മുന്നറിയിപ്പുമായി മോദി; കിസാന്‍ സമ്മാന്‍ നിധിയില്‍ സംസ്ഥാനങ്ങള്‍ രാഷ്ട്രീയം കളിക്കരുത്

കര്‍ഷകര്‍ക്ക് ആറായിരം രൂപ പ്രതിവര്‍ഷം ലഭിക്കുന്ന കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ സംസ്ഥാനങ്ങള്‍ രാഷ്ട്രീയം കളിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ കിസാന്‍ സമ്മാന്‍ നിധിയുടെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗത്തിലായിരുന്നു മോദിയുടെ മുന്നറിയിപ്പ്. സംസ്ഥാന സര്‍ക്കാരുകള്‍ ഇതില്‍ രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കുന്ന തുക എത്രയും വേഗത്തില്‍ കര്‍ഷകരിലേക്ക് എത്തിക്കുകയാണ് വേണ്ടതെന്നും മോദി വ്യക്തമാക്കി. കിസാന്‍ സമ്മാന്‍ നിധി പദ്ധതിയെച്ചൊല്ലി ആരെങ്കിലും രാഷ്ട്രീയം കളിച്ചാല്‍ കര്‍ഷകരുടെ ശാപത്താല്‍ അവരുടെ രാഷ്ട്രീയം തകരുമെന്നും മോദി പറഞ്ഞു. ആരെങ്കിലും പറയുന്നത് കേട്ട് തെറ്റിദ്ധരിക്കപ്പെടരുതെന്ന് മോദി കര്‍ഷകരെ ഉപദേശിക്കുകയും ചെയ്തു.
PM:Warn those state govts who are looking to play politics with #PMKisan Yojna, if you indulge in this then curse of farmers will destroy your politics.I appeal to farmers, don’t be misled by anyone. ‘Mahamilavti’ logon ke moonh utre huye the Parliament mein jab scheme batayi gyi pic.twitter.com/zIyHCjj3Qb
— ANI UP (@ANINewsUP) February 24, 2019
നേരത്തെ പദ്ധതിയുടെ ഉദ്ഘാടനത്തെച്ചൊല്ലി കേരളത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും സംസ്ഥാന കൃഷിമന്ത്രി വി എസ് സുനില്‍കുമാറും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. സംസ്ഥാനത്ത് പ്രധാനമന്ത്രി കിസാന്‍ സമ്മാനപദ്ധതിയുടെ ഉദ്ഘാടനം വ്യത്യസ്ത പരിപാടികളിലായി ഇന്ന് രണ്ട് പേരും നിര്‍വഹിച്ചിരുന്നു. തിരുവനന്തപുരം കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും കോട്ടയത്ത് കൃഷിമന്ത്രി വി എസ് സുനില്‍കുമാറുമാണ് ഉദ്ഘാടനങ്ങള്‍ നിര്‍വഹിച്ചത്. കഴക്കൂട്ടത്ത് നടന്ന പരിപാടിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ വിട്ടുനിന്നു. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരും തന്നെ പരിപാടിയില്‍ പങ്കെടുത്തില്ല. ഏതാനും ബിജെപി പ്രവര്‍ത്തകര്‍ മാത്രമാണ് അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടകനായ പരിപാടിയില്‍ പങ്കെടുത്തത്.
തിരുവനന്തപുരം സിഡിസിആര്‍ഐയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം നിര്‍വഹിച്ചതിന് പിന്നാലെയാണ് കോട്ടയത്ത് കൃഷി മന്ത്രി അതേ പദ്ധതി ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടികളുടെ ഭാഗമായാണ് പദ്ധതിയുടെ ഉദ്ഘാടനം കോട്ടയത്ത് സംഘടിപ്പിച്ചതെന്നും കഴക്കൂട്ടത്തെ പരിപാടിയെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്നും കൃഷി മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് കൃഷി മന്ത്രി ഉയര്‍ത്തിയത്. കേന്ദ്രം കാണിക്കുന്നത് അല്‍പ്പത്തരമാണെന്ന് പറഞ്ഞ സുനില്‍ കുമാര്‍ സര്‍ക്കാര്‍ പരിപാടികള്‍ പാര്‍ട്ടി പരിപാടികളാക്കി മാറ്റുന്ന നടപടി ശരിയല്ലെന്നും കൂട്ടിച്ചേര്‍ത്തു. ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണിത്. പ്രധാനമന്ത്രി കിസാന്‍ സമ്മാന പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന തലത്തില്‍ നടത്തുകയാണെങ്കില്‍ അത് അറിയിക്കേണ്ട ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ടെന്നും സുനില്‍കുമാര്‍ പറഞ്ഞിരുന്നു.
അതേ സമയം താന്‍ നടത്തിയത് ഉദ്ഘാടനം അല്ലെന്നും പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തില്‍ കര്‍ഷകരുമായി സംവദിക്കുന്നത് കേള്‍ക്കാനാണ് എത്തിയതെന്നുമായിരുന്നു കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രതികരണം. കടകംപള്ളിക്കും സുനില്‍കുമാറിനും വേണമെങ്കില്‍ ഗൊരഖ്പൂരില്‍ പോകാമായിരുന്നു. കോട്ടയത്ത് സുനില്‍കുമാര്‍ നടത്തിയത് മോഷണമാണെന്നും കേന്ദ്ര പദ്ധതി മോഷ്ടിച്ച് സ്വന്തമാക്കിയെന്നും അല്‍ഫോണ്‍സ് കണ്ണന്താനം ആരോപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here