ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരി സ്വദേശികള്‍ക്ക് നേരെ വ്യാപക അക്രമം

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കാശ്മീരി സ്വദേശികള്‍ക്ക് നേരെ ആക്രമണം. ജമ്മുവില്‍ നിരവധി വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു. ഡെറാഡൂണ്‍,പട്ന എന്നിവിടങ്ങളിലും കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കും വ്യാപാരികള്‍ക്കും നേരെ ആക്രമണം ഉണ്ടായി. ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കശ്മീര്‍ താഴ്വരിയില്‍ പ്രഖ്യാപിച്ച ബന്ദ് പുരോഗമിക്കുകയാണ്. കശ്മീര്‍ സ്വദേശികളുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേര്‍ക്ക് പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിനെതിരെ രാജ്യ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇത് പക്ഷെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന കശ്മീരി സ്വദേശികള്‍ക്ക് നേരെയുള്ള ആക്രമണമായി മാറി. ജമ്മുവിലാണ് ആക്രമണങ്ങളുടെ തുടക്കം.
Read More: ചുരുങ്ങിയ സമയം കൊണ്ട് മസൂദ് അസ്ഹറിന്റെ അടുത്ത അനുയായി ആയ ഗാസി, പുല്‍വാമയിലെ ‘മുഖ്യസൂത്രധാരന്‍’
കശ്മീരി സ്വദേശികളുടെ വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ വ്യാപക ആക്രമണം നടന്നു. ജമ്മുവിലെ കശ്മീരികളായ സര്‍ക്കാര്‍ ജീവനക്കാരുടെ വീടുകള്‍ അക്രമിക്കാനും ശ്രമം നടന്നു. അക്രമം അടിച്ചമര്‍ത്താന്‍ പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ജമ്മുവില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂവും ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും തുടരുകയാണ്.
ഡെറാഡൂണില്‍ കശ്മീരി വിദ്യാര്‍ത്ഥികളെ വിഎച്ച്പിയുടെ നേതൃത്വത്തിലുള്ള അക്രമി സംഘം മര്‍ദ്ദിച്ചു. അക്രമികള്‍ ലേഡീസ് ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. കൂടുതല്‍ അക്രമം ഭയന്ന് വാടക വീടുകള്‍ ഒഴിഞ്ഞ് പോകാന്‍ വിദ്യാര്‍ത്ഥികളോട് ഉടമകള്‍ ആവശ്യപ്പെട്ടതായാണ് വിവരം. 24 മണിക്കൂറിനുള്ളില്‍ മുഴുവന്‍ കശ്മീരികളും നഗരം വിടണമെന്നാണ് വിഎച്ച്പിയുടെ മുന്നറിയിപ്പ്. ബീഹാറിലെ പട്നയില്‍ കശ്മീരി വ്യാപകാരികളും അക്രമത്തിനിരയായി.
അക്രമം മറ്റിടങ്ങളിലേക്കും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കശ്മീരി സ്വദേശികളുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കശ്മീര്‍ താഴ്വരിയില്‍ പ്രഖ്യാപിച്ച ബന്ദ് തുടരുകയാണ്. കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ബന്ദില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here