ലാവലിൻ കേസ്; അന്തിമവാദം കേൾക്കുന്നത് മാറ്റിവച്ചു

എസ്എൻസി ലാവ്‌ലിൻ കേസിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹർജിയിൽ അന്തിമവാദം കേൾക്കുന്നത് മാറ്റിവെച്ചു. വാദത്തിന് കുറച്ചുകൂടി സമയം വേണമെന്ന സിബിഐ ആവശ്യത്തെ തുടർന്നാണ് കേസിൽ അന്തിമ വാദം കേൾക്കുന്നത് മാറ്റിയത്. ഏപ്രിൽ ആദ്യവാരമോ രണ്ടാംവാരമോ കേസിൽ വാദം കേൾക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
കേസിൽ എപ്പോൾ വേണമെങ്കിലും വാദം കേൾക്കാൻ തയ്യാറാണെന്നും എന്നാൽ വാദം കേൾക്കുന്നത് നീട്ടുകയാണ് ആവശ്യമെങ്കിൽ കേസ് മാറ്റിവെക്കാൻ സിബിഐക്ക് ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു. അതേസമയം ഹോളി അവധിക്ക് ശേഷം കേസിൽ വാദം കേൾക്കണമെന്ന് പിണറായി വിജയൻറെ അഭിഭാഷകൻ വി ഗിരി ആവശ്യപ്പെട്ടു.
വസ്തുതകൾ വിശദമായി പരിശോധിക്കാതെയാണെ് ലാവലിൻ കേസിൽ പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ വെറുതെ വിട്ടുകൊണ്ട് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
Read Also : തൊണ്ണൂറുകളിലെ അഴിമതികളിൽ മാപ്പു പറഞ്ഞ് ലാവലിൻ; ലാവലിൻ സിഇഒ നൈൽ ബ്രൂസിന്റെ കത്ത് 24 ന്
ജി. കാർത്തികേയൻ സംസ്ഥാന വൈദ്യുതി മന്ത്രി ആയിരുന്നപ്പോൾ 1996 ഫെബ്രുവരി 2 നാണ് എസ്എൻസി ലാവലിനുമായി കൺസൾട്ടൻസി കരാർ ഒപ്പ് വച്ചത്. എന്നാൽ, 1997 ഫെബ്രുവരി 10 ന് കൺസൾട്ടൻസി കരാർ സപ്ലൈ കരാറായി മാറി. കരാറിലെ ഈ മാറ്റം പിണറായി ലാവലിൻ കമ്പനിയുടെ അതിഥിയായി കാനഡയിലുള്ളപ്പോഴായിരുന്നു എന്ന് സിബിഐ സത്യവാങ്മൂലത്തിൽ പറയുന്നു. അക്കാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ, ഊർജ്ജ വകുപ്പ് മുൻ സെക്രട്ടറിയായിരുന്ന കെ. മോഹനചന്ദ്രൻ, ഊർജ്ജ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന എ. ഫ്രാൻസിസ് എന്നിവർ അറിയാതെ കരാറിൽ മാറ്റം ഉണ്ടാകില്ലെന്നാണ് സിബിഐ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിചാരണ നേരിടുന്നതിൽ നിന്ന് പിണറായി വിജയനേയും മറ്റ് രണ്ട് പേരെയും ഒഴിവാക്കി ഉത്തരവിടുമ്പോൾ ഹൈക്കോടതി ഈ വസ്തുത പരിഗണിച്ചില്ലെന്നാണ് സിബിഐ നിലപാട്.
ലാവലിൻ കരാറിലൂടെ എസ്എൻസി ലാവലിൻ കമ്പനിക്ക് വലിയ ലാഭം ഉണ്ടായി. കെഎസ്ഇബിക്ക് ഭീമമായ നഷ്ടവും ഉണ്ടായതായി സിബിഐ വ്യക്തമാക്കി. ലാവലിൻ കരാറുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും വസ്തുതകളും വിചാരണ ഘട്ടത്തിൽ പരിശോധിക്കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എന്നാൽ, പിണറായി വിജയനേയും മറ്റ് രണ്ട് പേരേയും വിചാരണ നേരിടുന്നതിൽ നിന്ന് ഒഴിവാക്കി. ഇത് തെറ്റായ നടപടിയാണെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയൻ, കെ. മോഹനചന്ദ്രൻ, എ. ഫ്രാൻസിസ് എന്നിവർ കെ.ജി രാജശേഖരൻ, ആർ. ശിവദാസൻ, കസ്തൂരിരംഗ അയ്യർ എന്നിവർക്കൊപ്പം വിചാരണ നേരിടണമെന്നാണ് സിബിഐ ആവശ്യം. സിബിഐ സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here