Advertisement

ഗുരുവായൂര്‍ ആനയോട്ടത്തില്‍ ഗോപീകണ്ണന്‍ ജേതാവ്

February 17, 2019
0 minutes Read

ഗുരുവായൂര്‍ ഉത്സവത്തിന് ആരംഭം കുറിച്ചുള്ള ആനയോട്ടത്തില്‍ ദേവസ്വം ആനത്തറവാട്ടിലെ ഗോപീകണ്ണന്‍ ജേതാവായി. ആനയോട്ടത്തില്‍ കൊമ്പന്‍ ഗോപീകണ്ണന്റെ ഏഴാം വിജയമാണിത്. തെരഞ്ഞെടുത്ത 10 എണ്ണത്തില്‍ നിന്നും നറുക്കിട്ടെടുത്ത 5 ആനകളാണ് മത്സരത്തിനുണ്ടായിരുന്നത്. ഉച്ചതിരിഞ്ഞ് ക്ഷേത്രത്തില്‍ നാഴികമണി 3 അടിച്ചതോടെ ആനകള്‍ക്ക് കെട്ടാനുള്ള കുടമണികളേന്തി പാപ്പാന്‍മാര്‍ ക്ഷേത്രത്തില്‍ നിന്നും മജ്ജുളാല്‍ത്തറയില്‍ നിരന്ന ആനകളുടെ അടുത്തേക്ക് ഓടിയെത്തി. കുടമണി കെട്ടിയ ശേഷം മാരാര്‍ ശംഖു വിളിച്ചതോടെ ആനയോട്ടം ആരംഭിച്ചു. ആനകളോടുന്ന വഴിയുടെ ഇരുവശവും നിന്ന് ആര്‍പ്പും ആരവവവുമായി ഭക്തര്‍ പ്രോത്സാഹനങ്ങള്‍ നല്‍കി.

ക്ഷേത്രം അധികാരികളും പോലീസും ആര്‍പ്പു വിളികളുമായി ആനകള്‍ക്കൊപ്പമുണ്ടായിരുന്നു. ആനയോട്ടം കാണാനെത്തിയ ഭക്തരെയും കാണികളെയും കൊണ്ട് റോഡിന്റെ ഇരുവശവും നിറഞ്ഞ നിലയിലായിരുന്നു. തുടക്കം മുതലേ അതിവേഗം ഓടിയ ഗോപീകണ്ണന്‍ മറ്റാനകളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് ക്ഷേത്രഗോപുരം കടന്നെത്തി ഏഴാമതും വിജയം കുറിച്ചത്. ചുറ്റമ്പലത്തില്‍ 7 പ്രദക്ഷിണം പൂര്‍ത്തിയാക്കി ഗോപീകണ്ണന്‍ ഗുരുവായൂരപ്പനെ വണങ്ങിയതോടെയാണ് ചടങ്ങ് പൂര്‍ത്തിയായത്.ഇനി 10 ദിവസം ഗോപീകണ്ണനാണ് ഉത്സവത്തിന് ഭഗവാന്റെ തിടമ്പേറ്റുക. ഒന്നാമന്‍ ഓടിയെത്തിയ ശേഷം പിന്നാലെ കൂടെയുണ്ടായിരുന്ന ആനകളും ക്ഷേത്ര നടയിലേക്ക് ഒന്നിനു പിന്നാലെയായി ഓടിയെത്തി.

ഗോപീകണ്ണനു പുറമേ മുന്‍നിരയില്‍ നന്ദിനി, നന്ദന്‍, വിഷ്ണു, അച്ചുതന്‍ എന്നീ ആനകളാണ് ഓടിയത്. വിദഗ്ധസമിതി പരിശോധിച്ച് നല്‍കിയ ഓടാനുള്ള ആനകളുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാവായ ചെന്തമരാക്ഷന്‍ ഉണ്ടായിരുന്നെങ്കിലും നറുക്കെടുപ്പില്‍ പുറത്താകുകയായിരുന്നു. ഇത്തവണത്തെ ആനയോട്ടത്തിനുള്ള ആനകളെ രാത്രി 8.30 ന് കൊടിയേറ്റുന്നതോടെ ഉത്സവ ചടങ്ങുകള്‍ ആരംഭിക്കും. കൊടിയേറ്റ് കഴിഞ്ഞാല്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടക്കും മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലും പ്രത്യേകം സജ്ജമാക്കിയ വേദിയിലും വിവിധ കലാപരിപാടികളും അരങ്ങേറും.തെക്കേ നടയില്‍ അന്നദാനത്തിനും പ്രസാദ പകര്‍ച്ചക്കുമായി ഒരേ സമയം 1500 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന കൂറ്റന്‍ പന്തലാണ് ഒരുക്കിയിട്ടുള്ളത്. 27 ന് ആറാട്ടോടെയാണ് ഉത്സവം സമാപിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top