ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തണലേകാന്‍ ‘അപ്നാ ഘര്‍’; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

അന്യസംസ്ഥാന തൊഴിലാളികൾക്കായി സർക്കാര്‍ പാലക്കാട് നിര്‍മ്മിച്ച പാർപ്പിട സമുച്ചയമായ അപ്നാ ഘർ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട്ടെ മാതൃകയിൽ മൂന്നിടങ്ങളിൽ പാർപ്പിട സമുച്ചയം ഉടനൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്ത് ഇതാദ്യമായാണ് ആധുനികസൗകര്യങ്ങളോടു കൂടി തൊഴിലാളികൾക്ക് മാത്രമായൊരു താമസ സൗകര്യം നിലവിൽ വരുന്നത്.
കഞ്ചിക്കോടും വാളയാറും പരിസരത്തുമുളള ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇനി വൃത്തിഹീനമായ ക്യാംപുകളിലോ ഷെഡ്ഡുകളിലോ അന്തിയുറങ്ങേണ്ടി വരില്ല എന്നതാണ് അപ്നാ ഘറിന്‍റെ ഏറ്റവും വലിയ പ്രത്യേകത. കഞ്ചിക്കോട്ടെ അപ്നാ ഘറിൽ എത്രകാലം വേണമെങ്കിലും അവര്‍ക്ക് താമസിക്കാന്‍ കഴിയും.
ഡോർമെറ്ററി സംവിധാനത്തിൽ നാലുനിലകളിലായി 62 മുറികളുണ്ട് അപ്നാഘറില്‍. വലിയ അടുക്കളകളും, ഡൈനിംഗ് ഹാളും തുടങ്ങി കളിസ്ഥലം വരെ പാർപ്പിട സമുച്ചയത്തിലൊരുക്കിയിട്ടുണ്ട്.
800 രൂപയാണ് അപ്നാഘറില്‍ താമസിക്കുന്നവര്‍ക്കുള്ള മാസവാടക. തൊഴിൽവകുപ്പിന് കീഴിൽ ഭവനം ഫൗണ്ടെഷനാണ് പാർപ്പിട സമുച്ചയം നിർമ്മിച്ചത്. പുതിയ താമസസ്ഥലത്തെ വലിയ ആഹ്ളാദത്തോടെയാണ് മറുനാടന്‍ തൊഴിലാളികളും വരവേറ്റത്. സമുച്ചയം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതര സംസ്ഥാന തൊഴിലാളി ക്ഷേമം ലക്ഷ്യമിട്ട് കൂടുതൽ പദ്ധതികൾ ഉടൻ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലും അപ്നാഘറുകള്‍ ഉടന്‍ നിലവില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു.
ഇതര സംസ്ഥാന തൊഴിലാളികളും കേരളത്തിന്റ ഭാഗമാണെന്ന് ചടങ്ങില്‍ അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ പറഞ്ഞു. 10കോടി രൂപ ചെലവിട്ടാണ് പാർപ്പിടസമുച്ചയം നിർമ്മിച്ചത് .
അന്യദേശക്കാര്‍ക്കും അഭയമൊരുങ്ങുന്ന ഈ കേരളമാതൃക റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തരേന്ത്യയില്‍ നിന്നടക്കം ദേശീയമാധ്യമങ്ങള്‍ പാലക്കാട് എത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ കുടിയേറ്റ തൊഴിലാളികൾ ആൾക്കൂട്ട കൊലപാതകത്തിന് വരെ ഇരയാകുമ്പോള്‍ അവരെ ചേര്‍ത്തു നിര്‍ത്തുന്ന കേരളമാതൃക ദേശീയമാധ്യമങ്ങളുടെ അഭിനന്ദനം പിടിച്ചുപറ്റി.
മെച്ചപ്പെട്ട വേതനവും തൊഴിലിടവും ഉറപ്പുവരുത്തുന്ന സംസ്ഥാനം കേരളമല്ലാതെ മറ്റൊന്നുമില്ല. തൊഴിലാളികളുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ആവാസ് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി, സംശയനിവാരണത്തിനായി ജില്ലാതലത്തില്‍ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍, പാര്‍പ്പിട സൗകര്യം, കൂടുതല്‍ സുതാര്യമായ തൊഴിലിടങ്ങള്‍ സൃഷ്ടിക്കുന്നതിന് മലയാള ഭാഷ പഠിപ്പിക്കുന്ന പദ്ധതിയും സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്.
കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക് ഈ കെട്ടിടത്തിൽ താൽക്കാലികമായി താമസമൊരുക്കിയിരുന്നു. സംസ്ഥാനത്ത് മറ്റ് സ്ഥലങ്ങളിലും അപ്നാ ഘർ മാതൃകയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് കെട്ടിടമൊരുക്കാനും പദ്ധതിയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here