അഭിനന്ദൻ വർധമാൻ ഇന്ന് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയേക്കും

ഇന്നലെ രാത്രി ഇന്ത്യയിലെത്തിയ വൈമാനികൾ അഭിനന്ദൻ വർധമാൻ ഇന്ന് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയേക്കും. ഡൽഹിയിലെത്തിയ അഭിനന്ദൻ വ്യോമസേന മേധാവിയ്ക്ക് മുന്നിലും ഹാജരാകും. അതേസമയം ജമ്മുകാശ്മീരിലെ നിലവിലുള്ള സാഹചര്യം വിലയിരുത്താൻ പ്രതിരോധമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നത തല യോഗം ചേരും. അതേസമയം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് വെസ്റ്റേൺ റെയിൽവേ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ട് 5. 20 തിന് അഭിനന്ദൻ വർധമാനെ ഔദ്യോഗികമായി ഇന്ത്യക്ക് കൈമാറിയിരുന്നു. തുടർന്ന് അഭിനന്ദന്റെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുകയായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് അഭിനന്ദനെ സ്വീകരിക്കാൻ കാത്തുനിന്നത്.
Read Also : സാഭിമാനം ഈ നിമിഷം; അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യയിലെത്തി (വീഡിയോ)
വൈകീട്ട് അഞ്ചരയോടെ വാഗാ അതിർത്തിയിലായിരുന്നു കൈമാറ്റ ചടങ്ങ്. ബീറ്റിംഗ് റിട്രീറ്റ് നടത്തിയാണ് പാകിസ്ഥാൻ വിങ് കമാൻറർ അഭിനന്ദിനെ ഇന്ത്യക്ക് കൈമാറിയത്. റെഡ് ക്രോസിൻറെ സാന്നിദ്ധ്യത്തിലായിരുന്നു കൈമാറ്റ ചടങ്ങ്. ദേശീയ പതാക വീശിയും നൃത്തം ചവിട്ടിയും മുദ്രാവാക്യം വിളിച്ചും നൂറ് കണക്കിന് ആളുകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഗ അതിർത്തിയിൽ വിങ് കമാൻററെ കാത്ത് നിന്നത്. ഇന്ത്യൻ വ്യോമസേനാ എയർ വൈസ് മാർഷൽമാരായ രവി കപൂറും ആർജികെ കപൂറുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഔദ്യോഗികമായി അഭിനന്ദനെ ഏറ്റുവാങ്ങിയത്.
ലഹോറിൽ പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിക്ക് നേരിട്ടാണ് പാക് സൈന്യം അഭിനന്ദനെ കൈമാറിയത്. വ്യോമസേനയുടെ വലിയ ഒരു സംഘം തന്നെ വിങ് കമാൻററെ സ്വീകരിക്കാൻ വാഗാ അതിർത്തിയിലെത്തിയിരുന്നു. അഭിനന്ദൻറെ കുടുംബാംഗങ്ങളും സ്വീകരണ ചടങ്ങിന് എത്തി. വൻ സുരക്ഷാ സംവിധാനങ്ങളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിരുന്നത്.
ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് നടത്തിയ ശേഷം കൈമാറാമെന്നായിരുന്നു ആദ്യം പാകിസ്ഥാൻ നിലപാട്. സമാധാന സന്ദേശത്തിൻറെ ഭാഗമായി കൂടിയാണ് അഭിനന്ദനെ കൈമാറുന്നതെന്ന സന്ദേശം ലോക രാജ്യങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് പാകിസ്ഥാൻ ശ്രമിച്ചത്. വാഗാ അതിർത്തിയിൽ എല്ലാ ദിവസവും ഇന്ത്യയും പാകിസ്ഥാനും സംയുക്തമായാണ് സാധാരണ പതാക താഴ്ത്തൽ ചടങ്ങ് നടത്താറുള്ളത്.
എന്നാൽ ഭീകരവാദത്തോട് സന്ധിയില്ലെന്ന നിലപാടെടുത്ത ഇന്ത്യ ഇന്നത്തെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here