Advertisement

ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയുമായി സഹകരിക്കുമെന്ന് സൗദി കിരീടാവകാശി

February 20, 2019
Google News 3 minutes Read

ഭീകരവാദികളെ സഹായിക്കുന്ന രാജ്യങ്ങളെ  ഒറ്റപ്പെടുത്താന്‍ ഇന്ത്യയും സൗദിയും തീരുമാനിച്ചു. ഭീകരവാദത്തെ ഇല്ലാതാക്കുകയാണ് ഇന്ത്യയുടെയും സൗദിയുടെയും നിലപാടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.  ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയുമായി സഹകരിക്കുമെന്ന് സൗദി കീരിടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും വ്യക്തമാക്കി. സൌദി കീരിടവകാശിയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ അഞ്ച് സുപ്രധാന ഉഭയകക്ഷി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചു.പശ്ചിമേഷ്യയിലും ഇന്ത്യാ ഉപഭൂഖണ്ഡത്തിലും ഉണ്ടാവുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ ഇന്ത്യയും സൗദി അറേബ്യയും ഒരുമിച്ച് നില്‍ക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഭീകരവാദി സംഘടനകളെ തകര്‍ക്കാന്‍ നടപടികളെടുക്കും. ഭീകരവാദികളെ സഹായിക്കുന്ന ഒരു നടപടിയും സൗദി അറേബ്യയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പിന്തുണക്കുമെന്ന പറഞ്ഞ സൗദി കീരിടവകാശി ഭീകരവാദികളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുമെന്നും വ്യക്തമാക്കി.

ഭീകരവാദം എല്ലാവര്‍ക്കും ഒരു പോലെ ഉത്കണ്ഠ ഉണ്ടാക്കുന്ന വിഷയമാണെന്ന് പറഞ്ഞ അദ്ദേഹം പക്ഷെ പാക്കിസ്ഥാന്റെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കാന്‍ തയ്യാറായില്ല.സൗദി ഇന്ത്യയുടെ അടുത്ത സുഹൃത്താണെന്നും ഇന്ത്യ-സൗദി ബന്ധത്തിന് ഏറെ വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയുമായുള്ള സൗദിയുടെ ബന്ധം രക്തബന്ധം പോലെയാണെന്നായിരുന്നു സൗദി കിരീടാവകാശിയുടെ മറുപടി.

ഭീകരവാദത്തെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടിയെന്ന ആവശ്യം മോദി മുന്നോട്ടുവെച്ചെങ്കിലും പാക്കിസ്ഥാനെ കുറിച്ച് പരാമര്‍ശിക്കാതെയായിരുന്നു സൗദി രാജകുമാരന്റെ പ്രതികരണം.പ്രതിരോധം, അടിസ്ഥാന സൗകര്യ വികസനം, വാണിജ്യ നിക്ഷേപം, ഊര്‍ജ സുരക്ഷ തുടങ്ങി അഞ്ച് മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി കരാറുകളില്‍ ഒപ്പിട്ടു. ഏതാണ്ട് 44 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയില്‍ സൗദി  അറേബ്യ നടത്തുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here