കലങ്ങി മറിയുന്ന കത്തും കണ്ണൂര്‍ സിപിഐഎമ്മിലെ കുത്തും

സിപിഐഎമ്മിന്റെ രാജ്യത്തെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് കണ്ണൂര്‍. പാര്‍ട്ടിയെ നയിക്കാനെത്തുന്നതും കണ്ണൂരില്‍ നിന്നുള്ള നേതാക്കളായിരുന്നു. വി എസ് അച്ചുതാനന്ദന്‍ ഒഴികെ പാര്‍ട്ടിയെ എല്ലാകാലത്തും നയിച്ചത് കണ്ണൂര്‍ സഖാക്കളായിരുന്നു. ഇകെ നായനാരും, ചടയന്‍ ഗോവിന്ദനും, പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും കണ്ണൂരില്‍ നിന്നുള്ളവരായിരുന്നു. കോടിയേരിയുടെ വിടവാങ്ങലിന് ശേഷം പാര്‍ട്ടി സെക്രട്ടറിയായതും കണ്ണൂരുകാരനായ എം വി ഗോവിന്ദനായിരുന്നു.
മുതിര്‍ന്ന നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന ഇപി ജയരാജന്‍ സംസ്ഥാന സെക്രട്ടറിയാവുമെന്നായിരുന്നു കരുതിയിരുന്നത്, അല്ലെങ്കില്‍ ഇപി ജയരാജനും അദ്ദേഹത്തിന്റെ ആരാധകരും ആഗ്രഹിച്ചിരുന്നത്. കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യകാരണങ്ങളാല്‍ അവധിയില്‍ പ്രവേശിച്ചപ്പോള്‍ താത്കാലിക സെക്രട്ടറിയായി അന്നത്തെ എല്‍ഡിഎഫ് കണ്‍വീനറായിരുന്ന എ വിജയരാഘവന്‍ എത്തി. പിന്നീട് പാര്‍ട്ടി സെക്രട്ടറിയായി എം വി ഗോവിന്ദനെ തിരഞ്ഞെടുത്തു. ഇതോടെയാണ് ഇപി പാര്‍ട്ടിയുമായി അകലുന്നത്.
തളിപ്പറമ്പില്‍ നിന്നും നിയമസഭാംഗമായ എംവി ഗോവിന്ദന്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ഇപി ജയരാജന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മട്ടന്നൂരില്‍ നിന്നും മത്സരിക്കാന്‍ ഇപിക്ക് താത്പര്യമുണ്ടായിരുന്നുവെങ്കിലും സീറ്റ് നിഷേധിച്ചു. പകരം മട്ടന്നൂര്‍ സീറ്റില്‍ കെകെ ശൈലജ മത്സരിച്ചു. മത്സരരംഗത്ത് നിന്നും മാറ്റി നിര്‍ത്തിയതില്‍ ഏറെ രോഷാകുലനായിരുന്നു ഇപി. എന്നാല്‍, ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദവും, മന്ത്രിസ്ഥാനത്ത് നിന്ന് മാറി നില്‍ക്കേണ്ടിവന്നതും മറ്റും പാര്‍ട്ടിയില്‍ ഇപി വിരുദ്ധ ഗ്രൂപ്പിന് മേല്‍ക്കൈ നേടാന്‍ സഹായകമായി.
ഇപിയുടെ മകന്റെ പേരില്‍ പാപ്പിനിശേരിയില്‍ നിര്‍മ്മിച്ച റിസോര്‍ട്ട് വന്‍വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പാര്‍ട്ടിയിലെതന്നെ ഒരു വിഭാഗം വൈദേകം
റിസോര്‍ട്ടിനെതിരെ ആരോപണവുമായി രംഗത്തെത്തി. പരാതിയും ആരോപണവുമുന്നയിച്ചവരെയെല്ലാം പാര്‍ട്ടി നിരവധി ന്യായവാദങ്ങള്‍ നിരത്തി പ്രതിരോധിച്ചെങ്കിലും ജയരാജന്‍മാര്‍ തമ്മിലുള്ള പോരാട്ടമായിരുന്നു വിവാദങ്ങള്‍ക്ക് പിന്നില്‍. പി ജയരാജനെതിരെ പിന്നീട് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന ജിന്റോ ആരോപണവുമായി എത്തിയതും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
പാര്‍ട്ടിയില്‍ ഏറെക്കുറെ തഴയപ്പെട്ട അവസ്ഥയിലാണ് ഇപി. സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടതോടെ നേതൃത്വവുമായി അകന്നുകഴിഞ്ഞ ഇപിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കുകയായിരുന്നു. പാര്‍ട്ടിയുടെ സമുന്നത പദവിയായ പൊളിറ്റ് ബ്യൂറോ അംഗത്വം സ്വപ്നം കണ്ടിരുന്ന ഇപി കേവലം മുന്നണി കണ്‍വീനര്‍ സ്ഥാനം കൊണ്ട് ഒതുങ്ങാന്‍ തയാറല്ലായിരുന്നു. എന്നാല്‍ പി ജയരാജന്റെ നേതൃത്വത്തില്‍ ഇപി ക്കെതിരെ വീണ്ടും പാര്‍ട്ടിയില്‍ പരാതിയെത്തി. വൈദേകം റിസോര്‍ട്ടില്‍ അനധികൃത നിക്ഷേപം ഉണ്ടെന്നായിരുന്നു ആരോപണം.
മകന് പങ്കാളിത്തമുള്ള വന്‍കിട റിസോര്‍ട്ടില്‍ ഇപി ജയരാജന്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന ആരോപണം കണ്ണൂര്‍ സിപിഐഎമ്മില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചു. ഭാര്യയുടെ പെന്‍ഷന്‍ തുകയാണ് വൈദേകം റിസോര്‍ട്ടില്‍ ഒരു ചെറിയ ഷെയര്‍ വാങ്ങാനായി ഉപയോഗിച്ചതെന്നായിരുന്നു ഇപിയുടെ മറുപടി. പാര്‍ട്ടി വിവാദത്തില്‍ അന്വേഷണം നടത്തി, ഇ പിയെ കുറ്റമുക്തനാക്കി.
പൊളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയ പരാതി ചോര്‍ന്ന വഴിയാണ് ഇപ്പോള്‍ നേതാക്കള്‍ അന്വേഷിക്കുന്നത്. കണ്ണൂര്‍ ജില്ലക്കാരനും പഴയകാല പാര്‍ട്ടി പ്രവര്‍ത്തകനുമാണ് ചെന്നൈ വ്യവസായി എന്നറിയപ്പെടുന്ന ഷര്‍ഷാദ്. ഇപി തന്നെ വിളിച്ചിരുന്നുവെന്ന് പരാതിക്കാരന്‍ വ്യക്തമാക്കിയതോടെ കണ്ണൂര്‍ പാര്‍ട്ടിയിലെ അനൈക്യത്തിന്റെ ഭാഗമാണ് വിവാദമാമെന്നായി ആരോപണം.
എംവി ഗോവിന്ദനെതിരെ നടക്കുന്ന നീക്കത്തില്‍ മുതിര്‍ന്ന നേതാക്കളെല്ലാം മൗനത്തിലാണ്. ആരോപണ വിധേയനായ രാജേഷ് കൃഷ്ണയുമായുള്ള ബന്ധം, യുകെ പ്രതിനിധിയായി പാര്‍ട്ടി കോണ്‍ഗ്രസില്‍ എത്തിയത്, തുടങ്ങി നിരവധി വിഷയങ്ങളില്‍ നേതൃത്വം മറുപടി പറയേണ്ടിവരും. പാര്‍ട്ടി സെക്രട്ടറിയുമായുള്ള വ്യക്തിപരമായുള്ള അടുപ്പത്തെ രാജേഷ് കൃഷ്ണ ഏതെങ്കിലും തരത്തില്‍ ഉപയോഗിച്ചുവോ എന്നാണ് ഉയരുന്ന പ്രധാന ചര്‍ച്ച. മകനുമായുള്ള അടുപ്പത്തില്‍ പാര്‍ട്ടിക്ക് ഇടപെടാന്‍ പറ്റില്ലെങ്കിലും പാര്‍ട്ടിക്ക് നല്‍കിയ പരാതി എങ്ങനെ രാജേഷിന്റെ കൈയ്യില്‍ എത്തിയെന്നതില്‍ നേതൃത്വം മറുപടി പറയേണ്ടിവരും. പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണമായതിനാല്‍ വളരെ ശ്രദ്ധിച്ചു പ്രതികരിക്കാനാണ് നേതാക്കളുടെ തീരുമാനം. ആരോപണം അധികദിവസം നീണ്ടുനില്‍ക്കില്ലെന്നായിരുന്നു പി ജയരാജന്റെ പ്രതികരണം.
മന്ത്രി സജി ചെറിയാന്‍ മാത്രമാണ് പാര്‍ട്ടി സെക്രട്ടറിയെ പൂര്‍ണമായും ന്യായീകരിച്ച് രംഗത്തെത്തിയത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ നേതാക്കള്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.
എം വി ഗോവിന്ദന്‍ പരിശുദ്ധനായ നേതാവെന്നാണ് മന്ത്രി സജി ചെറിയാന്റെ പ്രതികരണം. ഏതോ ഒരുത്തന്‍ യുകെയില്‍ നിന്നും വന്ന് എന്തെങ്കിലും കാട്ടിയാല്‍ അതൊന്നും പാര്‍ട്ടിയെ ബാധിക്കില്ലെന്നും അയാള്‍ കുഴപ്പക്കാരനാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത് തടഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. വെറുതെ ആരോപണങ്ങളുമായി വരുന്നത് കാര്യങ്ങള്‍ മനസിലാക്കാതേയാണെന്നും പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ഒന്നാന്തരം കലാകാരനാണ് എന്നും വളര്‍ന്നുവരുന്ന പ്രതിഭയെ ആരോപണങ്ങളുടെ പേരില്‍ തകര്‍ക്കരുതെന്നും സജീ ചെറിയാന്‍ പറഞ്ഞു.
Story Highlights : CPIM Letter controversy explained
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here