Advertisement

കിസാന്‍ സമ്മാന പദ്ധതി വോട്ടിന് വേണ്ടിയുളള കൈക്കൂലി: ആരോപണവുമായി ചിദംബരം

February 24, 2019
4 minutes Read

നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ ‘പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍നിധി’ ഉദ്ഘാടനം ചെയ്ത് മിനിറ്റുകള്‍ക്കകം പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്ത്. വോട്ടിന് വേണ്ടിയുള്ള കൈക്കൂലി നല്‍കലാണ് പദ്ധതിയെന്ന് ആരോപിച്ച ചിദംബരം, തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് തടയനാകാത്തത് കടുത്ത അപമാനമാണെന്നും വ്യക്തമാക്കി.

‘വോട്ടിന് വേണ്ടി കൈക്കൂലി നല്‍കുന്ന ദിവസമാണ് ഇന്ന്. വോട്ട് നേടാനായി 2000 രൂപ വീതം ബി.ജെ.പി സര്‍ക്കാര്‍ ഇന്ന് കര്‍ഷക കുടുംബങ്ങള്‍ക്ക് നല്‍കുകയാണ്. വോട്ട് നേടാനായി കൈക്കൂലി കൊടുക്കുന്നതിലും അപമാനകരമായ മറ്റൊരു കാര്യം ഒരു ജാനാധിപത്യ സമൂഹത്തില്‍ ഇല്ല’- ചിദംബരം ട്വീറ്റ് ചെയ്തു.

ബി.എസ്.പി നേതാവ് മായാവതിയും പദ്ധതിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തി. പദ്ധതി ക്രൂരവും ധിക്കാരപരവും രാജ്യത്തെ കര്‍ഷകരെ അപമാനിക്കുന്നതുമാണെന്ന് മായാവതി വ്യക്തമാക്കി. വര്‍ഷം 6000 രൂപ കര്‍ഷകര്‍ക്ക് നല്‍കുന്നതിലൂടെ അവര്‍ക്ക് ലഭിക്കുന്നത് മാസം 500 രൂപയും ദിവസം 17 രൂപയുമാണ്. ഇത്ത് ഭിക്ഷ നല്‍കുന്നതിന് തുല്യമാണ്. ബി.ജെ.പി സര്‍ക്കാരിന്റെ കര്‍ഷക സ്‌നേഹം കപടമാണെന്നും മായാവതി ആരോപിച്ചു.

രാജ്യത്തെ 12 കോടിയിലേറെവരുന്ന കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ മൂന്നു ഗഡുക്കളായി ആറായിരം രൂപയുടെ സഹായം നല്‍കുന്നതാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി. രണ്ട് ഹെക്ടറില്‍ കവിയാത്ത കൃഷിഭൂമിയുള്ള എല്ലാ കുടുംബങ്ങള്‍ക്കും പദ്ധതിയില്‍ അംഗമാകാം. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ ഇന്നുനടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബൃഹത്പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top