ആലുവയിലെ ജില്ലാ ആശുപത്രിയിൽ അത്യാധുനിക ഓപ്പറേഷൻ തീയറ്റർ

ആലുവ ജില്ലാ ആശുപത്രിയിൽ നിർമ്മാണം പൂർത്തിയായ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഓപ്പറേഷൻ തീയേറ്റർ കോംപ്ലക്സ് വ്യവസായ വകുപ്പു മന്ത്രി ഇ.പി. ജയരാജൻ നാടിനു സമർപ്പിച്ചു. അതിവേഗം വളരുന്ന ആലുവ നഗരം ആരോഗ്യരംഗത്തെ വികസന പ്രവർത്തനങ്ങളിലും വളർച്ച കൈവരിക്കുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ആശുപത്രിയിലെ ജീവനക്കാരുടെ ഒഴിവ് നികത്തുന്ന കാര്യം വകപ്പു മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താമെന്ന് അദ്ദേഹം ചടങ്ങിൽ ഉറപ്പു നൽകി.
മരുന്നു കമ്പനികളുടെ കഴുത്തറപ്പൻ വിലകളിൽ നിന്നും നാടിനെ രക്ഷിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനാണ് ആലപ്പുഴയിൽ മരുന്നു നിർമ്മാണ കമ്പനി ആരംഭിക്കുന്നത്. 158 തരം മരുന്നുകളാണ് ഉല്പാദിപ്പിക്കുന്നത്. ഇത് ന്യായമായ വിലയ്ക്ക് ജനങ്ങളിലെത്തിക്കും. അടുത്ത വർഷം മുതൽ കാൻസറിനുള്ള മരുന്ന് ഉല്പാദിപ്പിക്കുകയെന്നതും ലക്ഷ്യമിടുന്നുണ്ട്. അവയവം മാറ്റി വയ്ക്കുന്നവർക്ക് ആവശ്യമായ മരുന്നുകൾ ഉല്പാദിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് രോഗികളിലെത്തിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അൻവർ സാദത്ത് എംഎൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
നാല് മേജർ തീയേറ്ററും ഒരു മൈനർ തീയേറ്ററും ഉൾപ്പെടുന്ന ഓപ്പറേഷൻ തീയറ്റർ കോംപ്ലക്സിൽ ലോകോത്തര നിലവാരത്തിലുള്ള സംവിധാനങ്ങളാണ് ഉള്ളത്. ഇൻറൻസീവ് കെയർ യൂണിറ്റ്, ലാമിനാർ ഫ്ളോ സിസ്റ്റം, സെൻട്രൽ മെഡിക്കൽ ഗ്യാസ് സിസ്റ്റം, സെൻസർ ഡോറുകൾ, ബാക്ടീരിയ ഫ്രീ വാട്ടർ, അൾട്രാസൗണ്ട് ക്ലീനിംഗ് ഡിവൈസുകൾ, അനസ്തേഷ്യാ വർക്ക് സ്റ്റേഷൻ, തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ ഇൻസുലേറ്റഡ് തീയറ്റർ കോംപ്ലക്സാണ് നിർമ്മാണം പൂർത്തിയായിട്ടുള്ളത്.
ജില്ലാ പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നും അഞ്ചു കോടി രൂപ വിനിയോഗിച്ചാണ് കോംപ്ലക്സ് നിർമ്മാണം പൂർത്തിയാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ, വൈസ് പ്രസിഡന്റ് അഡ്വ.ബി.എ.അബ്ദുൾ മുത്തലിബ്, ജി.സി ഡി എ ചെയർമാൻ അഡ്വ.വി.സലീം, ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ. പ്രസന്നകുമാരി, ഡോ. സുധീർ, തദ്ദേശ സ്വയംഭരണം എക്സി.എഞ്ചിനീയർ ടി.എൻ. മിനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.വി.ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here