മുല്ലപ്പള്ളി രാമചന്ദ്രന്റെ ജനമഹായാത്ര തിരുവനന്തപുരത്ത് സമാപിച്ചു

കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിച്ച ജനമഹായാത്ര തിരുവനന്തപുരത്ത് സമാപിച്ചു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20 സീറ്റുകളിലും വിജയിക്കുകയെന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് യോഗത്തില്‍ സംസാരിച്ച നേതാക്കള്‍ പറഞ്ഞു. രാജ്യസുരക്ഷക്കായി പോരാടുന്ന സൈനികരെ മറപിടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു.
കൊലപാതക രാഷ്ട്രീയത്തിന്റെ പ്രതീകമായി സംസ്ഥാനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. കേരളത്തിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് സമാപനസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അതിര്‍ത്തിയിലെ നിലവിലെ സംഘര്‍ഷത്തെ പ്രധാനമന്ത്രിയും ബിജെപിയും ലാഘവത്തോടെയാണ് കാണുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ജനവിരുദ്ധതയുടെ കാര്യത്തില്‍ മോദി സര്‍ക്കാരും പിണറായി സര്‍ക്കാരും ഒരുപോലെയാണെന്നും കോര്‍പ്പറേറ്റുകളെ പിന്തുണക്കുന്ന മോദി സര്‍ക്കാരിനും അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളായ പിണറായി സര്‍ക്കാരിനും ജനം വരുന്ന തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കെപിസിസി പ്രചരണ വിഭാഗം ചെയര്‍മാന്‍ കെ.മുരളീധരന്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍,മുന്‍ കെപിസിസി അധ്യക്ഷന്മാരായ തെന്നല ബാലകൃഷ്ണപിള്ള, വി.എം സുധീരന്‍, എം.എം ഹസന്‍ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു കൊണ്ടു കൂടിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ നേതൃത്വത്തില്‍ 140 നിയമസഭാ മണ്ഡലങ്ങളിലൂടെയും ജനമഹായാത്ര പര്യടനം നടത്തിയത്. ഫെബ്രുവരി മൂന്നിനാണ് കാസര്‍കോഡ് നിന്നും യാത്ര ആരംഭിച്ചത്. എ.കെ.ആന്റണിയാണ് കാസര്‍കോട് യാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here