ഡെറാഡൂണില്‍ കശ്മീരികളെ തെരഞ്ഞടുപിടിച്ച് ആക്രമിച്ച് ബംജ്റംഗദള്‍; പാഠം പഠിപ്പിക്കുമെന്ന് ആക്രോശം; 2000 ത്തോളം വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍

പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഡെറാഡൂണില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രതിസന്ധിയില്‍. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ കടുത്ത പീഡനമാണ് അഴിച്ചുവിടുന്നത്. ഉപദ്രവം ഭയന്ന് പല വിദ്യാര്‍ത്ഥികള്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. താമസിക്കുന്ന സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന അവസ്ഥയുണ്ട്. മറ്റൊരു സ്ഥലം കണ്ടെത്താന്‍ കഴിയാതെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍. അതിനിടെ ‘നായകള്‍ക്ക് കയറാം, കശ്മീരികള്‍ക്ക് പ്രവേശനമില്ല’ എന്നെഴുതിയ പോസ്റ്ററുകള്‍ ഡെറാഡൂണില്‍ വിവിധ കടകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
ഡെറാഡൂണില്‍ വിവിധ കോളെജുകളിലായി 2000ത്തോളം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. മിക്ക വിദ്യാര്‍ത്ഥികളും ബജ്റംഗ്ദളിന്റെ ക്രൂരപീഡനത്തിനാണ് ഇരയായിരിക്കുന്നത്. വാടകയ്ക്ക് താമസിക്കുന്ന ഇടങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് പുറത്താക്കുകയാണ്. മിക്ക വിദ്യാര്‍ത്ഥികളും കശ്മീരിലേക്ക് തിരികെ പോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അക്രമികള്‍ ലേഡീസ് ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച സംഭവവുമുണ്ടായി. പൊലീസ് ഇടപെട്ട് തടഞ്ഞതുകൊണ്ട് അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല. 24 മണിക്കൂറിനുള്ളില്‍ മുഴുവന്‍ കശ്മീരികളും നഗരം വിടണമെന്നാണ് ബജ്റംഗ്ദളിന്റെ മുന്നറിയിപ്പ്.
ഡെറാഡൂണില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ടിക്കറ്റിന് ചാര്‍ജ് കൂടുതലായതുകൊണ്ട് മടങ്ങിപ്പോക്ക് പ്രതിസന്ധിയിലായിരിക്കുകയാണ്. ഹിന്ദു അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ആക്രമണം. മാരകായുധങ്ങളുമായി വഴിയരികില്‍ ജനങ്ങള്‍ തങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഇവിടെ നിന്നും എങ്ങനെ പുറത്തുകടക്കണമെന്ന് അറിയില്ല. എന്ത് ചെയ്യണമെന്നറിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
കശ്മിരി വിദ്യാര്‍ത്ഥികളെ തെരഞ്ഞുപിടിച്ചാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രൂരപീഡനം നടത്തുന്നത്. തങ്ങളുടെ ലക്ഷ്യം കശ്മീരി വിദ്യാര്‍ത്ഥികളാണെന്ന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ വികാസ് വര്‍മ പറയുന്നു. പുല്‍വാമ ആക്രമണം കശ്മീരി വിദ്യാര്‍ത്ഥികള്‍ ആഘോഷിച്ചു. പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യങ്ങള്‍ അവര്‍ മുഴക്കി. അവര്‍ക്ക് നല്ലതുപോലെ കൊടുക്കും. അവരെ വീട്ടില്‍ കൊണ്ടുപോയി എല്ലാത്തിനും മറുപടി നല്‍കും. അവരെ ഒരു പാഠം പഠിപ്പിക്കുമെന്നും വികാസ് വര്‍മ്മ പറഞ്ഞു.
പുല്‍വാമ ആക്രമണത്തില്‍ ഉത്തരാഖണ്ഡില്‍ നിന്നും മൂന്ന് പേരെയാണ് നഷ്ടപ്പെട്ടത്. കശ്മീരികള്‍ ഡെറാഡൂണില്‍ നിന്നും പോകണം. കശ്മീരികള്‍ക്ക് താമസസ്ഥലം നല്കുന്നതില് നിന്നും നാട്ടുകാരെ വിലക്കിയിട്ടുണ്ടെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here