50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഖാദി ബോര്‍ഡിന് മോഹന്‍ലാലിന്റെ വക്കീല്‍ നോട്ടീസ്; നടപടി വേദനാജനകമെന്ന് ശോഭന ജോര്‍ജ്

സംസ്ഥാന ഖാദി ബോര്‍ഡിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് നടന്‍ മോഹന്‍ലാല്‍. അന്‍പത് കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. ഇതിനെതിരെ മോഹന്‍ലാലിനും സ്ഥാപനത്തിനും ഖാദി ബോര്‍ഡ് വക്കീല്‍ നോട്ടീസ് അയച്ചു. ഇതിന് മറുപടിയായാണ് നടന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ പൊതുചടങ്ങില്‍ പരസ്യമായി ആക്ഷേപിച്ചുവെന്ന് ലാല്‍ നോട്ടീല്‍ പറയുന്നു. ഖാദിബോര്‍ഡ് പരസ്യമായി മാപ്പുപറയുകയോ ക്ഷമാപണം നടത്തി മാധ്യമങ്ങളില്‍ പരസ്യം നല്‍കുകയോ ചെയ്യണം. അല്ലെങ്കില്‍ 50 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വക്കീല്‍ നോട്ടീസ് ലഭിച്ചതായി ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശോഭന ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Read also: അഭിനയകലയെ മാത്രമേ ഉപാസിച്ചിട്ടുള്ളൂവെന്ന് മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ മോഹന്‍ലാല്‍

സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ഖാദി തൊഴിലാളികളുടെ നൂലും തുണിയും തറികളും പ്രളയത്തില്‍ നശിച്ചുപോകുന്ന അവസ്ഥയുണ്ടായി. സാമ്പത്തിക പരാധീനതയില്‍നിന്ന് കരകയറാന്‍ പാടുപെടുന്ന തൊഴിലാളികളെ വീണ്ടും പ്രതിസന്ധിയിലാക്കുന്ന നടന്റെ നടപടിയില്‍ വേദനയുണ്ടെന്ന് ശോഭന ജോര്‍ജ് പറഞ്ഞു. അമ്പത് കോടി നഷ്ടപരിഹാരം നല്‍കാനുള്ള സാമ്പത്തിക ഭദ്രത ഖാദി ബോര്‍ഡിന് നിലവില്‍ ഇല്ല. സ്വകാര്യ കമ്പനി വില്‍ക്കുന്ന പവര്‍ലൂം വസ്ത്രവുമായി ചര്‍ക്കയ്ക്ക് ഒരു ബന്ധവും ഇല്ലാത്തതിനാലാണ് പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്. തെറ്റ് ചെയ്തില്ലെന്ന് ഉത്തമബോധ്യം ഉള്ളതിനാല്‍ മാപ്പ് പറയില്ലെന്നും ശോഭന ജോര്‍ജ് പറഞ്ഞു.

Read also: രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍; നടനായി തുടരാന്‍ ആഗ്രഹം

മോഹന്‍ലാല്‍ സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതിനെ വിമര്‍ശിച്ചായിരുന്നു ഖാദി ബോര്‍ഡ് വക്കീല്‍ നോട്ടീസ് അയ്ചത്. സ്വകാര്യ സ്ഥാപനത്തിന്റെ ഉല്‍പന്നത്തിന് ഖാദിയുമായി ബന്ധമില്ലെന്നും ലാല്‍ അഭിനയിക്കുന്നത് ഖാദിക്ക് നഷ്ടവും സ്ഥാപനത്തിന് ലാഭവും ഉണ്ടാക്കുമെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. പരസ്യം പിന്‍വലിക്കണമെന്നും ഖാദി ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ സ്ഥാപനം പരസ്യം പിന്‍വലിച്ച് ഒരു മാസത്തിന് ശേഷമാണ് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top