മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കൂടുതൽ രാജ്യങ്ങൾ യുഎനിനെ സമീപിക്കുമെന്ന് സൂചന

ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ പാക്കിസ്ഥാനെ പ്രതിരോധനത്തിലാക്കി ലോകരാഷ്ട്രങ്ങൾ. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കൂടുതൽ രാജ്യങ്ങൾ യുണൈറ്റഡ് നേഷൻസിനെ സമീപിക്കുമെന്നാണ് സൂചന. ഇക്കാര്യമാവശ്യപ്പെട്ട് ഫ്രാൻസ് യു എന്നിനെ സമീപിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളും യു എൻ മനുഷ്യാവകാശ രക്ഷാ സമിതിയും ആക്രമണത്തെ അപലപിച്ച് രംഗത്ത് വന്നു. ഭീകരവാദത്തെ അപലപിക്കുന്ന പ്രമേയം യു എൻ തയ്യാറാക്കി വരികയാണ്.
പുൽവാമയിലുണ്ടായ ആക്രമണത്തിൻറെ ഉത്തരവാദിത്വം ഭീകരൻ മസൂദ് അസർ നിയന്ത്രിക്കുന്ന ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുക്കുകയും പാക്കിസ്ഥാൻ അവരെ സഹായിക്കുകയാണെന്ന് ഉറപ്പാകുകയും ചെയ്തതോടെ ലോകരാജ്യങ്ങൾ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുന്നുവെന്നാണ് സൂചന.ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ മസൂദ് അസറിനെ ആഗോള ഭീകരനായ പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുകയും നയതന്ത്ര നീക്കങ്ങൾ ശക്തമാക്കുകയും ചെയ്തിരുന്നു.
Read More : മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് മുഖം തിരിച്ച് ചൈന
യു എൻ രക്ഷാ സമിതിയിലെ ചൈന ഒഴികെയുള്ള രാജ്യങ്ങൾ ഇന്ത്യയുടെ ആവശ്യത്തെ പിന്തുണക്കുമെന്നാണ് പ്രതീക്ഷ. പുൽവാമ ഭീകരാക്രമണം ദാരുണമായ സംഭവമാണെന്ന് അമേരിക്കയുടെ പ്രസിഡണ്ട് ഡൊണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇന്ത്യാ സന്ദർശിക്കാനെത്തിയ സൌദി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ഭീകരാക്രമണത്തെ കുറിച്ച് ശക്തമായ ഭാഷയിൽ പ്രതികരിക്കുമെന്നാണ് പ്രതീക്ഷ.
പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളും ഇന്ത്യയെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പുൽവാമയിലുണ്ടായ ചാവേറാക്രമണത്തിൻറെ പശ്ചാത്തലത്തിൽ ഭീകരവാദത്തെ അപലപിച്ച് യു എൻ പ്രമേയം വരും ദിവസങ്ങളിൽ അവതരിപ്പിക്കും. രക്ഷാ സമിതി അംഗങ്ങളുമായി ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടന്ന് വരികയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here