ഇന്ത്യയുടെ ആക്രമണം ഭയന്ന് പാക്കിസ്ഥാൻ; സജ്ജമായിരിക്കാൻ ആശുപത്രികൾക്ക് നിർദേശം

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാകുന്നതിന് പിന്നാലെ ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്ഥാൻ. അടിയന്തര ഘട്ടങ്ങളുണ്ടായാൽ സൈനികരുടെ ചികിത്സക്ക് തയ്യാറെടുക്കാൻ ബലൂചിസ്ഥാനിലെ ക്വറ്റയിലുള്ള ജിലാനി ആശുപത്രിക്കടക്കം പാകിസ്ഥാനിലുള്ള പ്രമുഖ ആശുപത്രികൾക്ക് പാക് അധികൃതർ നിർദ്ദേശം
നല്‍കിയതായാണ് റിപ്പോര്‍ട്ട്.
ഏതു നിമിഷവും ഇന്ത്യയുടെ ഭാഗത്തു നിന്ന് തിരിച്ചടിയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് പാകിസ്ഥാന്റെ നീക്കങ്ങൾ. യുദ്ധമുണ്ടായാൽ പരിക്കേൽക്കുന്ന സൈനികർക്ക് സഹായങ്ങൾ ലഭ്യമാക്കണമെന്ന് സ്വകാര്യ ആശുപത്രികൾക്കും നിർദ്ദേശം ലഭിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യം വിലയിരുത്താൻ വ്യാഴാഴ്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ രാഷ്ട്രീയ സൈനിക നേതാക്കളുടെ ഉന്നതതല യോഗം ചേർന്നിരുന്നു. ഏതു നിമിഷവും ഇന്ത്യൻ ആക്രമണം പ്രതീക്ഷിച്ചിരിക്കണമെന്നാണ് പാക് സൈന്യത്തിന് നിർദ്ദേശം നൽകിയിരിക്കുന്നതെന്നാണ് സൂചന.
യുദ്ധം മുന്നിൽക്കണ്ട് വേണ്ട തയ്യാറെടുപ്പുകൾ നടത്തിക്കൊള്ളാൻ പാക് അധീന കശ്മീരിലെ ജനങ്ങൾക്കും പാക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. രാത്രിയില്‍ അനാവശ്യമായി ലൈറ്റുകള്‍ തെളിയിക്കരുതെന്നും ആക്രമണങ്ങളുണ്ടായാൽ മറഞ്ഞിരിക്കുന്നതിനായി ബങ്കറുകൾ നിർമ്മിക്കാനും പാക് സർക്കാർ വിവരം നൽകിയിട്ടുള്ളതായാണ് വിവരം. ആളുകൾ വലിയ സംഘങ്ങളായി കൂടി നിൽക്കുന്നത് ഒഴിവാക്കണമെന്നും ചെറിയ സംഘങ്ങളായി പലയിടങ്ങളിലേക്ക് മാറണമെന്നുമാണ് നിർദേശം നൽകിയിരിക്കുന്നത്.കശ്മീർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ആഗോളതലത്തിൽ കരുക്കൾ ശക്തമാക്കുമെന്ന ഇന്ത്യയുടെ പ്രസ്താവനയെയും ഭയപ്പാടോടെയാണ് പാകിസ്ഥാൻ നോക്കിക്കാണുന്നത്.
അതേ സമയം പാക്കിസ്ഥാനെ ക്രിക്കറ്റ് ലോകകപ്പില്‍ പങ്കെടുപ്പിച്ചാല്‍ ഇന്ത്യ ലോകകപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് കാട്ടി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് നല്‍കാന്‍ ബിസിസിഎ തയ്യാറെടുക്കുകയാണ്. ബിസിസിഐ സിഇഒ രാഹുല്‍ ജോരി കത്ത് തയ്യാറാക്കിയിരുന്നു. പുല്‍വാമ ഭീകാരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ സമ്മര്‍ദ്ദം ചെലുത്തുന്ന ഇന്ത്യയുടെ നടപടിക്ക് ബിസിസിഐയുടെ ഭാഗത്തുനിന്ന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് കത്ത് തയ്യാറാക്കിയത്. ഇത് യോഗത്തില്‍ ചര്‍ച്ചയായി. പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ച് രാജ്യാന്തര ക്രിക്കറ്റ് കൈണ്‍സിലിനെ അറിയിക്കാനാണ് കത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായത്. കത്ത് ഐസിസിക്ക് ഉടൻ തന്നെ കൈമാറിയേക്കുമെന്നാണ് സൂചന. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാകുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here