Advertisement

ഐടിഐ വിദ്യാർത്ഥിയുടെ കൊലപാതകം; ജയില്‍ വാര്‍ഡനെതിരെ വേറെയും നിരവധി കേസുകള്‍

March 3, 2019
1 minute Read

ഐടിഐ വിദ്യാർത്ഥിയായ രഞ്ജിത്തിന്‍റെ കൊലപാതകത്തിലെ പ്രതിയായ ജയിൽ വാർഡൻ വിനീതിനെതിരെ മുന്‍പും കേസുകള്‍ ഉണ്ടായിരുന്നതിന് തെളിവ്. അടിപിടിക്കേസുകളാണ് വിനീതിനെതിരെ ഉണ്ടായിരുന്നത്.  തെക്കുംഭാഗം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ഒത്തുതീർപ്പിലെത്തുകയായിരുന്നു.

കൊല്ലം തേവലക്കരയിൽ വിദ്യാർത്ഥിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ച് കൊന്ന കേസിൽ ജയിൽ വാർഡൻ വിനീതിനെതിരെ അന്ന് തന്നെ രഞ്ജിത്തിന്‍റെ കുടുംബം ചവറ തെക്കും ഭാഗം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും പൊലീസ് സ്റ്റേഷന്‍റെ തൊട്ടടുത്ത് വീടുള്ള വിനീതിനെ അറസ്റ്റ് ചെയ്തില്ലെന്നും കുടുംബം ആരോപിക്കുന്നു.

പൊലീസ് മൊഴിയെടുക്കാൻ പോലും തയ്യാറായില്ലെന്ന് മാത്രമല്ല, കൌണ്ടർ കേസ് ഫയൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പൊലീസ് ഒത്തുതീർപ്പിന് കുടുംബത്തെ സമീപിച്ചതായും രഞ്ജിത്തിന്‍റെ അച്ഛൻ വെളിപ്പെടുത്തിയിട്ടുണ്ട്.  അടിയേറ്റ് ആന്തരിക രക്തസ്രാവം മൂലം രഞ്ജിത്ത് മരണമടഞ്ഞ ശേഷമാണ് വിനീതിനെതിരെ പൊലീസ് കേസെടുത്തത്.

Read More: കൊല്ലത്ത് വിദ്യാര്‍ത്ഥി മര്‍ദ്ദനമേറ്റ് മരിച്ച സംഭവം; ചവറ സിഐ ചന്ദ്രദാസിന് അന്വേഷണ ചുമതല

രഞ്ജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ ജയില്‍ വാര്‍ഡന്‍ വിനീതിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. രഞ്ജിത്തിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി മര്‍ദ്ദിച്ചത് വിനീതായിരുന്നു. ഈ മാസം പതിനാലിനാണ് സംഭവം. ബന്ധുവായ പെണ്‍കുട്ടിയെ ശല്യം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ ആദ്യം കൊല്ലം താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് തിരുവനന്തപുരത്തെ ആശുപത്രിയിലെ തീവ്രപരിചരണാ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ചയാണ് രഞ്ജിത് മരിച്ചത്. ആളുമാറിയാണ് വിനീത് രഞ്ജിത്തിനെ മര്‍ദ്ദിച്ചതെന്ന് പിന്നീട് വ്യക്തമായിരുന്നു.

അറസ്റ്റിലായതിന് പിന്നാലെ വിനീതിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജയില്‍ ഡിജിപിയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top