ചര്‍ച്ചയ്ക്ക് തയ്യാറായത് ദൗര്‍ബല്യമായി കാണരുത്; എന്‍എസ്എസിന് കോടിയേരിയുടെ മറുപടി

kodiyeri kodiyeri balakrishnan BJP

ശബരിമല വിഷയത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്നും  നിലപാട് തിരുത്തേണ്ടത് സര്‍ക്കാരെന്നുമുള്ള എന്‍എസ്എസ് വാദത്തിന് മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍. ചര്‍ച്ചയ്ക്ക് തയ്യാറായത് ദൗര്‍ബല്യമായി കാണരുതെന്ന് പറഞ്ഞ കോടിയേകി ശത്രുതാ മനോഭാവം ഇല്ലാത്തതിനാലാണ് സന്നദ്ധത അറിയിച്ചതെന്നും പറഞ്ഞു. കോടതി വിധിയോടുള്ള എതിര്‍പ്പ് സര്‍ക്കാറിനോട് കാണിക്കരുതെന്നും തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് നിലപാട് പ്രതിഫലിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

എന്‍എസ്എസുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് എന്‍എസ്എസ് രംഗത്തെത്തിയത്. ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട സംസാരങ്ങളില്‍ അനുകൂല പ്രതികരണം കിട്ടിയില്ലെന്നും ഇനി ഒരു ചര്‍ച്ചയ്‌ക്കോ കൂടിക്കാഴ്ചയ്‌ക്കോ എന്‍എസ്എസിന് ആഗ്രഹമില്ലെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. എന്‍എസ്എസ് വിശ്വാസവിഷയത്തില്‍ എടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കും. നിലപാട് തിരുത്തേണ്ടത് സര്‍ക്കാരാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ReadAlso: ശബരിമല വിഷയത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ല ; നിലപാട് തിരുത്തേണ്ടത് സര്‍ക്കാരെന്നും എന്‍എസ്എസ്

ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്ന ആവശ്യം നേരത്തെ മുഖ്യമന്ത്രിയുമായും സിപിഎം സംസ്ഥാന സെക്രട്ടറിയുമായും ഫോണിലൂടെ പല തവണ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ അനുകൂലമായ ഒരു പ്രതികരണമല്ല ഇരുവരില്‍ നിന്നുമുണ്ടായത്. പിന്നീട് അതു സംബന്ധിച്ച് ഒരു ചര്‍ച്ചയ്‌ക്കോ കൂടിക്കാഴ്ചയ്‌ക്കോ എന്‍എസ്എസ് ശ്രമിച്ചിട്ടില്ല. അതിന് ആഗ്രഹവുമില്ല. അതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇനിയും സുപ്രീം കോടതി മറ്റൊരു വിധി പുറപ്പെടുവിച്ചാല്‍ അത് നടപ്പാക്കുമെന്ന നിലപാട് ആരുടെയും ഔദാര്യമല്ല. വിധി അനുകൂലമായാലും പ്രതികൂലമായാലും എന്‍എസ്എസ് വിശ്വാസവിഷയത്തില്‍ എടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

Read Also:എന്‍എസ്എസ് അംഗീകാരമുളള സംഘടന; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കോടിയേരി ബാലകൃഷ്ണന്‍

എന്‍എസ്എസുമായി ചര്‍ച്ചക്ക് തയാറാണെന്നറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്‍.എസ്.എസ്. കേരളത്തില്‍ അംഗീകാരമുള്ള സംഘടനയാണ്. ആ അംഗീകാരം എപ്പോഴും സി പി എം നല്‍കും. എന്‍എസ്എസുമായി ചര്‍ച്ചക്ക് മുന്‍കൈയ്യെടുക്കുന്നതില്‍ ദുരഭിമാനമില്ലെന്നുംആവശ്യമെങ്കില്‍ സിപിഎം മുന്‍കയ്യെടുത്ത് അങ്ങോട്ടുപോയി ചര്‍ച്ച നടത്തുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം കോടിയേരി പ്രതികരിച്ചത്. ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന എന്‍എസ്എസിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ സിപിഎം നടത്തുന്നുണ്ടെങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നറിയിച്ച് എന്‍എസ്എസ് വീണ്ടും നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More