ഭര്‍ത്താവിന്റെ സഹായത്തോടെ മന്ത്രവാദി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയുമായി വീട്ടമ്മ

ഭര്‍ത്താവിന്‍റെ സഹായത്തോടെ ദുര്‍മന്ത്രവാദി പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയുമായി വീട്ടമ്മ. മലപ്പുറത്താണ് സംഭവം. വീട്ടമ്മയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ദുര്‍മന്ത്രവാദിക്ക് വഴങ്ങാത്തതിന്‍റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും മര്‍ദ്ദിക്കുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു. മലപ്പുറം രണ്ടത്താണി സ്വദേശിയായ യുവതിയാണ് പരാതിക്കാരി. വളാഞ്ചേരി പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.
കൊണ്ടോട്ടിയിലുള്ള ദുര്‍മന്ത്രവാദിയാണ് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഭര്‍ത്തൃവീട്ടുകാരും ഭര്‍ത്താവുമെല്ലാം ഇയാളെ അന്ധമായി വിശ്വസിക്കുകയാണ്. ഇയാള്‍ പറയുന്നത് അനുസരിച്ചാണ് എല്ലാം ചെയ്യുന്നത്. ഇവരുടെ പുതിയ വീട്ടില്‍ ഒരു മുറി തന്നെ മന്ത്രവാദിയ്ക്കായി മാറ്റി വച്ചിരിക്കുകയാണെന്നും യുവതി പറയുന്നു. താൻ ദുര്‍മന്ത്രവാദിയുടെ ലൈംഗിക താത്പര്യത്തിന് വഴങ്ങിക്കൊടുത്താല്‍ വലിയ ധനലാഭം ഉണ്ടാകുമെന്ന് ഭര്‍ത്താവിനെ വിശ്വസിപ്പിച്ചിരിക്കുന്നത്. ഈ കാരണം ചൂണ്ടിക്കാണിച്ചാണ് പീഡനത്തിന് ഭര്‍ത്താവ് കൂട്ടുനില്‍ക്കുന്നതെന്നും വഴങ്ങിക്കൊടുക്കാത്തതിനാല്‍ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കുകയാണെന്നും യുവതി പറയുന്നു.
മര്‍ദ്ദനത്തില്‍ കൈക്ക് പരിക്കേറ്റ യുവതി വളാഞ്ചേരിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here