സൈന്യം ഉണര്‍ന്നിരിപ്പുണ്ടെന്ന് അര്‍ദ്ധരാത്രി പാക് പ്രതിരോധമന്ത്രാലയത്തിന്റെ ട്വീറ്റ്; മണിക്കൂറുനുള്ളില്‍ ഇന്ത്യയുടെ അപ്രതീക്ഷിത തിരിച്ചടി

ഇന്നലെ അര്‍ദ്ധരാത്രി 12.06 ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രാലയം ഒരു ട്വീറ്റ് ചെയ്തു. നിങ്ങൾ നന്നായി ഉറങ്ങിക്കോളൂ, പാക് സൈന്യം ഉണര്‍ന്നിരിപ്പുണ്ട്’ എന്നായിരുന്നു ആ ട്വീറ്റ്. ട്വീറ്റ് വന്ന് മണിക്കൂറുകള്‍ക്കകമായിരുന്നു ഇന്ത്യയുടെ മിന്നല്‍ ആക്രമണം. ഒട്ടും പ്രതീക്ഷിക്കാതെയുള്ള തിരിച്ചടിയില്‍ പാകിസ്ഥാന്‍ അക്ഷരാര്‍ത്ഥത്തില്‍ പതറി. ഉണർന്നിരിക്കുന്നുവെന്ന് ട്വീറ്റ് ചെയ്തിട്ടും തക്കസമയത്ത് ഉണർന്നു പ്രവർത്തിക്കാൻ സൈന്യത്തിനായില്ല എന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.
“Sleep tight because PAF is awake.” #PakistanZindabad pic.twitter.com/Wlriv5ZJRr
— Pakistan Defence (@DefencedotPak) 25 February 2019
ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടി നടത്തിയത്. ചകോട്ടി, ബാലാകോട്ട്, മുസഫറബാദ് എന്നീ മൂന്ന് മേഖലകളിലാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂം പൂര്‍ണ്ണമായും തകര്‍ത്തു. മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. 12 വിമാനങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. 1000 കിലോ ബോംബുകളും ഇന്ത്യ വര്‍ഷിച്ചു. ലേസര്‍ നിയന്ത്രിത ബോംബുകളാണ് ഇന്ത്യ ഉപയോഗിച്ചതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം 21 മിനിട്ട് നീണ്ടു നിന്നു.
രാജ്യത്തെ നടുക്കിയ പുല്‍വാമ ആക്രമണത്തിന് 12 ദിവസത്തിന് ശേഷമാണ് ഇന്ത്യ തിരിച്ചടി നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. 40 സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികമായ സ്ഥിരീകരണം. പരിശീലനം കഴിഞ്ഞ് ജമ്മു ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനികവാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് പിന്നീട് ഏറ്റെടുത്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here