കനയ്യകുമാർ ലോക്‌സഭയിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്നു; സ്ഥാനാർഥിയായാലും അല്ലെങ്കിലും മോദിക്കെതിരായ പ്രചരണത്തിൽ മുന്നിലുണ്ടാകുമെന്ന് കനയ്യ കുമാർ

ജെഎൻയു സമര നായകൻ കനയ്യകുമാർ ലോക്‌സഭയിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്നു. ബിഹാറിലെ ബെഗുസ രായ് മണ്ഡലത്തിലെ സി പി ഐ സ്ഥാനാർത്ഥിയാകും കനയ്യകുമാർ. സ്ഥാനാർഥിയായാലും അല്ലെങ്കിലും മോദിക്കെതിരായ പ്രചരണത്തിൽ മുന്നിലുണ്ടാവുമെന്ന് കനയ്യ കുമാർ തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ദേശദ്രോഹക്കുറ്റം റദ്ദാക്കണമെന്നാണ് തന്റെ നിലപാടെന്ന് മലപ്പുറത്ത് രണ്ട് വിദ്യാർത്ഥികൾക്കെതിരെ ഈ കുറ്റം ചുമത്തിയതിനെ പരാമർശിച്ച് കനയ്യകുമാർ വ്യക്തമാക്കി.ബെഗുസരായ് മണ്ഡലം ബിഹാറിലെ മോസ്‌ക്കോ എന്നാണ് അറിയപ്പെടുന്നത്. സിപിഐക്ക് സ്വാധീനമുള്ള മണ്ഡലം. ഇവിടെ സിപിഐ യുടെ സ്ഥാനാർഥിയാവും കനയ്യകുമാർ. സിപിഐ ജില്ലാ കൗൺസിൽ കനയ്യയുടെ പേര് ശിപാർശ ചെയ്തിട്ടുണ്ട്.
Read Also : ജനങ്ങൾ ഏറ്റെടുത്ത ആസാദി; കനയ്യകുമാർ പാടുന്നു
കശ്മീരിന് സ്വാതന്ത്ര്യം നൽകണമെന്ന നിലപാടു തനിക്കില്ല .തനിക്കെതിരെ കേസെടുക്കാൻ ഇടയാക്കിയ കശ്ശീർ മുദ്രാവാക്യം വ്യാജ നിർമിതമെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എങ്കിലും ദേശദ്രോഹക്കുറ്റം ഭരണകൂടങ്ങൾക്ക് ആർക്കുമെതിരെ പ്രയോഗിക്കാമെന്നതിനാൽ അത് റദ്ദാക്കണമെന്ന നിലപാടുകാരനാണ് താനെന്ന് മലപ്പുറത്തെ വിദ്യാർഥികളുടെ അറസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് കനയ്യകുമാർ മറുപടി നൽകി
കേരള നിയമസഭ സംഘടിപ്പിച്ച വിദ്യാർഥി പാർലമെൻറിൽ പങ്കെടുക്കാനാണ് കനയ്യകുമാർ തിരുവനന്തപുരത്തെത്തിയത്. അരാഷ്ട്രീയം പുതുതലമുറയിലെ പലർക്കും ഫാഷനായെന്നും ഇത്തരം കരിയറിസ്റ്റുകൾക്ക് നന്നായി പഠിച്ച് മന്ത്രിമാരുടെ പെട്ടി എടുപ്പുകാരോ ട്വിറ്റർ ഹാൻഡിൽ കൈകാര്യം ചെയ്യുന്നവരോ ആയി മാറാനേ കഴിയൂ എന്നും കനയ്യ കുമാർ പറഞ്ഞു. ആസാദി മുദ്രാവാക്യത്തോടെയാണ് കനയ്യകുമാർ പ്രസംഗം അവസാനിപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here