Advertisement

പെരിയ കൊലപാതകം: കുഞ്ഞിരാമന്മാരുടെ പങ്ക് അന്വേഷിക്കണമെന്ന് ചെന്നിത്തല; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും

February 21, 2019
Google News 1 minute Read
need law in sabarimala issue says ramesh chennithala

പെരിയ ഇരട്ടക്കൊലപാതകത്തില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്റേയും മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്റേയും പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ ശ്രമിക്കുന്നുണ്ട്. മാധ്യമങ്ങളോട് പ്രതികരിച്ച എ പീതാംബരന്റെ കുടുംബത്തെ കെ വി കുഞ്ഞിരാമന്‍ പണം നല്‍കി സ്വാധീനിച്ചു. കൊലപാതകത്തില്‍ സിപിഐഎമ്മിന്റെ ഉന്നത തലത്തില്‍ ഗൂഢാലോചന നടന്നു എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും ചെന്നിത്തല പറഞ്ഞു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more: കോണ്‍ഗ്രസുകാരന്‍ ചിതയില്‍ വയ്ക്കാനില്ലാത്ത വിധം ചിതറിപ്പോകും; കല്യാട്ട് വിപിപി മുസ്തഫ നടത്തിയ കൊലവിളി പ്രസംഗം

പാര്‍ട്ടി പറഞ്ഞിട്ടാണ് കൊല നടത്തിയതെന്നാണ് പീതാംബരന്റെ കുടുംബം ഇന്നലെ രാവിലെ പറഞ്ഞത്. ഉടന്‍ സി.പി.എം മുന്‍ എംഎല്‍എ കെ വികുഞ്ഞിരാമന്‍ അടക്കമുള്ള സിപിഐഎം നേതാക്കള്‍ പീതാംബരന്റെ വീട്ടില്‍ പോയി എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പാര്‍ട്ടി പുറത്താക്കിയ ഒരു പ്രതിയുടെ വീട്ടില്‍ കെ വി കുഞ്ഞിരാമന്‍ അടക്കമുള്ള സിപിഐഎം നേതാക്കള്‍ എന്തിന് പോയി എന്ന് ചെന്നിത്തല ചോദിക്കുന്നു. കൊലയാളി സംഘത്തിന് വാഹനം എത്തിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ആദ്യം പൊലീസ് കസ്റ്റഡിയില്‍ നിന്ന് ബലമായി മോചിപ്പിച്ചത് ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ടെന്നും ചെന്നിത്തല പറയുന്നു.

കെ കുഞ്ഞിരാമന്‍ എംഎല്‍എ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഉദുമ ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ച യോഗത്തിന് ശേഷം 16000 പേരാണ് ഭക്ഷണം കഴിച്ചത്. സ്വാഗത അധ്യക്ഷന്‍ എംഎല്‍എ ആയിരുന്നിട്ടും അദ്ദേഹം മാറിനിന്നു. സിപിഐഎം ജില്ലാ സെക്രട്ടറിയും പരിപാടിയില്‍ നിന്നും മാറി നിന്നു. അതില്‍ ദുരൂഹതയുണ്ട്. അന്ന് രാത്രിയാണ് കൊലപാതകം നടന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

കുഞ്ഞിരാമന് കാസര്‍ഗോട്ടെ കൊലപാതകവുമായി എന്താണ് ബന്ധമെന്ന് വിശദമായി അന്വേഷിക്കണം. കൃപേക്ഷിന്റെ സുഹൃത്തുക്കളായ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഐഎമ്മുകാരെ ഭയന്ന് ഇപ്പോഴും ഒളിവിലാണ്. കിരണ്‍, രജ്ഞിത്, കണ്ണന്‍ എന്നിവര്‍ക്ക് സ്വന്തം വീട്ടില്‍ കയറാന്‍ പോലും കഴിയുന്നില്ല. ഇവരുടെ ഫോട്ടോ സിപിഎമ്മുകാര്‍ അവരുടെ വാടസ്അപ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നു. ഇവരെ കണ്ടെത്തി പിടികൂടാന്‍ ആഹ്വാനം നല്‍കിയിരിക്കുകയാണ്. ഈ യൂത്ത്‌കോണ്‍ഗ്രസുകാരുടെ ജീവന്‍ അപകടത്തിലാണ്. ഇവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here