സിപിഎമ്മിനെ പിന്തുണക്കുന്നവർ നവോത്ഥാന നായകര്‍, എതിർക്കുന്നവർ മാടമ്പികളും: കെ മുരളീധരന്‍

കാസർകോട് പെരിയ ഇരട്ടക്കൊലപാതകത്തിന്‍റെ പേരില്‍ പാർട്ടി പുറത്താക്കിയ ഒന്നാം പ്രതിയുടെ വീട്ടിൽ എം എൽ എയും എം പിയും പാർട്ടി ജില്ലാ സെക്രട്ടറിയും സന്ദര്‍ശിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എംഎല്‍എ. നേതാക്കളുടെ സന്ദർശനത്തോടെ കൊലപാതകം പാർട്ടി ആസൂത്രണം ചെയതതാണെന്ന് വ്യക്തമായതായും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കാസർകോട് കൊലപാതകത്തില്‍ സിബിഐ അന്വേഷണത്തിനായി ഏതറ്റം വരെയും പോകും. സി പി എമ്മിനെ പിന്തുണക്കുന്നവർ നവോത്ഥാന നായകരും എതിർക്കുന്നവർ മാടമ്പികളുമാണെന്നതാണ് സി പി എം ശൈലി. പിണറായിയെ പ്രകീർത്തിച്ച് വാർത്താ സമ്മേളനം നടത്തിയ വെള്ളാപ്പള്ളി ഇപ്പോൾ നല്ലയാൾ, എതിർക്കുന്നതിനാൽ എന്‍ എസ് എസ് മോശക്കാര്‍ എന്ന ഈ രാഷ്ട്രീയ രീതി ശരിയല്ലെന്നും എന്‍ എസ് എസുമായി ചർച്ചക്ക് തയ്യാറെടുത്ത കോടിയേരിക്ക്, രണ്ട് ദിവസം കൊണ്ട് എങ്ങനെ അവർ മാടമ്പികളായി. മര്യാദയുടെ സകല സീമകളും ലംഘിക്കുന്നതാണ് കോടിയേരിയുടെ പല പ്രസ്താവനകളുമെന്നും അദ്ദേഹം വിമര്‍ശിച്ചു.
പീതാംബരനെ സംരക്ഷിക്കാനാണ് പാര്‍ട്ടി നീക്കം. കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണ്. ഇതിനു പിന്നിൽ സിപിഎം ജില്ലാ നേതൃത്വമാണ്. കുഞ്ഞനന്തന്‍ പരോളിൽ ഇറങ്ങുന്നത് ചികിത്സക്ക് തന്നെയോ അതോ തുടർ ക്വട്ടേഷന് വേണ്ടിയാണോ എന്നും മുരളീധരന്‍ ചോദിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. അതിന്റെ നിയമ നടപടികൾ പാർട്ടി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രകോപനപരമായ പ്രസംഗം നടത്തിയ വി പി പി മുസ്തഫക്ക് എതിരെ എന്ത് കൊണ്ട് ഇതുവരെ കേസെടുത്തില്ല. കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് ആരുടെയും അനുവാദം ആവശ്യമില്ല. താത്പര്യം ഇല്ലാത്തത് കൊണ്ടാണ് മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാത്തത്. മുഖ്യമന്ത്രി താത്പര്യം അറിയിച്ചിരുന്നുവെങ്കിൽ പാർട്ടി അതിനുള്ള സാഹചര്യം ഒരുക്കുമായിരുന്നു- മുരളീധരന്‍ പറഞ്ഞു.
ഷുഹൈബ് വധത്തിൽ പങ്കുള്ളവർക്ക് കാസർകോട് കൊലപാതകത്തിലും ബന്ധമുണ്ട്. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കുഞ്ഞനന്തൻ നിരപരാധിയാണെന്ന കോടിയേരിയുടെ പരാമർശം വരെ എന്തടിസ്ഥാനത്തിലാണെന്നും മുരളീധരന്‍ ചോദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here