Advertisement

വൈമാനികന്‍റെ തിരിച്ച് വരവിന് രാജ്യം കാത്തിരിക്കുമ്പോള്‍ മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിലെന്ന് പ്രതിപക്ഷം

February 28, 2019
Google News 1 minute Read

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥക്കിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകുന്നതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷം. പാക് കസ്റ്റഡിയിലുള്ള വൈമാനികന്‍റെ തിരിച്ച് വരവിന് രാജ്യം കാത്തിരിക്കുമ്പോള്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണവുമായി നടക്കുന്നത് നാണക്കേടാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ജെയ്ഷെ മുഹമ്മദ് താവളങ്ങള്‍ക്ക് നേരെയുള്ള സൈനിക നടപടി ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന ബിഎസ് യെദിയുരപ്പയുടെ പ്രസ്താവനക്കെതിരെയും പ്രതിപക്ഷം രംഗത്തെത്തി.

പുല്‍വാമ ഭീകരാക്രമണവും ഇതിന് തിരിച്ചടിയായി പാക്കിസ്ഥാനിലെ ജെയ്ഷെ മുഹമ്മദ് താവളങ്ങള്‍ ഇന്ത്യന്‍ വ്യോമസേന അക്രമിച്ചതും ബിജെപി രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നലെ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് സംഘര്‍ഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തിലും, പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകുന്നതിനെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്ത് വന്നിരിക്കുന്നത്. പാക് കസ്റ്റഡിയിലുള്ള വൈമാനികന്‍ അഭിനന്ദിന്‍റെ തിരിച്ച് വരവിന് രാജ്യം കാത്തിരിക്കുമ്പോള്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണവുമായി നടക്കുന്നത് നാണക്കേടാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അഭിനന്ദ് ഇപ്പോള്‍ എവിടെയാണെന്ന് രാജ്യത്തോട് സര്‍ക്കാര്‍ തുറന്ന് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി രാജ്യമെമ്പാടുമുള്ള ബിജെപി പ്രവര്‍ത്തകരെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫ്രന്‍സ് വഴി ഇന്ന് അഭിസംബോധന ചെയ്യുന്നുണ്ട്. ഈ പരിപാടി റദ്ദാക്കണമെന്ന് കോണ്‍ഗ്രസിനൊപ്പം ആം ആദ്മി പാര്‍ട്ടിയും ആവശ്യപ്പെട്ടു. അതിനിടെ ജെയ്ഷെ മുഹമ്മദ് താവളങ്ങള്‍ക്കെതിരായ സൈനിക നടപടി രാഷ്ട്രീയമായി ഗൂണം ചെയ്യുമെന്ന് ബിഎസ് യെദിയുരപ്പയുടെ പ്രസ്താവന വിവാദമായി.

Read More: ഇന്ത്യൻ വൈമാനികനെ പാകിസ്ഥാൻ കസ്റ്റഡിയിൽ വെക്കുന്നത് ജെനീവ കരാറിന്റെ ലംഘനമെന്ന് ഇന്ത്യ; എന്താണ് ജെനീവ കരാർ ?

യെദിയുരപ്പയുടെ പ്രസ്താതവന ബിജെപിയുടെ മാനസിക നിലയുടെ തെളിവാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു. അതേസമയം പ്രതിപക്ഷ വിമര്‍ശനങ്ങളെ ബിജെപി തള്ളി. രാജ്യം ഒറ്റ ശബ്ദത്തില്‍ സംസാരിക്കുമ്പോള്‍ അപസ്വരം ഉയര്‍ത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഇത് പാകിസ്ഥാന് സഹായം മാത്രമേ ആകൂ എന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ പരിപാടികള്‍ മാറ്റമില്ലാതെ മുന്നോട്ട് പോകുമെന്നും ബിജെപി അറിയിച്ചു. ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് ഗുജ്റാത്തില്‍ നടക്കാനിരുന്ന പ്രവര്‍ത്തക സമിതി യോഗവും റാലിയും കോണ്‍ഗ്രസ് മാറ്റിവെച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here