നിയമത്തെ അതിന്റെ ശരിയായ വഴിക്ക് പോകാൻ വിടുകയാണ് വേണ്ടത്. നിയമം കൈകാര്യം ചെയ്യുന്ന പ്രശ്നങ്ങളാണല്ലോ അത്. ആ വഴിക്ക് പോകുകയല്ലേ വേണ്ടതെന്നും വി എസ് ചോദിച്ചു. ബിജെപിയുടെ രാഷ്ട്രീയമായി, സിബിഐ കുറ്റപത്രം കാണേണ്ടതുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരപിക്കുകയായിരുന്നു വി എസ്.
ദേവികുളം സബ് കളക്ടർ രേണു രാജിനെതിരെ സിപിഐഎം എംഎൽഎ എസ് രാജേന്ദ്രൻ നടത്തിയ അവഹേളനത്തേയും വി എസ് വിമർശിച്ചു. ദേവികുളം സബ് കളകടർ സ്ത്രീയാണ്. ആ പരിഗണന അവർക്ക് നൽകേണ്ടതായിരുന്നു. സ്ത്രീകളെ ഇത്തരത്തിൽ അവഹേളിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വി എസ് കൂട്ടിച്ചേർത്തു.
ഷുക്കൂർ കേസിൽ പി ജയരാജനെതിരെ ഇന്നലെയാണ് തലശ്ശേരി കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. സെക്ഷൻ 302, 102ബി പ്രകാരമാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ജയരാജനെ കൂടാതെ ടി വി രാജേഷ് എംഎൽഎയ്ക്കെതിരെയും കൊലക്കുറ്റം ചുമത്തിയിരുന്നു.
പി ജയരാജനും ടി വി രാജേഷും സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്നുണ്ടായ സംഘർഷത്തിലാണു തളിപ്പറമ്പ് മണ്ഡലം എംഎസ്എഫ് ട്രഷറർ അരിയിൽ അബ്ദുൽ ഷുക്കൂർ (21) കണ്ണപുരം കീഴറയിൽ കൊല്ലപ്പെട്ടത്. 2012 ഫെബ്രുവരി 20നാണ് കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ച് രണ്ടര മണിക്കൂറോളം ബന്ദിയാക്കി വെച്ച ശേഷം തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശി അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സക്കറിയയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here