എന്‍എസ്എസ് മാടമ്പിത്തരം കാണിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

ആരുമായും ചര്‍ച്ചയ്ക്കില്ലെന്നറിയിച്ച എന്‍എസ്എസിനെനെതിരെ വീണ്ടും ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍എസ്എസ് മാടമ്പിത്തരം കാണിക്കുകയാണെന്ന് കോടിയേരി ആരോപിച്ചു. ചര്‍ച്ചയ്ക്ക് തയ്യാറാകാതെ എന്‍എസ്എസ് തമ്പ്രാക്കന്‍മാരെ പോലെ പ്രവര്‍ത്തിക്കുകയാണെന്നും മാടമ്പികളുടെ പിന്നാലെ സിപിഎം പോകില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. എന്‍എസ്എസ് അംഗീകാരമുള്ള സംഘടനയാണെന്നും എന്‍എസ്എസുമായി ചര്‍ച്ച നടത്താന്‍ സിപിഎം തയ്യാറാണെന്നും കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും എന്‍എസ്എസ് ഈ ആവശ്യം തളളുകയായിരുന്നു.
ശബരിമല വിഷയത്തില്‍ ഇനി ആരുമായും ചര്‍ച്ചയ്‌ക്കോ കൂടിക്കാഴ്ചയ്‌ക്കോ ഇല്ലെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കിയത്. എന്‍എസ്എസുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായിട്ടായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം. ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട സംസാരങ്ങളില്‍ അനുകൂല പ്രതികരണം കിട്ടിയില്ലെന്നും ഇനി ഒരു ചര്‍ച്ചയ്‌ക്കോ കൂടിക്കാഴ്ചയ്‌ക്കോ എന്‍എസ്എസിന് ആഗ്രഹമില്ലെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. എന്‍എസ്എസ് വിശ്വാസവിഷയത്തില്‍ എടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കും. നിലപാട് തിരുത്തേണ്ടത് സര്‍ക്കാരാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്ന ആവശ്യം നേരത്തെ മുഖ്യമന്ത്രിയുമായും സിപിഎം സംസ്ഥാന സെക്രട്ടറിയുമായും ഫോണിലൂടെ പല തവണ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ അനുകൂലമായ ഒരു പ്രതികരണമല്ല ഇരുവരില്‍ നിന്നുമുണ്ടായത്. പിന്നീട് അതു സംബന്ധിച്ച് ഒരു ചര്‍ച്ചയ്‌ക്കോ കൂടിക്കാഴ്ചയ്‌ക്കോ എന്‍എസ്എസ് ശ്രമിച്ചിട്ടില്ല. അതിന് ആഗ്രഹവുമില്ല. അതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇനിയും സുപ്രീം കോടതി മറ്റൊരു വിധി പുറപ്പെടുവിച്ചാല്‍ അത് നടപ്പാക്കുമെന്ന നിലപാട് ആരുടെയും ഔദാര്യമല്ല. വിധി അനുകൂലമായാലും പ്രതികൂലമായാലും എന്‍എസ്എസ് വിശ്വാസവിഷയത്തില്‍ എടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here