പുല്‍വാമ ഭീകരാക്രമണം; പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ ശക്തമാക്കി ഇന്ത്യ

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ ശക്തമാക്കി ഇന്ത്യ. ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതി സ്ഥിരാംഗങ്ങളായ യു.എസ്, റഷ്യ, ഫ്രാന്‍സ്, യു.കെ, ചൈന എന്നീ രാജ്യങ്ങളുടെയും, ഗള്‍ഫ് രാജ്യങ്ങള്‍, ജപ്പാന്‍, യുറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. കൂടുതൽ രാജ്യങ്ങൾ ഇന്ത്യയോട് അനുകൂല നിലപാട് സ്വീകരിയ്ക്കുന്നതോടെ ചൈനയും നിലപാട് തിരുത്തും എന്നാണ് സർക്കാരിന്റെ പ്രതിക്ഷ.
ഭീകരാക്രമണം സംബന്ധിച്ചും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെപ്പറ്റിയും വിശദീകരിച്ചു കൊണ്ടാണ് ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തോട് നയതന്ത്ര ചർച്ചകൾക്ക് തുടക്കമിട്ടത്. അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറിയുമായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ചർച്ച നടത്തി. പിന്നാലെ പാകിസ്ഥാന് ശക്തമായ താക്കീതുമായി അമേരിക്ക രംഗത്ത് വന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളുമായി വിദേശ സെക്രട്ടറിയും ആശയവിനിമയം നടത്തി. പാക്കിസ്ഥാൻ സർക്കാരിന്റെയും സൈന്യത്തിന്റെയും പിന്തുണയോടെ നടക്കുന്ന ഭീകരവാദത്തെപ്പറ്റി തെളിവുകൾ നൽകി കൊണ്ടാണ് ഇന്ത്യാ നയതന്ത്ര ചർച്ചകൾ നടത്തി കൊണ്ടിരിക്കുന്നത്.
അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തിയില്ലെങ്കിൽ അത് തീവ്രവാദത്തിന് നൽകുന്ന പിന്തുണയാകും എന്നാണ് ഇന്ത്യ ബോധ്യപ്പെടുത്തുക. ചൈന ഒഴികെയുള്ള രക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങള്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് അനുകൂലമാണ്. ഭീകരാക്രമണത്തെ അപലപിച്ചെങ്കിലും മസൂദ് അസറിന്റെ കാര്യത്തില്‍ നിലപാടില്‍ നിന്ന് ചൈന പിന്നാക്കം പോയിട്ടില്ല.
Read More: പുല്‍വാമ ആക്രമണത്തില്‍ നടപടിയെടുത്ത് കേന്ദ്രം; തടവിലുള്ള തീവ്രവാദികളെ മറ്റ് ജയിലിലേക്ക് മാറ്റി
ചൈനയുടെ മേല്‍ നേരിട്ടും മറ്റ് രാജ്യങ്ങൾ വഴിയും നയതന്ത്ര സമ്മര്‍ദ്ദം ശക്തിപ്പെടുത്താനാണ് ഈ ഘട്ടത്തിൽ ഇന്ത്യയുടെ തിരുമാനം. ഇന്നലെ ഡൽഹിയിൽ വിളിച്ച് ചേർത്ത നയതന്ത്ര പ്രതിനിധികളുടെ യോഗത്തിൽ ചൈന പങ്കെടുത്തത് മഞ്ഞ് ഉരുകുന്നതിന്റെ സൂചനയായാണ് ഇന്ത്യകാണുന്നത്. ചൈനയെ കൂടാതെ ദക്ഷിണ കൊറിയ, സ്വീഡന്‍, സ്ലോവാക്കിയ, ഫ്രാന്‍സ്, സ്പെയിന്‍, ഭൂട്ടാന്‍, ജര്‍മനി, ഹംഗറി, ഇറ്റലി, കാനഡ, ബ്രിട്ടന്‍, റഷ്യ, ഇസ്രയേല്‍, ഓസ്ട്രേലിയ, ജപ്പാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍,തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഇന്നലെ നടന്ന യോഗത്തിൽ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here