എങ്ങനെ പ്രതികരിക്കണമെന്ന് കല്‍പിക്കാന്‍ ആര്‍ക്കും അവകാശമില്ല; സാംസ്‌കാരിക നായകന്മാരെ അധിക്ഷേപിച്ചത് ഹീനമെന്ന് മുഖ്യമന്ത്രി

കേരള സാഹിത്യ അക്കാദമിക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കയ്യേറ്റശ്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സാഹിത്യ അക്കാദമി മലയാള സാംസ്‌കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നതെന്നും അവിടെ ചെന്ന് സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ശക്തികള്‍ സാഹിത്യകാരന്മാരെ അധിക്ഷേപിച്ചത് അത്യന്തം ഹീനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എഴുത്തുകാരോട് എങ്ങനെ പ്രതികരിക്കണമെന്നു കല്‍പിക്കാന്‍ ആര്‍ക്കും അവകാശമില്ല. സാഹിത്യകാരന്മാരെ ഭര്‍ത്സിക്കുന്ന നടപടികള്‍ കേരളത്തിന്റെ സംസ്‌കാരത്തിന് നിരക്കുന്നതല്ല. അക്രമങ്ങള്‍ അനുവദിക്കുന്ന പ്രശ്‌നവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് കൊലപാതക രാഷ്ട്രീയത്തിനെതിരെ സാംസ്‌കാരിക നായകര്‍ മൗനം ഭുജിക്കുകയാണെന്നാരോപിച്ച് കേരള സാഹിത്യ അക്കാദമിയിലേക്ക് പ്രകടനവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്കാദമി പ്രസിഡന്റ് വൈശാഖന് വാഴപ്പിണ്ടി സമര്‍പ്പിച്ചത്.
‘സാംസ്‌കാരിക നായകരെ മൗനം വെടിഞ്ഞ് പ്രതികരിക്കൂ’ എന്ന മുദ്രാവാക്യവുമായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. നട്ടെല്ലിന് പകരം ഉപയോഗിക്കാന്‍ വാഴപ്പിണ്ടി എന്ന മുദ്രാവാക്യവും പ്രവര്‍ത്തകര്‍ മുഴക്കി. അക്കാദമിക്ക് അകത്ത് കയറുന്നത് പൊലീസ് തടഞ്ഞതോടെ അക്കാദമിയുടെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന പ്രസിഡന്റിന്റെ കാറിന് മുകളില്‍ പിണ്ടിവെച്ച് പ്രവര്‍ത്തകര്‍ മടങ്ങുകയായിരുന്നു. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടികൊന്ന സംഭവത്തില്‍ സാഹിത്യകാരന്മാര്‍ മൗനം പാലിക്കുന്നുവെന്ന് നേരത്തെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
Read more: കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണമാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്
കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഇന്നലെ രംഗത്തെത്തിയിരുന്നു. ഇത്രയും വലിയ അരുംകൊല നടന്നിട്ടും പ്രതികരിക്കാത്ത സാംസ്‌കാരിക നായകന്മാര്‍ എന്തിനാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഡീന്‍ ചോദിച്ചിരുന്നു. അവരെ കേരളത്തിന് ആവശ്യമില്ല. അഭിമന്യു മരിച്ചപ്പോള്‍ ആയിരം നാവുള്ള അനന്തന്മാരായി മാറിയ ചില സാംസ്‌കാരിക നായകന്മാര്‍ക്ക് ഇപ്പോള്‍ ഒന്നും പറയാനില്ലേ എന്നും ഡീന്‍ ചോദിച്ചിരുന്നു. കൊലപാതകത്തില്‍ പ്രതികരിക്കാത്ത സാംസ്‌കാരിക നായകന്മാര്‍ക്കെതിരെ കെഎസ്‌യുവും വിമര്‍ശനം ഉന്നയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here