പി കെ കുഞ്ഞനന്തന്റെ പരോള്‍; കെകെ രമ നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

ടി പി ചന്ദ്രശേഖരൻ വധക്കേസില്‍ ജയിലില്‍ തുടരുന്ന പി കെ കുഞ്ഞനന്തന് ചട്ടങ്ങൾ മറികടന്ന് പരോൾ നൽകിയത് ചോദ്യം ചെയ്ത് കെ കെ രമ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിലെ പതിമൂന്നാം പ്രതിയാണ് കുഞ്ഞനന്തൻ. നിയമാനുസൃതമായ പരോൾ മാത്രമെ അനുവദിച്ചിട്ടുള്ളൂവെന്നാണ് സര്‍ക്കാര്‍ വാദം.
എന്നാല്‍ കുഞ്ഞനന്തന് അസുഖത്തിന്‍റെ പേരിൽ തുടർച്ചയായി പരോൾ അനുവദിച്ചതിനെതിരെ ഹൈക്കോടതി നേരത്തെയും വിമർശിച്ചിരുന്നു. അസുഖമുണ്ടെങ്കിൽ സർക്കാർ ചികിത്സ നൽകുകയാണ് വേണ്ടതെന്നും പരോൾ അല്ല നൽകേണ്ടതെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത്.
പിണറായി സര്‍ക്കാറിന്റെ കാലത്ത് 20മാസത്തിനുള്ളില്‍ 193ദിവസമാണ് സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ കുഞ്ഞനന്തന് പരോള്‍ ലഭിച്ചത്. ടിപി കേസില്‍ 2014ജനുവരിയാണ് കുഞ്ഞനന്തനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജയിലില്‍ നിന്നെത്തി ഏരിയ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുമുണ്ട് കുഞ്ഞനന്തന്‍.
ReadAlso: ‘അസുഖമുണ്ടെങ്കില്‍ ആദ്യം ചികിത്സ നല്‍കൂ, പരോള്‍ പിന്നെയാകാം’; കുഞ്ഞനന്തന്റെ പരോളിനെതിരെ ഹൈക്കോടതി’
ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ശിക്ഷ റദ്ദാക്കി ജാമ്യം നല്‍കണമെന്നും കാണിച്ച് കുഞ്ഞനന്തന്‍ നല്‍കിയ ഹര്‍ജിയും കോടതിയുടെ മുന്നിലുണ്ട്. എന്നാല്‍ ജയിലിൽ സുഖമായി കിടന്നു കൂടെയെന്നായിരുന്നു കോടതിയുടെ ചോദ്യം. ഏഴ് വർഷവും ജയിലിലാണോ കിടന്നതെന്ന് ചോദിച്ച കോടതി, രേഖകളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കിടന്നിട്ടേയില്ല എന്നാണല്ലോ കാണുന്നതെന്നും ചൂണ്ടിക്കാണിച്ചു. എത്ര നാൾ പരോൾ കിട്ടിയെന്ന് ചോദിച്ച കോടതി ജയിലിൽ നിരവധി തടവ് പുളളികൾ ഉണ്ടല്ലോ, നടക്കാൻ വയ്യ എന്നതൊന്നും പ്രശ്നമല്ലെന്നും നിരീക്ഷിച്ചു.
ReadAlso: ടി.പി വധക്കേസിലെ കുറ്റവാളിയായ കുഞ്ഞനന്തന്റെ പരോള്‍ നീട്ടിയത് വിവാദത്തില്‍
ടി പി വധക്കേസ് പ്രതി കുഞ്ഞനന്തനെ മനുഷ്യ സ്നേഹി എന്ന് വിശേഷിപ്പിച്ച് സിപിഎം എംഎല്‍എ എ എന്‍ ഷംസീര്‍ രംഗത്ത് എത്തിയിരുന്നു, പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഷംസീറിന്റെ പ്രതികരണം. മാധ്യമങ്ങള്‍ കുഞ്ഞനന്തനെ ഭീകരനായി ചിത്രീകരിക്കുകയാണ്. പാനൂര്‍ മേഖലയിലെ യുഡിഎഫ് നേതാക്കളോട് ചോദിച്ചാലറിയാം ആരാണ് കുഞ്ഞനന്തനെന്ന്. ആ മനുഷ്യ സ്നേഹിയെ കുറിച്ച് അവിടെ പോയാലറിയാം. ഉദാത്തമായ മനുഷ്യ സ്നേഹിയാണ് കുഞ്ഞനന്തന്‍. അദ്ദേഹത്തെ തെറ്റായി ഉള്‍പ്പെടുത്തിയതാണ്. ആര്‍എസ്എസും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് ടി പി വധക്കേസ് എന്നായിരുന്നു ഷംസീറിന്റെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here