പുരസ്‌കാരനിറവില്‍ മജീദിന്റെയും സുഡുവിന്റെയും ഉമ്മ; സാവിത്രി ശ്രീധരന്‍ സംസാരിക്കുന്നു

– രേഷ്മ വിജയന്‍
‘ഇത് ഇങ്ങടെ പെങ്ങള്‍ക്ക് കൊടുത്തോളീ’…സുഡുവിന്റെ കൈയ്യില്‍ സ്വര്‍ണക്കമ്മല്‍ വച്ചുനീട്ടുന്ന ഉമ്മ… സ്‌നേഹത്തിന്റെ കാല്‍പ്പന്ത് തട്ടി പ്രേക്ഷകരുടെ ഹൃദയവല കീഴടക്കിയ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രം കണ്ടവര്‍ക്ക് മറക്കാനാകാത്ത രംഗമാണിത്. നന്മയുടെ സുഡാനിക്കാലം കാഴ്ചക്കാര്‍ക്ക് സമ്മാനിച്ച സിനിമയിലെ ഈ നന്മ തന്നെയാണ് മജീദിന്റെയും സുഡുവിന്റെയും ഉമ്മയെ മലയാളികളുടെ മുഴുവന്‍ അമ്മയാക്കി മാറ്റിയത്.
അരനൂറ്റാണ്ടായി നാടകങ്ങളിലെ നിറസാന്നിധ്യമായ കോഴിക്കോടുകാരി സാവിത്രി ശ്രീധരന്റെ പ്രതിഭയ്ക്ക് ലഭിച്ച അംഗീകാരമാണ് സുഡാനിയിലൂടെ മികച്ച സഹനടിക്കുളള സംസ്ഥാന പുരസ്‌കാരം. പുരസ്‌കാരത്തിളക്കത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട ഉമ്മ, സാവിത്രി ശ്രീധരന്‍ സംസാരിക്കുന്നു.
ആദ്യ ചിത്രം, മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം…
പുരസ്‌കാരം ലഭിച്ചത്തിൽ വളരെയധികം സന്തോഷമുണ്ട്. നിരവധി ആളുകൾ വിളിച്ചു, അഭിനന്ദിച്ചു. നാട്ടുകാർ ആശംസകളുമായി എത്തി. ജീവിതത്തിൽ ആദ്യമായാണ് ഇത്രയും അംഗീകാരം ഏറ്റുവാങ്ങുന്നത്. അതിൽ പറഞ്ഞറിയിക്കാനാകാത്ത അത്ര സന്തോഷമുണ്ട്.
പുരസ്‌കാരം അപ്രതീക്ഷിതം…
അവാർഡ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മാധ്യമങ്ങളിലൂടെയാണ് പുരസ്‌കാരം ലഭിച്ച വിവരം അറിഞ്ഞത്. ഒരുപാട് സന്തോഷവും അഭിമാനവും തോന്നിയ നിമിഷമായിരുന്നു അത്.
Read More: സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടന്‍ ജയസൂര്യയും സൗബിനും, നടി നിമിഷ സജയന്‍
പുരസ്‌കാരം നാട്ടുകാര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും
എന്റെ നാട്ടുകാർക്കും സുഡാനി ഫ്രം നൈജീരിയയിലെ മുഴുവൻ അണിയറപ്രവർത്തകർക്കുമായി ഈ അവാർഡ് സമർപ്പിക്കുന്നു.
സുഡാനിയിലേക്ക്…
സുഡാനി സിനിമയുമായി ബന്ധപ്പെട്ട കുറച്ചു ചെറുപ്പക്കാർ വീട്ടിലേക്ക് വന്നു. അവരുടെ പുതിയ സിനിമയിൽ അമ്മയുടെ വേഷം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ‘ചേച്ചി ഞങ്ങളുടെ സിനിമയിൽ അഭിനയിക്കണം’ എന്ന് പറഞ്ഞു. സിനിമയിൽ അഭിനയിച്ച് പരിചയം ഇല്ലായിരുന്നു. വർഷങ്ങൾക്ക് മുൻപ് എം ടി സാറിന്റെ കടവ് എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്തതൊഴിച്ചാല്‍ സിനിമ തീർത്തും അപരിചിതമായ ലോകമായിരുന്നു. 50 വർഷത്തിലേറെയായി നാടകങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഞാനും സരസയും (സരസ ബാലുശ്ശേരി) നാടകം കൊണ്ട് ഉപജീവനം നടത്തിയിരുന്നവരാണ്. സരസ ഉണ്ടെന്ന് പറഞ്ഞപ്പോൾ കുറച്ചു ധൈര്യം തോന്നി. ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ നിര്‍ബന്ധവും അവര്‍ നല്‍കിയ ആത്മവിശ്വാസവുമാണ് ചിത്രത്തിലേക്ക് നയിച്ചത്.
ഉയരമില്ല, ആശങ്കയുണ്ടായിരുന്നു…
സിനിമയിൽ അഭിനയിക്കാൻ പേടി ഉണ്ടായിരിക്കുന്നു. അഭിനയിച്ചാൽ എത്രത്തോളം നന്നാകുമെന്ന ആശങ്ക ആയിരുന്നു. എനിക്ക് പൊതുവെ ഉയരക്കുറവാണെന്ന അപകർഷതാ ബോധം ഉണ്ട്. സിനിമ പോലെ ഒരു ഗ്ലാമര്‍ ലോകത്തില്‍ തനിക്ക് ചേരുന്ന വേഷങ്ങള്‍ ലഭിക്കുമോ എന്ന സംശയം ഉണ്ടായിരുന്നു. എന്നാല്‍ ഷൂട്ടിങ്ങ് ആരംഭിച്ചതോടെ എല്ലാ പേടിയും മാറി.
ഷൂട്ടിങ്ങ് അനുഭവങ്ങള്‍…
ഷൂട്ടിങ്ങ് അനുഭവം ഒരിക്കലും മറക്കാനാകില്ല. സിനിമയില്‍ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആദ്യമായാണ്. സംവിധായകനും പ്രൊഡ്യൂസറും അഭിനേതാക്കളുമെല്ലാം പിന്തുണ നല്‍കി.
സൗബിന്‍ നല്ല മനുഷ്യന്‍…
സൗബിന്‍ നല്ല അഭിനേതാവ് മാത്രമല്ല നല്ല മനുഷ്യന്‍ കൂടിയാണ്. ചെറിയ തെറ്റുകള്‍ പോലും സ്‌നേഹത്തോടെ പറഞ്ഞ് തിരുത്തി തന്നിരുന്നു. ഒരുമിച്ചുളള രംഗങ്ങളിലൊക്കെ സൗബിന്റെ പിന്തുണ കൊണ്ടാണ് സമ്മര്‍ദ്ദമില്ലാതെ അഭിനയിക്കാന്‍ സാധിച്ചത്. സെറ്റില്‍ എല്ലാവരും നല്ല സ്‌നേഹത്തിലാണ് ഇടപെട്ടത്.
സാമുവല്‍ റോബിന്‍സണ്‍, സ്വന്തം സുഡു…
സാമുവല്‍ റോബിന്‍സണോട് എല്ലാവരും ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. ഞാനും സരസയും സ്‌നേഹത്തിന്റെ ഭാഷയിലാണ് സംസാരിക്കുക. ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് അധികം സംസാരിക്കാറില്ലായിരുന്നു. എന്നെ കാണുമ്പോള്‍ ‘ഹായ് മമ്മ… ‘എന്ന് വിളിക്കും ഞാന്‍ തിരികെ ‘ഹായ് സുഡു’വെന്നും. അതില്‍ ഞങ്ങളുടെ സംസാരം അവസാനിച്ചിരുന്നു.
വീട്ടില്‍ പൂര്‍ണപിന്തുണ…
വീട്ടില്‍ ആരും കലാരംഗത്തില്ല. എങ്കിലും കലയോട് അഭിനിവേശമുണ്ട്. സിനിമയില്‍ അഭിനയിക്കുന്നതിനോട് കുടുംബാംഗങ്ങള്‍ക്ക് എതിര്‍പ്പില്ലായിരുന്നു.
Read More: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ കടുത്ത ചേരിതിരിവ്
നാടകം, സിനിമ…
നാടകവും സിനിമയും രണ്ട് വ്യത്യസ്ത മേഖലകളാണ്. നാടകത്തില്‍ ഭാവാഭിനയവും ശബ്ദവും കൂടുതല്‍ തീവ്രമാണ്. വളരെ പിന്നിലിരിക്കുന്ന കാണികള്‍ക്ക് പോലും കേള്‍ക്കാന്‍ കഴിയുന്ന വിധത്തില്‍ ഉറക്കെ സംസാരിക്കണം. എന്നാല്‍ സിനിമയില്‍ ഓവര്‍ ആക്ഷന്റെ ആവശ്യമില്ല. സാധാരണ ജീവിതത്തില്‍ പെരുമാറുന്ന രീതിയിലാണ് അഭിനയിക്കേണ്ടത്.
സിനിമാമോഹം…
കലാകാരന്മാരുടെ ഏറ്റവും വലിയ ആഗ്രഹം സിനിമ തന്നെയാണ്. നാടകത്തില്‍ അഭിനയിക്കുമ്പോഴും സിനിമ എന്ന മോഹം
മനസ്സില്‍ സൂക്ഷിച്ചിരുന്നു.
കൈനിറയെ ചിത്രങ്ങള്‍…
പുതിയ ചിത്രങ്ങളില്‍ ഷൂട്ടിങ്ങ് കഴിഞ്ഞത് ആഷിഖ് അബുവിന്ററെ ‘വൈറസ്’ എന്ന ചിത്രമാണ്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘മേരാ നാം ഷാജി’ എന്ന സിനിമയിലും അഭിനയിച്ചു. ശ്രീനിവാസന്‍ ഉള്‍പ്പെടെയുളള പ്രമുഖ താരങ്ങളും ഈ
ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
മജീദിന്റെയും സുഡുവിന്റെയും ഉമ്മയുടെ മുഖത്തിപ്പോള്‍ ആത്മവിശ്വാസത്തിന്റെ നിറപുഞ്ചിരിയാണ്. ആദ്യ ചിത്രത്തില്‍ തന്നെ സംസ്ഥാന പുരസ്‌കാരം നേടിയതിന്റെ അഭിമാനവും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here