രാജ്യവിരുദ്ധ പോസ്റ്റര്‍; അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം

മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ രാജ്യതാത്പര്യ വിരുദ്ധ പോസ്റ്റര്‍ പതിച്ച വിഷയത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം. മലപ്പുറം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മലപ്പുറം ഗവണ്മെന്റ് കോളേജ് വിദ്യാര്‍ഥികളായ റിന്‍ഷാദിനെയും മുഹമ്മദ് ഫാരിസിനെയും രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.
രാജ്യ താല്‍പര്യത്തിന് വിരുദ്ധമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്റര്‍ പതിച്ചതാണ് കേസ്. വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിച്ച മലപ്പുറം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.ജില്ല വിട്ടു പോകരുത്, എല്ലാ ദിവസവും പോലീസ് സ്റ്റേഷനില്‍ ഹാജരാകണം,പാസ്‌പോര്‍ട്ട് പോലീസില്‍ ഏല്‍പ്പിക്കണം തുടങ്ങിയ ഉപാധികളോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ത്ഥികള്‍ കുറ്റം നിഷേധിച്ചിരുന്നു.
സംഘപരിവാര്‍ വിരുദ്ധ പോസ്റ്റര്‍ മാത്രമാണ് തങ്ങള്‍ പതിച്ചതെന്നും മറ്റുള്ളവ തങ്ങളുടെതല്ലെന്നുമാണ് വിദ്യാര്‍ത്ഥികളുടെ വാദം.അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറം എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ്.രണ്ടു ദിവസം മുമ്പാണ് ഇവര്‍ ക്യാമ്പസില്‍ പോസ്റ്ററുകള്‍ പതിച്ചത്. പ്രിന്‍സിപ്പലാണ് വിവരം മലപ്പുറം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് റിന്‍ഷാദിനെയും മുഹമ്മദ് ഫാരിസിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.പുറമെ നിന്നുള്ള ആരുടെയെങ്കിലും പിന്തുണ വിദ്യാര്‍ത്ഥികള്‍ക്കുണ്ടോയെന്ന് അന്വേഷിച്ച് വരുകയാണ്. ഇവരുടെ കോള്‍ ലിസ്റ്റ് അടക്കമുള്ളവ പരിശോധിച്ചുവരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here