ബിജെപിയും ശിവസേനയും വരുന്ന തെരഞ്ഞെടുപ്പില്‍ ഒരമിച്ച് മത്സരിക്കും

മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും വരുന്ന ലോക്സഭാ , നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരമിച്ച് മത്സരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി 25ഉം ശിവസേന 23ഉം സീറ്റുകളില്‍ സ്ഥാനാർത്ഥികളെ നിർത്തും. നിയമസഭാ തെരഞ്ഞെടുപ്പില്‍ തുല്യ സീറ്റുകളിലാവും ഇരു പാർട്ടികളും മത്സരിക്കുക. സമ്മർദ്ദ തന്ത്രം കൊണ്ട് മത്സരിക്കാന്‍ കഴിഞ്ഞ തവണത്തേക്കാള്‍ മൂന്ന് ലോക്സഭാ സീറ്റുകള്‍ കൂടി അധികമായി ശിവസേന ഇത്തവണ നേടിയെടുത്തു.
കേന്ദ്രത്തിലെ നരേന്ദ്രമോദി സർക്കാരിനെയും സംസ്ഥാനത്ത് ദേവേന്ദ്ര ഫട്നാവിസ് സർക്കാരിനെയും നിരന്തരം വിമർശിച്ചും ഒറ്റക്ക് മത്സരിക്കുമെന്ന് വെല്ലുവിളിച്ചും ശിവസേന ഉയർത്തിയ സമ്മർദ്ദ തന്ത്രം ഒടുവില്‍ വിജയം കണ്ടു. മഹാരാഷ്ട്രയില്‍ തുല്യ അവകാശം വേണമെന്ന ആവശ്യം ഏതാണ്ട് ഉറപ്പിച്ചാണ് ബി ജെ പിക്കൊപ്പം നിന്ന് മത്സരിക്കാന്‍ ശിവസേന തീരുമാനിച്ചത്. ബി ജെ പിയുടെ സംസ്ഥാന നേതാക്കളും ദേശീയ നേതാക്കളും നിരന്തരം ചർച്ചകള്‍ നടത്തിയാണ് ശിവസേനയെ അനുനയിപ്പിച്ചത്. ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി ഇന്ന് നടന്ന ചർച്ചകളോടെ സഖ്യം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുകയായിരുന്നു.
2014ല്‍ മത്സരിച്ച ഇരുപത് സീറ്റുകള്‍ പുറമെ മൂന്ന് സീറ്റുകളില്‍ കൂടി ശിവസേന മത്സരിക്കും. 24 സീറ്റുകളില്‍ മത്സരിച്ച ബി ജെ പിക്ക് ഒരു സീറ്റ് മാത്രമാണ് മത്സരിക്കാന്‍ അധികമായി കിട്ടിയത്. 288 അംഗ നിയമസഭയിലേക്ക് ഇരു പാർട്ടികളും 144 സീറ്റുകളില്‍ വീതമാവും മത്സരിക്കുക. 2014ല്‍ ഒറ്റക്ക് മത്സരിച്ചപ്പോള്‍ ബി ജെ പിക്ക് 122ഉം ശിവസേനക്ക് 63ഉം സീറ്റുകളാണ് ലഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിപക്ഷം നേരിട്ട് ആക്രമിച്ച റഫാല്‍ അഴിമതി വിഷയത്തില്‍ പോലും ശിവസേന ബി ജെ പിയെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ചു. എന്നിട്ടും യാതൊരു പ്രകോപനമില്ലാതെ ബി ജെ പി നേതാക്കള്‍ മൌനം പാലിക്കുകയായിരുന്നു. 2014ല്‍ 48ല്‍ 41 സീറ്റുകള്‍ ബി ജെ പിയും ശിവസേനയും ചേർന്ന് നേടിയിരുന്നു. ഇത്തവണയും വിജയം ആവർത്തിക്കാമെന്നാണ് അമിത് ഷായുടെ കണക്ക് കൂട്ടല്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here