ലോക്‌സഭാ തെരഞ്ഞെടുപ്പ്; സിപിഐ സ്ഥാനാർഥികളുടെ പ്രാഥമിക പട്ടികക്ക് ഇന്ന് രൂപമാകും

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സിപിഐ സ്ഥാനാർഥികളുടെ പ്രാഥമിക പട്ടികക്ക് ഇന്ന് രൂപമാകും. സാധ്യതാ പട്ടിക തയാറാക്കാൻ മണ്ഡല പരിധിയിൽ വരുന്ന ജില്ലാ കൗൺസിലുകളുടെ യോഗങ്ങൾ ഇന്നു ചേരും. മൂന്നു പേരുടെ സാധ്യതാ പട്ടിക തയാറാക്കി നൽകാനാണ് ജില്ലാ കൗൺസിലുകൾക്ക് സംസ്ഥാന നേതൃത്വം നൽകിയിരിക്കുന്ന നിർദേശം.
തിരുവനന്തപുരത്ത് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. ജില്ലാ സെക്രട്ടറി ജിആർ അനിൽ എന്നിവരുടെ പേരുകൾ ജില്ലാ നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. മഹിളാ ഫെഡറേഷൻ അഖിലേന്ത്യാ നേതാവ് ആനി രാജ, ബിനോയ് വിശ്വം എംപി സിനിമാ പ്രവർത്തക ഭാഗ്യലക്ഷ്മി എന്നിവരുടെ പേരുകളും സജീവം. സാധ്യതയേറെ ആനി രാജയ്ക്ക്. . തൃശൂരിൽ സിറ്റിങ് എംപി സിഎൻ ജയദേവൻ, മുൻ മന്ത്രി കെപി രാജേന്ദ്രൻ എന്നിവർക്കൊപ്പം മന്ത്രി വിഎസ് സുനിൽകുമാറും പരിഗണനയിലുണ്ട്. മൂന്നു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മാവേലിക്കര മണ്ഡലത്തിലേക്കുള്ള പാനൽ തയാറാക്കാൻ ആലപ്പുഴ,കോട്ടയം,കൊല്ലം ജില്ലാ കൗൺസിലുകൾ ചേരും.
Read Also : ‘ചൂലുകിട്ടിയിരുന്നെങ്കില്‍ മുഖത്തടിച്ചേനെ’; കല്ല്യോട്ട് സിപിഐഎം നേതാക്കള്‍ക്ക് നേരെ സ്ത്രീകളുടെ പ്രതിഷേധം
അടൂർ എംഎൽഎ ചിറ്റയം ഗോപകുമാർ, മുൻ എംപി ചെങ്ങറ സുരേന്ദ്രൻ,യുവനേതാവ് അരുൺകുമാർ എന്നിവരാണ് പരിഗണനാ പട്ടികയിൽ.കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറും പരിഗണനാ പട്ടികയിലുണ്ട്. വയനാട്ടിൽ സത്യൻ മൊകേരി, വിപി സുനീർ എന്നിവരിലൊരാൾ സ്ഥാനാർഥിയാകും. മുൻ എംപി കെഇ ഇസ്മായിലെ പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലാ കൗൺസിലുകളാണ് സ്ഥാനാർത്ഥിയെ നിർദ്ദേശിക്കുക. നാല്, അഞ്ച് തീയതികളിൽ ചേരുന്ന സിപിഐ സംസ്ഥാന കൗൺസിലാകും സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമ അംഗീകാരം നൽകുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here