മുഖ്യമന്ത്രിയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി

കാസര്‍കോട് വിവിധ പരിപാടികള്‍ക്കായി എത്തിയ മുഖ്യമന്ത്രിയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കൊയിനാച്ചിയിൽ വെച്ചാണ് സംഭവം. കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന്റെ ശിലാ സ്ഥാപനത്തിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കൊലപാതകത്തെ ഒരു കാരണവശാലും ന്യായീകരിക്കാന്‍ സാധിക്കില്ല. ചിലര്‍ വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിച്ചു. ഇത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും മുഖ്യമന്ത്രി കാസര്‍ഗോഡ് പറഞ്ഞു.
തെറ്റായ ഒന്നിനേയും ഏറ്റെടുക്കേണ്ട കാര്യം സിപിഐഎമ്മിനില്ല. അതുകൊണ്ടാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അതിനെ തള്ളിപ്പറഞ്ഞത്. സിപിഐഎം എങ്ങനെ അത്തരത്തിലുള്ള സംഭവങ്ങളെ കാണുന്നു എന്നതിന് തെളിവാണത്. അങ്ങനെയുള്ള ആളുകള്‍ക്ക് സിപിഐഎമ്മിന്റേതായ ഒരു പരിരക്ഷയും നല്‍കില്ല. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിരുന്നു. അതേസമയം, പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല. നേരത്തെ പ്രവര്‍ത്തകരുടെ വീട്ടില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ താല്‍പര്യമുണ്ടെന്ന് സിപിഐഎം നേതൃത്വം ഡിസിസിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചപ്പോള്‍ പ്രാദേശിക പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് നേതൃത്വം നല്‍കിയ മറുപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here