പാകിസ്ഥാൻ പാർലമെന്റിൽ ഇമ്രാൻ ഖാനെതിരെ ‘ഷെയിം ഷെയിം’ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം

ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ‘ഷെയിം ഷെയിം’ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം.
സഭാ നടപടികളുടെ ഭാഗമായി ഇമ്രാൻ ഖാൻ പാർലമെന്റിനകത്ത് എത്തിയപ്പോഴായിരുന്നു പ്രതിപക്ഷ പാർട്ടി നേതാക്കളുടെ പ്രതിഷേധം. പാർട്ടി നേതാക്കൾ എഴുനേറ്റ് ‘ഷെയിം, ഷെയിം’ എന്ന മുദ്രാവാക്യം ഉയർത്തിയെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ന് വെളുപ്പിന് മൂന്നരയോടെയാണ് ഇന്ത്യ പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായുള്ള പ്രത്യാക്രമണം തുടങ്ങിയത്. ബലാകോട്ടിൽ ഇന്ന് പുലർച്ചെ 3.45 നും, മുസാഫറാബാദിൽ 3.48നും, ചകോതിയിൽ 3.58നുമായിരുന്നു ആക്രമണം.
Read Also : തിരിച്ചടിച്ച് ഇന്ത്യ; വ്യോമാക്രമണത്തിന്റെ വീഡിയോ പുറത്ത്
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്. എന്നാൽ ഏത് തരത്തിലുള്ള തിരിച്ചടിക്കാണ് പാക്കിസ്ഥാൻ മുതിരുകയെന്ന കാര്യത്തിൽ വ്യക്തതയില്ല.
ഇന്ത്യ ആക്രമിക്കുകയാണെങ്കിൽ തിരിച്ചടിക്കാൻ പാക്കിസ്ഥാൻ രണ്ടാമതൊന്ന് ചിന്തിക്കില്ലെന്ന് ഇമ്രാൻ ഖാൻ അടുത്തിടെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പാക്കിസ്ഥാൻ യുദ്ധത്തിന് ഒരുക്കമാണെങ്കിൽ പിന്നെ ഞങ്ങൾക്കാണോ മടിയെന്നായിരുന്നു ഇതിന് മറുപടിയായി കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here