കോണ്‍ഗ്രസില്‍ ഇനി സ്ഥാനാര്‍ഥി തര്‍ക്കം; എംപിമാര്‍ അസംബ്ലിയിലേക്ക് മത്സരിക്കുന്നതില്‍ ഭിന്നത

അടുത്ത അസംബ്ലി തിരഞ്ഞെടുപ്പില്‍ ഏതൊക്കെ എംപിമാര്‍ മത്സരിക്കും ? ആറ് എംപിമാര്‍ വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചു എന്നാണ് പുറത്തുവരുന്ന വിവരം. തിരുവനന്തപുരത്തെ ശശി തരൂര്‍ മുതല്‍ വടകരയിലെ ഷാഫി പറമ്പില്‍ വരെ നീളുന്നു പട്ടിക.
കണ്ണൂര്‍ എംപി കെ സുധാകരന്‍, മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ്, ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ്, പത്തനംതിട്ട എംപി ആന്റോ ആന്റണി എന്നിവരാണ് മത്സരിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നത്. കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്നും മാറുമ്പോള്‍ കെ സുധാകരന്‍ ഹൈക്കമാന്റിന് മുന്നില്‍ വച്ച ഏക ഡിമാന്റ് കണ്ണൂര്‍ അസംബ്ലി മണ്ഡലത്തില്‍ നിന്നും അടുത്ത തവണ മത്സരിക്കാന്‍ അനുവദിക്കണമെന്നായിരുന്നുവത്രേ. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മന്ത്രി സ്ഥാനവും കെ സുധാകരന്‍ ലക്ഷ്യമിടുന്നുണ്ട്. കൊടിക്കുന്നില്‍ സുരേഷും മന്ത്രിയാവുകയാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ യുഡിഎഫ് കണ്‍വീനറാണ് അടൂര്‍ പ്രകാശ്. കോന്നിയില്‍ നിന്നും ജനവിധി തേടാനും, യുഡിഎഫിന്റെ കൈയ്യില്‍ നിന്നും നഷ്ടപ്പെട്ട കോന്നി മണ്ഡലം തിരിച്ചുപിടിക്കാനുമായി താന്‍ മത്സരിക്കേണ്ടതുണ്ടെന്ന് അടൂര്‍ പ്രകാശ് കെപിസിസി നേതൃത്വത്തെ ഇതിനകം അറിയിച്ചിട്ടുണ്ട്.
സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് നേരത്തെ തന്നെ ശശി തരൂര്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തന്നെ ഉയര്‍ത്തിക്കാണിക്കണമെന്നായിരുന്നു തരൂരിന്റെ ആവശ്യം. എന്നാല്‍ തരൂരിനെതിരെ ഗ്രൂപ്പുവ്യത്യാസമില്ലാതെ നേതാക്കള്‍ രംഗത്തുവന്നിരുന്നു. എഐസിസി തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് ശേഷം തരൂര്‍ നടത്തിയ നീക്കങ്ങളില്‍ ഒന്ന് കേരളത്തില്‍ മുഖ്യമന്ത്രിക്കസേര പിടിക്കുക എന്നതായിരുന്നു. മുസ്ലീം ലിഗ് നേതാക്കളുമായും, ചില സാമുദായിക നേതാക്കളുമായും തരൂര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. തരൂരിന്റെ നീക്കങ്ങള്‍ക്ക് ചിലകോണുകളില്‍ നിന്നും അനുകൂല പ്രതികരണവും ഉണ്ടായി.
എ ഗ്രൂപ്പിലെ ചില നേതാക്കള്‍ തരൂരിന് പിന്തുണയുമായി നേരത്തെ രംഗത്തുവന്നിരുന്നുവെങ്കിലും പിന്നീട് അവര്‍ പിന്‍വാങ്ങി. ഇപ്പോഴത്തെ സാഹചര്യത്തില്‍ തരൂരിനെ കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കാനുള്ള സാധ്യത വിരളമാണ്. നിരന്തരമായി കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ തരൂര്‍ കോണ്‍ഗ്രസ് വിടുമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചാലും ഒരു കോണില്‍ നിന്നും അനുകൂല പ്രതികരണം ഉണ്ടാവില്ലെന്ന് ഉറപ്പാണ്.
കെ സുധാകരന്റെ നീക്കത്തിനും പിന്തുണ ലഭിക്കാനുള്ള സാധ്യത കുറവാണ്. എംപി സ്ഥാനത്തു തുടരാന്‍ താത്പര്യമില്ലെന്നും, സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്നും കെപിസിസി അധ്യക്ഷസ്ഥാനത്തിരിക്കെ തന്നെ സുധാകരന്‍ വ്യക്തമാക്കിയതാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കാനില്ലെന്ന് ഹൈക്കമാന്റിനെ സുധാകരന്‍ അറിയിച്ചിരുന്നു. സിറ്റിംഗ് എംപിമാര്‍ എല്ലാവരും മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് കെ സുധാകരനും മത്സരിക്കാന്‍ നിര്‍ബന്ധിതനായത്. അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അധികാരം ലഭിക്കുമെന്ന സൂചന ലഭിച്ചതോടെയാണ് എംപിമാര്‍ കൂട്ടത്തോടെ നിയമസഭയിലേക്ക് മത്സരിക്കാന്‍ നീക്കം ആരംഭിച്ചത്. വടകരയില്‍ ഷാഫി പറമ്പിലും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും കടുത്ത തിരഞ്ഞെടുപ്പ് പോരാട്ടത്തെ അതിജീവിച്ചാണ് ജയിച്ചു കയറിയത്. എംപിമാര്‍ കൂട്ടത്തോടെ നിയമസഭയിലേക്ക് മത്സരിച്ചാല്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. ചില സീറ്റുകള്‍ നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്.
പാലക്കാട് എംഎല്‍എയായിരുന്ന ഷാഫിയെ വടകരയില്‍ ഇറക്കിയാണ് മണ്ഡലത്തില്‍ വന്‍വിജയം നേടിയത്. വടകര എംപിയായിരുന്ന കെ മുരളീധരനെ തൃശൂരിലേക്ക് മത്സരിക്കാനായി എത്തിച്ചതാണ് അവിടെ തിരിച്ചടിക്ക് കാരണമായത്. വട്ടിയൂര്‍കാവില്‍ നിന്നും എംഎല്‍എയായിരിക്കെ വടകരയില്‍ മത്സരിക്കാന്‍ പോയതോടെ ആ സീറ്റ് കോണ്‍ഗ്രസിന് നഷ്ടമായി. വടകര എംപിയായിരിക്കെ നേമത്ത് മത്സരിക്കാനായി എത്തിയ മുരളീധരന്‍ അവിടെ തോറ്റു. വടകരയില്‍ വിജയ സാധ്യതയുണ്ടായിട്ടും അവിടെ മത്സരിപ്പിക്കാതെ പാലക്കാട് എംഎല്‍എയായിരുന്ന ഷാഫിയെ സ്ഥാനാര്‍ഥിയാക്കി. പിന്നീട്, പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ രാഹുല്‍ മാങ്കൂട്ടത്തെ മത്സരിപ്പിച്ച് സീറ്റ് നിലനിര്‍ത്തുകയായിരുന്നു.
എംപിമാരുടെ ഈ നീക്കത്തോട് കെപിസിസി നേതൃത്വത്തിന്റെ നിലപാട് എന്തായിരിക്കുമെന്ന് വ്യക്തമല്ല. പുതിയ കെപിസിസി അധ്യക്ഷന്‍ എല്ലാ വിഭാഗം നേതാക്കളേയും ഒരുമിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. എന്നാല്‍ കെപിസിസി, ഡിസിസി പുനഃസംഘടന പോലും തര്‍ക്കം കാരണം പൂര്‍ത്തീകരിക്കാന്‍ പറ്റാതെ വന്നതോടെ ഹൈക്കമാന്റും നീരസത്തിലാണ്. ഇതിനു പിന്നാലെ ചില എംപിമാര്‍ വരുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചതില്‍ എഐസിസിക്ക് ശക്തമായ വിയോജിപ്പുണ്ട്.
എംപിമാര്‍ കൂട്ടത്തോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നീക്കം നടത്തുന്നതില്‍ കേരളത്തിലെ ഭൂരിപക്ഷം നേതാക്കളും വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. എംപിമാരായി തിരഞ്ഞെടുപ്പക്കപ്പെട്ട ഒരാളേയും നിയമസഭയിലേക്ക് മത്സരിപ്പിക്കരുതെന്നും, യുഡിഎഫിന് തിരിച്ചുവരാനുള്ള സാധ്യതയ്ക്ക് മങ്ങലേല്‍ക്കുമെന്നുമാണ് മുന്‍ കെപിസിസി അധ്യക്ഷനായ കെ മുരളീധരന്റെ ആദ്യപ്രതികരണം. അതിരൂക്ഷമായാണ് മുരളീധരന്‍ ഈ നീക്കത്തില്‍ പ്രതികരിച്ചിരിക്കുന്നത്. പ്രതിപക്ഷനേതാവ് വിഡി സതീശനടക്കമുള്ള നേതാക്കളും എംപിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് എതിരാണ്. ചിലര്‍ താത്പര്യം പ്രകടിപ്പിച്ചതല്ലാതെ അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതായിരിക്കുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം.
Story Highlights : Another candidate dispute in Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here