പെരിയയിലേത് സാധാരണ രാഷ്ട്രീയ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കാനം രാജേന്ദ്രന്‍

പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പെരിയയിലേത് സാധാരണ രാഷ്ട്രീയ കൊലപാതകമെന്ന് കാനം രാജേന്ദ്രന്‍ ട്വന്റി ഫോറിന്റെ 360 യില്‍ പ്രതികരിച്ചു. ടി പി ചന്ദ്രശേഖരന്‍ മാതൃകയിലുള്ള കൊലപാതകമായി പെരിയയിലേത് കാണേണ്ടതില്ല. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
കേസില്‍ സിപിഐഎമ്മിനെ മനപൂര്‍വം പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.പി മുസ്തഫയുടേത് കൊലവിളി പ്രസംഗമല്ല. കൊല്ലും എന്ന് പറഞ്ഞാലേ കൊലയാകുകയുള്ളൂ. ആരെയും കൊല്ലുമെന്ന് മുസ്തഫ പറഞ്ഞിട്ടില്ല. കൊലവിളി പ്രസംഗമെന്നത് മാധ്യമങ്ങള്‍ ആലങ്കാരികമായി പറയുന്നതാണ്. ഒരു പ്രതിഷേധയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു അതെന്നും കാനം പറഞ്ഞു.
കേസില്‍ സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും നിലപാടില്‍ സിപിഐ തൃപ്തരാണ്. പൊലീസിന്റേ അന്വേഷണം ശരിയായ രീതിയിലാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. മന്ത്രി ഇ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചത് പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിനിധീകരിച്ചാണ്. കൊല്ലപ്പെട്ടവരുടെ വീട് എന്തുകൊണ്ട് സന്ദര്‍ശിച്ചില്ല എന്ന ചോദ്യത്തിന് ഇനിയും സമയമുണ്ടല്ലോ, താന്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഒരേ സമയം വിശ്വാസത്തിനായി നിലപാടെടുക്കുകയും സമദൂരം പോകുകയും ചെയ്യുന്ന എന്‍എസ്എസിന്റെ നിലപാടിനേയും കാനം രാജേന്ദ്രന്‍ നിശിതമായി വിമര്‍ശിച്ചു. എന്‍എസ്എസിന്റെ നിലപാട് ഇടത് മുന്നണിയെ ബാധിക്കുന്നതല്ല. ഒരു സമുദായ സംഘടനയുടേയും പിന്നാലെ പോകില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.
പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്താത്തതിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ പിണറായി വിജയനെ പിന്തുണച്ച് കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കൊല്ലപ്പെട്ടവരുടെ വീടുകളില്‍ പോകാന്‍ മുഖ്യമന്ത്രി സന്നദ്ധത അറിയിച്ചിരുന്നുവെന്നും സുരക്ഷാപ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണ് പോകാത്തതെന്നുമായിരുന്നു കാനത്തിന്റെ പ്രതികരണം. പട്ടാളവും പൊലീസുമായി മരണ വീട്ടില്‍ പോകുന്നത് ഉചിതമല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here