വിജയസാധ്യതയുള്ളത് മതി; കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യവുമായി മഹിളാ കോണ്‍ഗ്രസ്
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കണമെന്ന ആവശ്യവുമായി മഹിളാ കോണ്‍ഗ്രസ് രംഗത്ത്. ജയസാധ്യതയുള്ള മൂന്ന് സീറ്റുകളെങ്കിലും ആവശ്യപ്പെടുമെന്ന് മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് പറഞ്ഞു. പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയമുള്ള വനിതകള്‍ പാര്‍ട്ടിയിലുണ്ടെന്നും, നേതൃത്വം ഇവരെ പാര്‍ലമെന്ററി രംഗത്തേക്കെത്തിക്കാന്‍ തയ്യാറാകണമെന്നും ലതികാ സുഭാഷ് കോട്ടയത്ത് ആവശ്യപ്പെട്ടു.
മഹിളകള്‍ക്ക് സീറ്റ് നല്‍കേണ്ടി വരുമ്പോള്‍ വിജയ സാധ്യതയില്ലാത്ത സീറ്റുകള്‍ നല്‍കി മാറ്റി നിര്‍ത്തുന്ന പതിവ് ഇക്കുറി ആവര്‍ത്തിക്കരുതെന്നും, വിജയിക്കാന്‍ കഴിയുന്ന മൂന്ന് സീറ്റുകള്‍ ആവശ്യപ്പെടുമെന്നും ലതിക സുഭാഷ് പറഞ്ഞു. ഏറെ അനുഭവസമ്പത്തുള്ള വനിതാ പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലുണ്ടെന്നും ഇവരെ പാര്‍ലമെന്ററി രംഗത്തേക്ക് എത്തിക്കാന്‍ നേതൃത്വം ഇടപെടണമെന്നുമാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയുടെ ആവശ്യം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ സീറ്റ് മാത്രമാണ് മഹിളകള്‍ക്കായി മാറ്റിവച്ചത്. ഇക്കുറി ഏതെല്ലാം സീറ്റാണ് ആവശ്യപ്പെടുന്നതെന്ന ചോദ്യത്തോട് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പ്രതികരിച്ചില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വനിതകള്‍ക്കും യുവാക്കള്‍ക്കും പ്രാധാന്യം നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സീറ്റ് ആവശ്യം ശക്തമാക്കാനാണ് മഹിളാ കോണ്‍ഗ്രസിന്റെ നീക്കം.
അതേ സമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വം വീണ്ടും ചര്‍ച്ചയാക്കി കെ.പി.സിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും മത്സരിച്ചാല്‍ തെരഞ്ഞെടുപ്പിന്റ പ്രാധാന്യം വര്‍ധിക്കുമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ അഭിപ്രായം. എന്നാല്‍ ഇതിനായി ഹൈക്കമാന്‍ഡ് സമ്മര്‍ദ്ദം ചെലുത്തില്ലെന്നും തീരുമാനിക്കേണ്ടത് ഉമ്മന്‍ ചാണ്ടിയാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here